പ്രേക്ഷകപ്രീതി നേടിയ സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രം ‘അപ്പന്‍’ന് ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യിലെ പ്രോപ്പര്‍ട്ടി പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കുള്ളത്ര തന്നെ പ്രാധാന്യം പ്രോപ്പര്‍ട്ടികള്‍ക്കും ഉണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്‌സ്’ എന്ന ബസ്സിന്റെ ഫോട്ടോയും കൂട്ടത്തിലുണ്ട്. ‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ മജു തന്നെയാണ് തയ്യാറാക്കിയത്. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. മെയ് മാസത്തില്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്.