Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ രാം ലല്ല വീണ്ടും ടെന്‍റിനുള്ളിലാകുമെന്നും രാമക്ഷേത്രം തച്ചുടയ്ക്കുമെന്നും ഉത്തര്‍പ്രദേശിലെ ബാറാബങ്കിയില്‍ നടന്ന റാലിയില്‍ സംസാരിക്കവെ നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്നും മോദി പറഞ്ഞു. എന്‍ഡിഎ രാജ്യത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യ സഖ്യം അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണെന്നും തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം ചീട്ടുകൊട്ടാരം പോലെ തകരുമെന്നും മോദി പറഞ്ഞു.

ഡൽഹി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത് ഇഡി. ആദ്യമായാണ് ഒരു അഴിമതി കേസില്‍ രാഷ്ട്രീയ പാര്‍ട്ടിയേയും പ്രതി ചേര്‍ക്കുന്നത്. സുപ്രീംകോടതിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.അഴിമതി പണം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണ ഏജന്‍സിക്കാവശ്യപ്പെടാനാകും.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഡിസിസി ഓഫീസിൽ നടന്ന പരിപാടിയ്ക്കിടെ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ ബൂത്ത് കമ്മിറ്റികൾക്ക് കൊടുക്കാൻ നൽകിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയത് ആരെയും വെറുതെ വിടുന്ന പ്രശ്നമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയായ രാഹുലിനെ ഇൻ്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാൻ കേരള പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടി. രാഹുൽ ജര്‍മ്മൻ പൗരത്വം നേടിയ ആളായതിനാൽ ഇയാളെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം കേസിൽ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിനെതിരെ പ്രതിയെ നാട് കടക്കാൻ സഹായിച്ചതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ല, അന്ന് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാൻ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍. എന്നാൽ സംഭവം വിവാദമായതോടെ താൻ ഉമ്മൻചാണ്ടിയോട് കാണിച്ച അനീതിയെ കുറിച്ചാണ് പുസ്തകത്തില്‍ എഴുതാൻ ശ്രമിച്ചതെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാം അത് വിവാദമാകുന്നതെന്നും ജോസഫ് മുണ്ടക്കയം പ്രതികരിച്ചു.

കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ സോളാർ സമരകാലത്ത് നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ.കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാനും യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു അന്നത്തെ നീക്കം.ഇത് പൊളിഞ്ഞതോടെ സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നു. ഇപി ജയരാജനും താനുമാണ്, കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.  മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശവുമായി തന്നെ സമീപിച്ചത് പിസി ജോർജാണ് .പിണറായി വിജയൻ ഫോണിൽ കെ എം മാണിയുമായി അന്ന്സംസാരിച്ചു.സോളാ‍ർ സമരം തുടങ്ങിയ അന്ന് രാത്രിയാണ് നീക്കം നടന്നതെന്നും നന്ദകുമാർ  പറഞ്ഞു.

ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഉത്തരവ് പ്രകാരം ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു.ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനടക്കം ക്നാനായ യാക്കോബായ സമുദായംഗങ്ങൾ സ്വീകരണം നൽകി, അമേരിക്കയിൽ ക്നാനായ വിഭാഗത്തിന്റെ പള്ളികളിൽ ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ത്ഥന നടത്തി തുടങ്ങിയ കാരണങ്ങളാണ് സസ്പെൻഷനു കാരണം.

ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍  ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും.  യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയില്‍, നിര്‍ദ്ദേശങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയാണ് ടെസ്റ്റ് പുനരാരംഭിക്കാന്‍ തീരുമാനമായതെന്നും  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

പാലക്കാട് തെങ്കരയിൽ മൂന്നിലും നാലിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ കാലാവസ്ഥയിൽ വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു എന്ന്മന്ത്രി വീണ ജോർജ്. വെസ്റ്റ് നൈല്‍ ബാധിച്ച് പതിമൂന്നുകാരി മരിച്ച കേസില്‍ പുനെയിലെ വൈറോളജി ലാബില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും 10 വെസ്റ്റ് നൈല്‍ പനി കേസുകള്‍ ഉറപ്പായതാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഇന്നലെ  നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി . 12 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ളഭക്ഷ്യ ഉല്പാദകർക്ക് ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷൻ നൽകുന്നു എന്നതടക്കം നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു.ക്രമക്കേടുകളെ പറ്റി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ്‌കുമാർഐപിഎസ്-അറിയിച്ചു.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടില്ലെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് അന്തരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ച്മന്ത്രി വി ശിവന്‍കുട്ടി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ മൂലമാണ് ഭാര്യ അമൃതയ്ക്ക് ഭര്‍ത്താവ് രാജേഷിനെ അവസാനമായി കാണാനുള്ള അവസരം നഷ്ടമായതെന്ന് കത്തിലൂടെ മന്ത്രി അറിയിച്ചു.

തിരുവനന്തപുരം ചാക്കയിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം. ദക്ഷിണ വ്യോമസേനാ ആസ്ഥാനമാണ് വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഹോട്ടലിൽ വച്ച് ഉണ്ടായ സംഘർഷത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായാണ് ദക്ഷിണ വ്യോമസേന ആസ്ഥാനം അറിയിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെയും,ക്രഷറുകളും സംബന്ധിച്ച വിവരങ്ങള്‍, പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാമെന്ന്ജില്ലാ കളക്ടര്‍. ക്രമക്കേടുകള്‍ തടയാൻ ജില്ലാ ഭരണകൂടം കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സിപിഎം കോൺഗ്രസിന് വേണ്ടി സോളാർ കേസ് ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തൽ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ തെളിവാണെന്ന് കെ സുരേന്ദ്രൻ. സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സി പി എം ശ്രമിച്ചത്. അധികാരത്തിലേറിയപ്പോൾ പിണറായി വിജയനും സംഘവും പതിവ് കലാപരിപാടിയായ ഒത്തുതീർക്കൽ പദ്ധതി നടപ്പിലാക്കിയെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സോളാര്‍ സമരം വിഎസിന്‍റെ വാശിയായിരുന്നു, ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു,സമരം അവസാനിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് സിപിഎം അണികളെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *