പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രം മെയ് 16ന് റിലീസാകുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ ഒരുവിധം എല്ലാ താരങ്ങളും ഈ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘കെ ഫോര്‍ കല്യാണം’ എന്ന ഗാനം പുറത്തുവിട്ടിരുന്നു. കല്യാണപ്പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോനാണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് മിലന് ജോയ്, അരവിന്ദ് നായര്‍, അമല്‍ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിന് ആര്യന്, സോണി മോഹന്‍, അവനി മല്‍ഹാര്‍, ഗായത്രി രാജീവ് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.