27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്നുവെന്ന വാര്‍ത്ത സിനിമ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘മഹാരാജ്ഞി- ക്വീന്‍ ഓഫ് ക്വീന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പ്രഭുദേവയുടെ ആക്ഷന്‍ രംഗത്തിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. സംയുക്ത മേനോന്, കജോള്‍, നസ്റുദ്ദീന്‍ ഷാ തുടങ്ങിയവരേയും ടീസറില്‍ കാണാം. കജോളിന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ പ്രധാന ഹൈലൈറ്റ്. തെലുങ്ക് സംവിധായകന് ചരണ്‍ തേജ് ഉപ്പളപതിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചരണ്‍ തേജിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. നടന് അജയ് ദേവ്ഗണ് ആണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ജിഷു സെന്‍ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.