മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. എറണാകുളത്തും കൊല്ലത്തും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ആലുവയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് എറണാകുളം കാക്കനാട് കീലേരി മലയിലെ പത്തു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ആലുവ എറണാകുളം റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെറുവാഹനങ്ങൾ പലയിടത്തും കുടുങ്ങി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ പെയ്ത്തുവെള്ളത്തോടൊപ്പം കാനയിൽ നിന്നുള്ള മലിനജലവും കെട്ടിക്കിടക്കുകയാണ്. കാസർകോട്ട് ശക്തമായ മഴയിലും കാറ്റിലും പുലിമുട്ടിലിടിച്ച് ബോട്ട് പൂര്‍ണമായി തകർന്നു. നീലേശ്വരം തൈക്കടപ്പുറത്ത് പുഴയിൽ നങ്കൂരമിട്ട മടക്കര സ്വദേശി ശ്രീനാഥിന്റെ കാർത്തിക എന്ന ബോട്ടാണ് തകർന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി.