പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന എഡ്യൂടെക് കമ്പനിയായ ബൈജൂസിന് കുരുക്കായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ പരാതി. ബൈജൂസിനെതിരേ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി. ബൈജു രവീന്ദ്രന്റെ കമ്പനിക്കെതിരേ പാപ്പരത്വ നടപടികള്‍ തുടങ്ങണമെന്നാണ് ആവശ്യം. ലോ ട്രൈബ്യൂണല്‍ ബൈജൂസിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഓപ്പോയും ബൈജൂസും തമ്മിലുള്ള ഇടപാട് എന്താണെന്നോ എത്രമാത്രം വലിയ തുകയ്ക്കാണ് ലോ ട്രൈബ്യൂണലിനെ സമീപിച്ചതെന്നോ വ്യക്തമല്ല. ഓപ്പോയുടെ ഹര്‍ജി മേയ് അവസാന ആഴ്ച മാത്രമേ ലോ ട്രൈബ്യൂണല്‍ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ഓപ്പോയെ കൂടാതെ മറ്റ് രണ്ട് കമ്പനികളില്‍ നിന്ന് കൂടി കഴിഞ്ഞയാഴ്ച സമാന നടപടി ബൈജൂസ് നേരിടുന്നുണ്ട്. യു.എസ് പബ്ലിഷിംഗ് കമ്പനിയായ മാക്ഗ്രോ ഹില്‍ എഡ്യൂക്കേഷന്‍, കോഗ്നെന്റ് ഇ-സര്‍വീസ് എന്നിവരാണ് ലോ ബോര്‍ഡിനെ സമീപിച്ച മറ്റു രണ്ട് കമ്പനികള്‍. ഒപ്പോയുടെയും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം ഏഴു കമ്പനികളാണ് ബൈജൂസിനെതിരേ പാപ്പരത്വ നടപടികള്‍ക്കായി നിയമപോരാട്ടം നടത്തുന്നത്. ഫെബ്രുവരിയിലെയും മാര്‍ച്ചിയിലെയും ശമ്പളവിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ബൈജൂസ് പുതിയ പരിഷ്കാരം ഇതിനിടെ കൊണ്ടുവന്നിട്ടുണ്ട്.