റോള്‍സ് റോയ്സ് ഗോസ്റ്റിന്റെ ആഡംബരത്തില്‍ മിയാമി പൊലീസ് സേന. വാഹനങ്ങളുടെ നിരയിലേക്ക് ഗോസ്റ്റിന്റെ അത്യാഡംബരം എത്തിയ വിവരം മിയാമി പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മിയാമിയിലെ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡീലര്‍മാരായ ബാമന് മിയാമിയുടെ വാഹനമാണ് പൊലീസ് സേനയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി എത്തിച്ചത്. എന്നാല്‍ എത്രകാലത്തേയ്ക്കാണ് വാഹനം പൊലീസ് സേനയുടെ ഭാഗമാകുക എന്ന് വ്യക്തമല്ല. ആദ്യ തലമുറ സീരിസില്‍ ഉള്‍പ്പെട്ട രണ്ടാം മോഡല്‍ റോള്‍സ് റോയ്സ് ഗോസ്റ്റ് ആണ് മിയാമി പൊലീസിന്റേത്. എഫ് 01 ബിഎംഡബ്ല്യു 7 സീരീസിന്റെ പ്ലാറ്റ്ഫോം ആണ് ഈ വാഹനത്തിന്റെ അടിസ്ഥാനം. സ്റ്റാര്‍ ലൈറ്റുകളുള്ള റൂഫ്, റോള്‍സ് റോയ്സ് ഫാന്റത്തിന്റെ എയര്‍ സ്പ്രിങ് സസ്പെന്ഷന്, ഫ്ളക്സ് റേ ഇലക്ട്രോണിക് സിസ്റ്റം എന്നിവ ഈ മോഡല്‍ ഗോസ്റ്റിലുണ്ട്. റോള്‍സ് റോയിസിന്റെ 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് ഗോസ്റ്റിനു കരുത്തു പകരുന്നത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി പെയര്‍ ചെയ്തിരിക്കുന്ന എന്‍ജിന്റെ കരുത്ത് 571 ബിഎച്ച്പിയും ടോര്‍ക്ക് 850 എന്‍എമ്മുമാണ്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.3 സെക്കന്‍ഡ് മതിയാകും. ഉയര്‍ന്ന വേഗം 250 കിലോമീറ്ററാണ്.