അരുണ്‍ വെണ്‍പാല സംവിധാനം ചെയ്യുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ‘കര്‍ണിക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കഥയും സംവിധാനവും സംഗീത സംവിധാനവും നിര്‍വഹിക്കുന്നതും അരുണ്‍ വെണ്‍പാല തന്നെയാണ്. കവിത, സംവിധാനം, ചലച്ചിത്ര നിര്‍മ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാന്‍ മംഗലശ്ശേരി, പ്രിയങ്ക നായര്‍ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തില്‍ ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു. സ്‌കൂളുകളിലും കോളേജുകളിലും സിനിമായോട് അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ടാലെന്റ് ക്ലബുകളിലെ അംഗങ്ങള്‍ക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാന്‍സ് ,പോസ്റ്റര്‍ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ്. വിജയികള്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തില്‍ അവസരവും ലഭിക്കും. ഒറ്റപ്പാലം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.