ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തളളി. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത മദ്യനയകേസിൽ ജാമ്യം തേടിയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. സിസോദിയ ഗുരുതരമായ അധികാര ദുർവിനിയോഗവും വിശ്വാസ വഞ്ചനയും കാട്ടിയെന്ന് കേസിൽ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ നിർദേശങ്ങളും സിസോദിയ പരിഗണിച്ചില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിലുണ്ട്.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തതായി മന്ത്രി അറിയിച്ചു.
കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോഗ്യ മന്ത്രി. മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചു. പ്രിൻസിപ്പാൾ മാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം നാളെ യോഗത്തിനെത്തണം.
ഇ.പി. ജയരാജനെ ട്രെയിനിൽ സഞ്ചരിക്കവെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1995 ഏപ്രിൽ 12 ന് ചണ്ഡിഗഡിൽ നിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ഇ.പി ജയരാജൻ ആക്രമണത്തിനിരയായത്. ഗൂഢാലോചന കുറ്റമാണ് കെ.സുധാകരനെതിരെയുണ്ടായിരുന്നത്.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് നാട് കണ്ണീരോടെ വിട നൽകി. കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിനോട് ചേർന്നൊരുക്കിയ കബറിടത്തിൽ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു കബറടക്കം.
സംസ്ഥാനത്തെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.ഡി സതീശന്‍ കത്ത് നല്‍കി. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18 ശതമാനം ജി.എസ്.ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്‌സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി.
ഹയർ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റത്തിൽ സർക്കുലർ ഇറക്കിയതിൽ ക്ഷമാപണവുമായി ഹയർസെക്കന്ററി ഡയറക്ടർ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹയർസെക്കണ്ടറി ഡയറ്കടർ സത്യവാങ്മൂലം നൽകി. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയുള്ള ട്രൈബ്യൂണൽ ഉത്തരവ് മറികടക്കാൻ സർക്കാർ സർക്കുലർ ഇറക്കിയത്കോടതിയലക്ഷ്യമാണെന്ന് ഡയറക്ടറെ വിളിച്ചു വരുത്തി ട്രിബ്യൂണൽ അറിയിച്ചതോടെ സർക്കുലർ സർക്കാർ പിൻവലിക്കുകയും ചെയ്തു.
അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ ഉയരണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തമിഴ്‌നാട്ടില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ രമ്യയെന്ന യുവതി ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ആര്യയുടെ പ്രതികരണം.
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അന്വേഷണത്തിന് നിർദ്ദേശം നൽകി . ഫോർട്ട് കൊച്ചി സബ്കളക്ടർക്കാണ് അന്വേഷണ ചുമതല. സംയുക്ത അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കളക്ടർ നിർദേശം നൽകി. കർഷകർക്കുള്ള നഷ്ടപരിഹാരത്തിലും ഉടൻ തീരുമാനം ഉണ്ടാകും.
തിരുവനന്തപുരം ജില്ലയിൽ ഉണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാൽ, കല്ലിയൂർ, പൂഴിക്കുന്ന്, കമുകിൻതോട്, കാഞ്ഞിരംകുളം, പാറശ്ശാലസ ഉച്ചക്കട എന്നീ സെക്ഷൻ പരിധികളിൽ മരങ്ങൾ ലൈനുകൾക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകൾ ലൈനിൽ പതിച്ചും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും, സ്‌കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചതായി വനിതാ കമ്മീഷനിൽ പരാതി. ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികൾ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമായി . തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് ‘പോഷ്’ ആക്ട് അനുശാസിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പരാതി കേട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
ബോംബുണ്ടാക്കുന്നവര്‍ക്ക് സ്മാരകം പണിത് അത് പാര്‍ട്ടി സെക്രട്ടറി തന്നെ ഉദ്ഘാടനം ചെയ്യുന്ന കലികാലമാണിത്, ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ 8 വര്‍ഷത്തെ ഭരണത്തിന്‍റെ ആകെത്തുകയെന്ന് കെ സുധാകരന്‍ പറഞ്ഞു.
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മഴ പെയ്തപ്പോൾ കയറി നിന്ന കടയുടെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരൻ മരിച്ചത്. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിന്‍റ്മെന്‍റ് നടത്താൻ കോടതി നിർദ്ദേശം നല്‍കി. 6 ആഴ്ച ക്കുള്ളിൽ നാമനിര്‍ദേശം നടത്താനും ചാൻസലർ കൂടിയായ ഗവര്‍ണറോട് കോടതി നിർദേശിച്ചു. എന്നാൽ സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.
കേരളത്തിലെ സർവ്വകലാശാലകളിൽ ചാൻസലറുടെ ഭാഗത്തു നിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകൾ നിരന്തരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കിയ കോടതി നടപടി ചാൻസലര്‍ ആരിഫ് മുഹമ്മദ് ഖാനേറ്റ തിരിച്ചടിയെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങൾ സൃഷ്ടിക്കൽ നിർത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു.
കാലിക്കറ്റ് സർവകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പിൽ, റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം നൽകി. സ്ഥാനാര്‍ത്ഥികളായ പത്രിക നൽകിയ പ്രൊഫ.പി.രവീന്ദ്രൻ, പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് നിര്‍ദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കാനും ഗവർണർ സർവകലാശാലക്ക് നിർദ്ദേശം നൽകി.
കെ എസ് ആർടിസി ഡ്രൈവർ യദു ലൈഗിംകാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി എടുത്തത്. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ശ്രമം.
തിരുവനന്തപുരത്തു മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാൻ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മാണം പുരോഗമിക്കുന്ന റോഡുകള്‍ ജൂണ്‍ 15നുള്ളില്‍ സഞ്ചാരയോഗ്യമാക്കുമെന്നും യോഗത്തിൽ തീരുമാനമായി. 10 റോഡുകളിലാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും, ജോലികള്‍ വേഗത്തിലാക്കി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ആരോപിച്ച് നമ്പി രാജേഷിൻ്റെ വിധവ അമൃത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നാണ് ആവശ്യം. അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിന് അരികിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം മൂലം അമൃതയ്ക്ക് എത്താനായിരുന്നില്ല. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥര്‍ പക്ഷെ പിന്നീട് പ്രതികരിക്കുന്നില്ല എന്നാണ് നമ്പി രാജേഷിന്റെ കുടുംബം പറയുന്നത്.
ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാന്‍ഡിങ്ങും എക്‌സ് എന്നാക്കിയെങ്കിലും ഡൊമെയിന്‍ Twitter.com എന്ന തന്നെയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോൾ ട്വിറ്റര്‍ പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് കമ്പനി തലവന്‍ എലോണ്‍ മസ്‌ക് അറിയിച്ചു. ഇപ്പോള്‍ x.com എന്ന ഡൊമെയിനിലാണ് എക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണവിലക്കേർപ്പെടുത്തി. ഇന്ന് വൈകിട്ട് 5 മണിമുതൽ 24 മണിക്കൂർ നേരത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ വിലക്ക്ഏർപ്പെടുത്തിയിരിക്കുന്നത്. അഭിജിത്ത് ഗംഗോപാധ്യായ മമത ബാനർജിക്കെതിരെ നടത്തിയ പരാമർശം വൻവിവാദമായിരുന്നു. പരാമർശത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു.
ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. എത്ര പേര്‍ക്ക് പരിക്കേറ്റെന്ന കാര്യത്തില്‍ കൃത്യമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല.
രാജ്യസഭാ എം.പി സ്വാതി മാലിവാള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ വെച്ച് അതിക്രമത്തിന് ഇരയായെന്ന വിവാദത്തില്‍ പ്രതികരിച്ച് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേന. കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം അവര്‍ അനുഭവിക്കുന്നതെന്ന് വി.കെ സക്‌സേന പറഞ്ഞു. സക്‌സേനയുടെ പ്രതികരണത്തോടെ സംഭവത്തില്‍ ബിജെപി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എ.എ.പിയും പ്രതികരിച്ചു.