ടിവിഎസ് മോട്ടോര്‍ കമ്പനി നിലവില്‍ അതിന്റെ ഉല്‍പ്പന്ന നിരയില്‍ എക്സ്, ഐക്യൂബ് എന്നീ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകള് വാഗ്ദാനം ചെയ്യുന്നു. എക്സ്, ഐക്യൂബ് എന്നിവയ്ക്ക് യഥാക്രമം 2,49,990 രൂപയും 1,26,007 രൂപയും വിലയുണ്ട്. ഇപ്പോഴിതാ, ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്, ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗങ്ങളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ മോഡല്‍ ലൈനപ്പ് അധിക വേരിയന്റുകളോടെ ഉടന്‍ വിപുലീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഐക്യൂബ് വേരിയന്റുകളില്‍ വ്യത്യസ്ത ബാറ്ററി കപ്പാസിറ്റികള് അവതരിപ്പിക്കുകയും വ്യത്യസ്ത വില പോയിന്റുകളില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യും. നിലവില്‍, ഐക്യൂബ് 4.4കിലോവാട്ട്അവര്‍ ഇലക്ട്രിക് മോട്ടോറിനൊപ്പം ലഭ്യമാണ്, പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 78 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.