S2 yt cover 2

https://dailynewslive.in/ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാനും ഉള്ളടക്കം എഴുതി നല്‍കാനും ബന്‍സ്വാര ഇലക്ട്രല്‍ ഓഫീസറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പരാമര്‍ശത്തിനെതിരെ പരാതി നല്‍കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളാരംഭിച്ചത്.

https://dailynewslive.in/ പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പരാമര്‍ശമാണ് നരേന്ദ്ര മോദി നടത്തിയതെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രധാനമന്ത്രിക്കുള്ളതെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ നടപടിയെടുക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നടക്കുന്നത് ഒരു നിഷ്പക്ഷ തിരെഞ്ഞെടുപ്പാണ്, ഹേറ്റ് ക്യാമ്പയിന്‍ അല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വരെയായിട്ടും യാതൊരു നടപടിയും എടുത്ത് കാണുന്നില്ലെന്നും കമ്മീഷന്‍ എന്ത് നടപടി എടുക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

https://dailynewslive.in/ മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നുവെന്നും വിഭജനം എക്കാലത്തും കോണ്‍ഗ്രസിന്റെ അജണ്ടയാണെന്നും, കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നതെങ്കില്‍ തീവ്രവാദം തഴച്ചു വളരുമായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മുസ്ലിം വിഭാഗങ്ങളിലുള്ളവരെ മോദി സംരക്ഷിക്കുകയാണ് എന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും മികച്ച വിജയം നേടുമെന്നും ഭരണഘടന ചര്‍ച്ച ചെയ്ത് മാറ്റുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെ പി വി അന്‍വര്‍ എം എല്‍ എ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്നുമാത്രമേ വിളിക്കാനാവൂവെന്നായിരുന്നു പരാമര്‍ശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത്ര മ്ലേച്ചമായി സംസാരിക്കാന്‍ ഒരു എംഎല്‍എക്ക് എങ്ങനെ കഴിയുന്നു. രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് പിണറായി വിജയനാണ്. അന്‍വറിനെ സിപിഎം കയറൂരി വിട്ടിരിക്കുകയാണോയെന്നും വേണുഗോപാല്‍ ചോദിച്ചു.

https://dailynewslive.in/ രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും, ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകളെന്നും ഹസന്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അന്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുള്ള പി.വി.അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍ക്കണമെന്നും, രാഹുലിനെതിരെ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഹുലിന്റെ രാഷ്ട്രീയ നിലപാട് കണ്ടിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എ.എയില്‍ രാഹുലിന് മറുപടി ഇല്ല. ഇവിടെയാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ നിലവാരം അന്‍വറിനേക്കാള്‍ താഴെയാണെന്ന് കെ സുധാകരന്‍. ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളത് കൊണ്ട് പറഞ്ഞതാണ്. അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും ഡോക്ടറെ കാണിക്കുന്നത് നല്ലതാണെന്നും ഇല്ലെങ്കില്‍ അത് വര്‍ധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. പിവി അന്‍വര്‍ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണെന്നും വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണെന്നും അന്‍വറില്‍ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ ആഫ്രിക്കന്‍ രാസ ലഹരിക്കടിമപ്പെട്ട ഒരു അധമന്റെ ജല്‍പനം ആയിട്ടാണ് അന്‍വറിന്റെ പ്രസ്താവന കാണുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പ്രതികരിച്ചു. സ്വന്തം പിതാവിന്റെ പിതൃത്വത്തെ പോലും ചോദ്യം ചെയ്യാന്‍ മടിക്കാത്ത ആളാണ് അന്‍വര്‍. അന്‍വറിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകും. അന്‍വര്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളില്‍ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണമെന്നും, തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെ കേസ് എടുത്തു. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അനസ് നല്‍കിയ പരാതിയില്‍ പേരാമ്പ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്.

https://dailynewslive.in/ വടകരയിലെ അശ്ലീല വീഡിയോ വിവാദം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാകും നടന്നതെന്ന് ഷാഫി പറമ്പില്‍. അതുകൊണ്ടാണ് സ്ഥാനാര്‍ഥി തന്നെ വീഡിയോ ഇല്ലെന്നു പറഞ്ഞിട്ടും വീഡിയോ ഉണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. കെ കെ ശൈലജയോട് തനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. എന്നാല്‍ താന്‍ അറിയാത്ത കാര്യത്തില്‍ വ്യാജ പ്രചാരണം നടന്നതുകൊണ്ടാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്നും ഷാഫി പറഞ്ഞു. പിണറായി വിജയന്‍ പി വി അന്‍വറിന്റെ നിലവാരത്തിലേക്ക് താഴ്ന്നുവെന്നും അന്‍വറിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഷാഫി പ്രതികരിച്ചു.

https://dailynewslive.in/ തനിക്കെതിരെയുണ്ടായ സൈബര്‍ അധിക്ഷേപത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറയില്ലെന്ന് കെ കെ ശൈലജ. താന്‍ ഒരിക്കലും വാക്കു മാറ്റി പറഞ്ഞിട്ടില്ല. മുന്‍പ് പറഞ്ഞത് കേട്ട് നോക്കിയാല്‍ മനസ്സിലാകും. ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി.

https://dailynewslive.in/ തിരുവനന്തപുരത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാല്‍ ഇനി വിഷയം തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ പത്രിക സ്വീകരിച്ചെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

https://dailynewslive.in/ തൃശൂര്‍ പൂരത്തിനുള്ള ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ആനകളുടെ അടുത്ത് നിന്നും പാപ്പാന്മാരെ പിന്‍വലിച്ചതിനാല്‍ സംഘത്തിന്റെ ജീവന് തന്നെ ഭീഷണി ഉണ്ടായെന്നാണ് അമിക്കസ് ക്യൂറി ടി സി സുരേഷ് മേനോന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതി വൈകാതെ തന്നെ പരിഗണിക്കും.

https://dailynewslive.in/ അനില്‍ ആന്റണിക്കും, ശോഭാ സുരേന്ദ്രനുമെതിരെ ആരോപണങ്ങളുമായി ദല്ലാള്‍ ടി ജി നന്ദകുമാര്‍. അനില്‍ ആന്റണി നിയമനത്തിനായി ഇടപെട്ട സിബിഐ സ്റ്റാന്റിങ് കൗണ്‍സിലിന്റെ ഇന്റര്‍വ്യൂ കോള്‍ ലെറ്ററിന്റെ പകര്‍പ്പ് കൈയ്യിലുണ്ടെന്ന് ദല്ലാള്‍ ടി ജി നന്ദകുമാര്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അനില്‍ ആന്റണി 25 ലക്ഷം രൂപയാണ് പണമായി വാങ്ങിയതെന്നും കാര്യം നടക്കാതായതോടെ ഈ തുക തിരികെ ആവശ്യപ്പെട്ടുവെന്നും അഞ്ച് ഗഡുക്കളായാണ് പണം തിരികെ നല്‍കിയതെന്നും നന്ദകുമാര്‍ വ്യക്തമാക്കി. ശോഭാ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നല്‍കിയിരുന്നു. അക്കൗണ്ട് വഴിയാണ് തുക നല്‍കിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നല്‍കിയിട്ടില്ലെന്നും നനന്ദകുമാര്‍ വ്യക്തമാക്കി.

https://dailynewslive.in/ താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ദേശീയ നേതാവിനും പങ്കുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നല്‍കും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.

https://dailynewslive.in/ കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ഇന്നും ചോദ്യംചെയ്യലിന് ഹാജരായില്ല. തിരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പിനുശേഷം ഹാജരാകാമെന്ന് വര്‍ഗീസ് ഇ.ഡിയെ അറിയിച്ചു.

https://dailynewslive.in/ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ. പുനരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ തീരുമാനം. രേഖകളും തെളിവുകളും കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. അടുത്തമാസം മൂന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും. എല്ലാ സാധ്യതകളും പരിശോധിക്കാതെയാണ് സി.ബി.ഐ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കേസ് അവസാനിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജെസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചത്.

https://dailynewslive.in/ സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ടിന് ആരംഭിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

https://dailynewslive.in/ അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം ലഭിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

https://dailynewslive.in/ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ബൂത്ത് ലെവല്‍ ഓഫീസര്‍ പാലാ ടൗണിലെ അങ്കണവാടി വര്‍ക്കറായിരുന്ന കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍തൊട്ടിയില്‍ പി.ടി ആശാലത മരിച്ചു. പാലാ നിയമസഭാ മണ്ഡലത്തിലെ 126-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആയിരുന്നു. ശനിയാഴ്ച വൈകുന്നേരം റോഡിനു കുറുകെ കടക്കുമ്പോള്‍ കാറിടിച്ച് പരിക്കേല്‍ക്കുകയായിരുന്നു.

https://dailynewslive.in/ തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു.

https://dailynewslive.in/ മക്കയില്‍ ഉംറ നിര്‍വഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എന്‍.കെ മുഹമ്മദ് എന്ന വാപ്പു ആണ് മരിച്ചത്. ഉംറ നിര്‍വ്വഹിക്കുന്നതിനിടെ ഹറമിനകത്ത് പ്രദക്ഷിണ മുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

https://dailynewslive.in/ കൊവിഡ് വാക്‌സിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതന്‍ കുത്തിവയ്‌പെടുത്തത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്‌കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

https://dailynewslive.in/ എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതരും പൊലീസും അറിയിച്ചു. കൂടാതെ ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

https://dailynewslive.in/ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇറക്കിയ ട്രെയിലറിലെ ഏതെങ്കിലും ഭാഗം സിനിമയില്‍ ഉള്‍പ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്നും, അത് സിനിമ അണിയറക്കാരുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബോളിവുഡ് സിനിമയായ ഫാനിന്റെ ട്രെയിലറിലെ ഒരു ഗാനം സിനിമയില്‍ ഒഴിവാക്കിയതിനെതിരെ സ്‌കൂള്‍ അധ്യാപിക നല്‍കിയ കേസില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനെതിരെ 10,000 രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാല്‍ അതില്‍ യാഷ് രാജ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധി.

https://dailynewslive.in/ പതഞ്ജലി കോടതിയലക്ഷ്യക്കേസില്‍ ഖേദം പ്രകടിപ്പിച്ച് നല്കിയ പത്ര പരസ്യത്തിന്റെ വലിപ്പം, സാധാരണ നല്‍കാറുള്ള പരസ്യം പോലെയായിരുന്നോ എന്ന് സുപ്രീം കോടതി.പതഞ്ജലി മാധ്യമങ്ങളില്‍ നല്‍കിയ ക്ഷമാപണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.പതഞ്ജലി കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഖേദം പ്രകടിപ്പിച്ചത് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കേസ് ഈ മാസം മുപ്പതിന് കോടതി വീണ്ടും പരിഗണിക്കും.

https://dailynewslive.in/ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്‍സുലിന്‍ നല്‍കി. കെജ്രിവാളിന്റെ ഷുഗര്‍ ലെവല്‍ 320 ആയി ഉയര്‍ന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന് ജയിലില്‍ ഇന്‍സുലിന്‍ നല്‍കിയത്. ജയിലില്‍ തനിക്ക് വിദഗ്ദ ചികിത്സ നിഷേധിക്കുന്നുവെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. പ്രമേഹ ചികിത്സയ്ക്കായി സ്വന്തം ഡോക്ടറോട് ദിവസവും 15 മിനിറ്റ് വീഡിയോ കോളില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യവും അംഗീകരിച്ചിരുന്നില്ല. അതേസമയം കെജ്രിവാളിന് ഇന്‍സുലിന്‍ ആവശ്യമായിരുന്നുവെന്നും അദ്ദേഹം ആയിരുന്നു ശരിയെന്നും ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരമ്യപ്പെടുത്തി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. മറ്റുള്ളവരെ കുറ്റപ്പെടുത്തുക മാത്രമാണ് മോദി ചെയ്യുന്നത്. പത്ത് വര്‍ഷം ജനങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തുവെന്ന് മോദി മിണ്ടുന്നില്ല. വ്ളാദ്മിര്‍ പുതിന്റെ പുതിയ പതിപ്പായി മോദി മാറുമോ എന്ന് ഭയമാകുന്നു എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വിമാന യാത്രയില്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മതാപിതാക്കളില്‍ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നല്‍കണമെന്ന് വിമാനക്കമ്പനികളോട് സിവില്‍ വ്യോയനായ ഡയറക്ടറേറ്റ്. ഡിജിസിഎ അധികൃതര്‍ എല്ലാ വിമാന കമ്പനികള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അടുത്തല്ലാതെ ഇരുന്ന് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്.

https://dailynewslive.in/ ബാലി ദ്വീപിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം. രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം. ബാലിയില്‍ ഡെങ്കി പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയിട്ടില്ല എങ്കിലും വിദേശ സഞ്ചാരികള്‍ കുത്തിവെപ്പ് എടുക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.

https://dailynewslive.in/ മലേഷ്യയില്‍ പരേഡ് പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് ഹെലികോപ്ടറുകളിലുണ്ടായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്. പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിലാണ് ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചത്. പ്രത്യേക രീതിയിലുള്ള ഫോര്‍മേഷന് വേണ്ടി ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്ടറുകളുടെ റോട്ടറുകള്‍ തമ്മില്‍ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്. പിന്നാലെ രണ്ട് ഹെലികോപ്ടറുകളും നിലത്തേക്ക് വീണ് തകരുകയായിരുന്നു. സംഭവത്തില്‍ മലേഷ്യന്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചു.

https://dailynewslive.in/ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ് വിദേശകാര്യ വകുപ്പ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മണിപ്പൂരില്‍ ആക്രമണമുണ്ടായെന്നും വലിയതോതിലുള്ള പീഡനമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ബാധിത സമുദായങ്ങളും മണിപ്പൂരിലെ അക്രമം തടയുന്നതിനും, മാനുഷിക സഹായം നല്‍കുന്നതിനുമുള്ള നടപടി വൈകിയതിനു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ ഇന്ത്യയുടെ പ്ലെയിന്‍ സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 2023-24 സാമ്പത്തിക വര്‍ഷം 61.72 ശതമാനം വര്‍ധിച്ച് 679.22 കോടി ഡോളറെത്തിയതായി (57,000 കോടി രൂപ) ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 419.99 കോടി ഡോളറായിരുന്നു (35,000 കോടി രൂപ). 2023-24 ഒന്നാം പകുതിയില്‍ 10.47 ശതമാനം ഇടിവാണ് ഈ കയറ്റുമതിയിലുണ്ടായത്. എന്നാല്‍ രണ്ടാം പകുതിയില്‍ 46.91 ശതമാനത്തോടെ ശക്തമായ വളര്‍ച്ച മേഖലയിലുണ്ടായി. 2023-24 സാമ്പത്തിക വര്‍ഷം മൊത്തത്തിലുള്ള സ്വര്‍ണാഭരണങ്ങളുടെ (പ്ലെയിന്‍, സ്റ്റഡ്ഡഡ്) കയറ്റുമതി 16.75 ശതമാനം വര്‍ധിച്ച് 1,123 കോടി ഡോളറിലെത്തി (94,000 കോടി രൂപ), 2022-23ല്‍ ഇത് 961.8 കോടി ഡോളറായിരുന്നു (80,000 കോടി രൂപ). ഓട്ടേറെ വെല്ലുവിളികള്‍ നേരിട്ട വര്‍ഷമായിരുന്നിതെങ്കിലും വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ വ്യാപാര കരാറുകള്‍ ഈ കയറ്റുമതിക്ക് കരുത്തേകി. നിറമുള്ള രത്‌നക്കല്ലുകളുടെ കയറ്റുമതി 14 ശതമാനം വര്‍ധിച്ച് 478.71 മില്യണ്‍ ഡോളറിലെത്തി (4,021കോടി രൂപ). പ്ലാറ്റിനം സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 449.16 ശതമാനം വര്‍ധിച്ച് 163.48 മില്യണ്‍ ഡോളറിലെത്തി (1,374 കോടി രൂപ). ഓസ്ട്രേലിയയിലേക്കുള്ള സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 37 ശതമാനം വര്‍ധിച്ചു. യു.എ.ഇയിലേക്കുള്ള പ്ലെയിന്‍ സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 2.18 ബില്യണ്‍ ഡോളറില്‍ (18,300 കോടി രൂപ) നിന്ന് 107.2 ശതമാനം വര്‍ധിച്ച് 4.53 ബില്യണ്‍ ഡോളറായി (38,000 കോടി രൂപ) വര്‍ധിച്ചു. പ്ലെയിന്‍ സ്വര്‍ണാഭരണ കയറ്റുമതിയുടെ 85 ശതമാനവും യു.എ.ഇ, ബഹ്റൈന്‍ വിപണികളിലേക്കാണ്. അതേസമയം യു.എസ്, ചൈന, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെ 2023-24ല്‍ ഇന്ത്യയുടെ കട്ട് ആന്‍ഡ് പോളിഷ്ഡ് വജ്ര കയറ്റുമതി 27.5 ശതമാനം ഇടിഞ്ഞ് 1.33 ലക്ഷം കോടി രൂപയായി. മൊത്ത വെള്ളി ആഭരണ കയറ്റുമതി 45 ശതമാനം ഇടിഞ്ഞ് 1.62 ബില്യണ്‍ ഡോളറായി (13,600 കോടി രൂപ).

https://dailynewslive.in/ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ പങ്കുവെയ്ക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പില്‍ നിന്ന് സംരക്ഷണവും ഉറപ്പുനല്‍കും. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിച്ചേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ കാര്യങ്ങള്‍ക്ക് അനുവാദം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ഓഫ്ലൈന്‍ ഘട്ടത്തിലുള്ള ഫയല്‍ പങ്കിടലിന് സമീപത്തുള്ള ഫോണുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണുകളിലേക്ക് മാത്രമേ ഫയലുകള്‍ അയക്കാന്‍ സാധിക്കൂ. തൊട്ടടുത്ത് നിന്ന് ഫയല്‍ പങ്കിടുന്നതിനായി ആദ്യം ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്‌കാന്‍ ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആപ്പിന് അനുവാദം നല്‍കണം. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഈ ആക്‌സസ് ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ഫോണിലെ സിസ്റ്റം ഫയലുകളും ഫോട്ടോ ഗാലറിയും ആക്സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി ആവശ്യമാണ്. എങ്കില്‍ മാത്രമേ ഫയലുകള്‍ പങ്കുവെയ്ക്കാന്‍ സാധിക്കൂ. മറ്റ് ഫോണുകളുമായി കണക്റ്റുചെയ്യാന്‍ കഴിയുന്നത്ര അടുത്താണോ എന്ന് പരിശോധിക്കാന്‍ ആപ്പിന് ലൊക്കേഷന്‍ അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ക്കിടയിലും ഫോണ്‍ നമ്പറുകള്‍ മറയ്ക്കുന്നതിനാലും പങ്കിട്ട ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാലും സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

https://dailynewslive.in/ ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റേച്ചല്‍’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇറച്ചിവെട്ടുകാരിയായി വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ബാബുരാജ്, റോഷന്‍, കലാഭവന്‍ ഷാജോണ്‍, ചന്തു സലീംകുമാര്‍, രാധിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അതേസമയം ഈ ചിത്രം ഹണി റോസിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. യുവ കഥാകൃത്ത് രാഹുല്‍ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന ചെറുകഥയാണ് റേച്ചല്‍ എന്ന പേരില്‍ സിനിമയാവുന്നത്. രാഹുലിന്റെ കൂടെ എബ്രിഡ് ഷൈനും കൂടി ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. പെന്‍ ആന്റ് പേപ്പര്‍, ബാദുഷ പ്രൊഡക്ഷന്‍സ് ബാനറുകളില്‍ ഷിനോയ് മാത്യുവും ബാദുഷയും എബ്രിദ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സംസ്ഥാന പുരസ്‌കാര ജേതാവ് ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹകന്‍.

https://dailynewslive.in/ പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയില്‍ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പില്‍ നില്‍ക്കുന്ന ഗുളികന്‍ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. കൗതുകമുണര്‍ത്തുന്നതും ഒപ്പം ദുരൂഹവുമായ ‘ഗു’ സിനിമയുടെ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന ഫാന്റസി ഹൊറര്‍ ചിത്രമായ ‘ഗു’ മെയ് 17നാണ് ലോകമെമ്പാടുമുള്ള തീയേറ്റുകളിലെത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടില്‍ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. മിന്നയായി ദേവനന്ദ എത്തുമ്പോള്‍ സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്‍ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായെത്തുന്നു. നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

https://dailynewslive.in/ ജനപ്രിയ എസ്യുവിയായ മകാന്റെ വൈദ്യുത മോഡല്‍ പുറത്തിറക്കി ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ. പല രാജ്യങ്ങളിലും പോര്‍ഷെയുടെ എന്‍ട്രി ലെവല്‍ വാഹനമായ മകാന്റെ ഇവി മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. 1.65 കോടി രൂപ വില വരുന്ന ഹൈ പെര്‍ഫോമെന്‍സ് വാഹനമായ 639എച്ച്പി, മകാന്‍ ടര്‍ബോ ഇവിയുടെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. 500എച്ച്പി, മകാന്‍ 4എസിന് സമാനമായ മിഡ് റേഞ്ച് മോഡലായിരിക്കും എത്തുക. ഈ റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ കൂടുതല്‍ ബജറ്റ് ഫ്രണ്ട്‌ലിയായിരിക്കും. കരുത്ത് പലവിധത്തിലാണെങ്കിലും മകാന്‍ ഇവിക്ക് പൊതുവായി 100കിലോവാട്ട്അവര്‍ ബാറ്ററിയാണ് പോര്‍ഷെ നല്‍കുക. വ്യത്യസ്ത വിലയാണെങ്കിലും മകാന്‍ ഇവിയുടെ വിവിധ മോഡലുകളിലും ബാറ്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ടാവില്ല. ഇന്ത്യ അടക്കമുള്ള പല മാര്‍ക്കറ്റുകളിലും ആദ്യ തലമുറ പെട്രോള്‍ മകാന്‍ നിലനിര്‍ത്താനാണ് പോര്‍ഷെയുടെ തീരുമാനം. ഇന്ത്യയില്‍ മൂന്നു പെട്രോള്‍ മോഡലുകളാണ് മകാനുള്ളത്. 88 ലക്ഷം രൂപയുടെ 2.0 ലീറ്റര്‍ മകാനാണ് അടിസ്ഥാന വകഭേദം. 1.44 കോടി രൂപയുടെ 2.9 ലീറ്റര്‍ മകാന്‍ എസ് അതിനു മുകളിലെ വകഭേദവും 1.54 കോടി രൂപ വിലയുള്ള മകാന്‍ ജിടിഎസ് ഏറ്റവും ഉയര്‍ന്ന വകഭേദവുമാണ്.

https://dailynewslive.in/ ആത്മാഭിമാനം നഷ്ടപ്പെട്ട്, സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് മരണം തേടി പോകുന്ന അമ്മമാരെ കൊലപാതകികളെന്ന് വിശേഷപ്പിക്കുന്നത് മുതല്‍ അച്ഛനാല്‍ പോലും പീഡിപ്പിക്കപ്പെടുമെന്ന ഭീതിയാല്‍ കഴിയുന്ന പെണ്‍കുട്ടികള്‍, ജീവിച്ചിരിക്കുന്നതിന് തേടുന്ന, നവ ലോകത്തിന്റെ പുതിയ വഴികള്‍ വരെയുള്ള, ചിന്തിപ്പിക്കുന്ന ഒന്‍പത് കഥകളുടെ ഈ പുസ്തകം ഒരിക്കലും വായനക്കാരെ നിരാശപ്പെടുത്തുകയില്ല. ‘ചെതുമ്പലുകള്‍’. രണ്ടാം പതിപ്പ്. നിത്യാലക്ഷ്മി എല്‍.എല്‍. കെസീറോ പബ്ളിക്കേഷന്‍സ്. വില 142 രൂപ.

https://dailynewslive.in/ ഫിറ്റ്നസില്‍ വ്യായാമത്തോളം തന്നെ പ്രധാനമാണ് ഭക്ഷണം. പ്രത്യേകിച്ചു വ്യായാമം കഴിഞ്ഞുള്ള ഭക്ഷണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കൃത്യസമയത്ത് കഴിക്കുന്ന മൂന്നു നേരമുള്ള ഭക്ഷണത്തോടൊപ്പം രണ്ട് തവണ ലഘുഭക്ഷണങ്ങളും വേണം. പെട്ടെന്ന് ഊര്‍ജം നല്‍കുന്നതിനെക്കാള്‍ തുടര്‍ച്ചയായി കുറെ സമയത്തേക്ക് ഊര്‍ജം നിലനിര്‍ത്താന്‍ സങ്കീര്‍ണ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ക്കു സാധിക്കും. ഉദാ: നുറുക്കു ഗോതമ്പ്, ഓട്സ്, അവല്‍ മുതലായവ. നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം മസില്‍ ക്രാംപ് ഇല്ലാതാക്കാന്‍ സഹായിക്കും. ഇവയില്‍ ധാരാളം അന്നജവും അടങ്ങിയിട്ടുണ്ട്. വിയര്‍പ്പില്‍ കൂടി നഷ്ടപ്പെടുന്ന പൊട്ടാസ്യം ബാലന്‍സ് ചെയ്യാന്‍ നേന്ത്രപ്പഴം നല്ലതാണ്. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. പേശികള്‍ ബലപ്പെടുത്താനും വ്യായാമത്തിലൂടെ ഫ്രീ റാഡിക്കലുകള്‍ക്ക് ഉണ്ടാകുന്ന കേട് കുറയ്ക്കാനും ഇതു സഹായിക്കുന്നു. പേശികള്‍ക്ക് ഉന്മേഷം നല്‍കാന്‍ പൊട്ടാസ്യവും ബീറ്റാ കരോട്ടിനും കാരറ്റിലുണ്ട്. ധാരാളം ഇരുമ്പും സിങ്കും അടങ്ങിയിട്ടുള്ളതിനാല്‍ ചിക്കന്റെ കാലുകള്‍ പേശികള്‍ക്ക് ആവശ്യമായ ഭക്ഷണമാണ്. ധാരാളം പ്രോട്ടീനും ഇവയിലുണ്ട്. കൊഴുപ്പും കുറവാണ്. അരക്കപ്പ് പനീറില്‍ നിന്ന് ഉദ്ദേശം 12 ഗ്രാം പ്രോട്ടീന്‍ ലഭിക്കും ഇതില്‍ ധാരാളം കാല്‍സ്യവും ഉണ്ട്. പേശികള്‍ക്ക് ഉണ്ടാകുന്ന ചെറിയ മുറിവുകളെ ഉണക്കാനുള്ള കഴിവുമുണ്ട്. മുട്ടയുടെ വെള്ളയില്‍ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയില്‍ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്. ലിഗ്‌നന്‍സ് എന്ന നാരുകള്‍ ധാരാളം ഉള്ള ഫ്ലാക്സ്സീഡ് ദഹനേന്ദ്രിയത്തിനു ഗുണകരമാണ്. ദിവസവും ഉള്ള ഭക്ഷണത്തില്‍ 50 ഗ്രാം കപ്പലണ്ടി ഉള്‍പ്പെടുത്തുന്നത് ഊര്‍ജം, പ്രോട്ടീന്‍ എന്നിവ നല്‍കും. ചെറിയ മീനുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പ് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.33, പൗണ്ട് – 103.02, യൂറോ – 88.99, സ്വിസ് ഫ്രാങ്ക് – 91.48, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.75, ബഹറിന്‍ ദിനാര്‍ – 221.10, കുവൈത്ത് ദിനാര്‍ -270.43, ഒമാനി റിയാല്‍ – 216.46, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 60.84.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *