mid day hd 1

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗം വിവാദത്തിൽ. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. കോൺഗ്രസ് ആദ്യ പരിഗണന നൽകുന്നത് മുസ്ലിങ്ങൾക്കാണെന്നാണ് മോദി ഇന്നലെ രാജസ്ഥാനിലെ റാലിയിൽ പറഞ്ഞത്. കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകും. അവരുടെ പ്രകടന പത്രികയിൽ അങ്ങനെയാണ് പറയുന്നത്. അമ്മമാരേ, പെങ്ങൻമാരേ നിങ്ങളുടെ കെട്ടുതാലി വരെ അവർ വെറുതെ വിടില്ല. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ എന്നും മോദി പ്രസംഗമധ്യേ ചോദിച്ചിരുന്നു.

 

രാജസ്ഥാനിൽ നടത്തിയ മോദിയുടെ പ്രസംഗം രാജ്യത്തിന്‍റെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, മോദിയുടേത് വിദ്വേഷ പ്രസംഗം ആണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും മല്ലികാര്‍ജുൻ ഖര്‍ഖെയും അഭിപ്രായപ്പെട്ടു. എന്ത് രാഷ്ട്രീയവും സംസ്കാരവും ആണിതെന്ന് കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്കാരത്തിനും യോജിക്കാത്തതാണിത്. ഒരു ഭാഗത്ത് രാമനെയും രാമക്ഷേത്രത്തേയും കുറിച്ച് പറയുന്ന മോദി മറുഭാഗത്ത് വിദ്വേഷം പരത്തുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഒരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത ഭാഷയാണിതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷയാണെന്നും, ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും സിപിഎം വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം എന്നാണ് സിപിഎം നേതാവ് പ്രകാശ് കാരാട്ട് ഇതിനെതിരെ പ്രതികരിച്ചത്.

 

രാജസ്ഥാനിലെ റാലിയിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമ‍ര്‍ശം കലാപാഹ്വാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനെ മോദി ഭയപ്പെടുന്നുവെന്ന് ഇന്നലത്തെ പ്രസംഗത്തിൽ നിന്നും വ്യക്തമാണ്, പ്രധാനമന്ത്രി കള്ളവും നുണയും പ്രചരിപ്പിക്കുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി തേടിയിട്ടുണ്ട്, കോൺഗ്രസ് പ്രകടന പത്രിക കൊണ്ടുപോയി കാണിച്ചു കൊടുക്കുന്നതിനാണിത്. വിദ്വേഷത്തിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുക എന്നതാണ് കോൺഗ്രസ് മാനിഫെസ്റ്റോയുടെ അടിത്തറ. രാജ്യത്തെ മുഴുവൻ സ്ഥാനാർഥികളും പ്രകടനപത്രിക പ്രധാന മന്ത്രിക്ക് അയച്ചു കൊടുക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ റാലിയില്‍ ചൂണ്ടിക്കാണിച്ചത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല. ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികൾക്കും ചിറ്റമ്മ നയമാണ്. സംവരണം എങ്ങനെയാണ് മുസ്‌ലിങ്ങൾക്കും ക്രൈസ്തവർക്കും വീതിച്ചത് എന്ന് നോക്കൂക. വിഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ കോൺഗ്രസിന്‍റെ പരിഗണന മുസ്ലീങ്ങൾക്കു മാത്രമാണ്. 19 ശതമാനം വരുന്ന ക്രിസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. പൂരം നല്ല രീതിയിൽ നടത്താൻ ഉള്ള അനുമതി തങ്ങൾക്ക് വേണമെന്നും, യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധിതരാവുന്നു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമ്മീഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും, ഒരു ഹോം വർക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷണർ കാര്യങ്ങൾ ചെയ്തു. എസിപി സുദർശൻ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തിൽ ആണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

തൃശൂർ പൂരം പൊലീസ് കലക്കിയത് ബിജെപിക്ക് വേണ്ടിയാണെന്നും, സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷണറെ ഉപയോഗിച്ചതാണെന്നുള്ള ആരോപണവുമായി കെമുരളീധരൻ. സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണമാണ് ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ ചെയ്യുന്നതെന്നും, കമ്മീഷണറെ തല്‍ക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്, കമ്മീഷണർ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, കമ്മീഷണർ പൂരം കലക്കാൻ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു, ഇതിന് താൻ തന്നെയാണ് സാക്ഷിയെന്നും, സുരേഷ് ഗോപിയെ പൂരത്തിന്‍റെയന്ന് എവിടെയും കണ്ടില്ല, പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചുവെന്നും കെ മുരളീധരൻ ആരോപിച്ചു.

 

തൃശൂർ പൂരത്തിന്‍റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു, അതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സുരേഷ് ഗോപി. വെടിക്കെട്ട് തടസ്സപ്പെട്ടപ്പോള്‍ തന്നെ വിളിച്ചു വരുത്തിയതാണെന്നും, ബ്ലോക്ക് ചെയ്തിട്ടതിനാല്‍ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണം. കൂടുതൽ തല്ലുകൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മീഷണറിൽ നിന്നും തനിക്ക് ലഭിച്ച നിർദ്ദശമാണ് പാലിച്ചത്, ചുമ്മാ അടുക്കള വർത്താനം പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

 

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും, വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

 

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്ന് ശൈലജ വ്യക്തമാക്കിയതോടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്നാണ് ഷാഫി ആവശപ്പെടുന്നത്.

 

ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കുവാനും ഉത്തരവാദിത്തം ഉണ്ടെന്ന് വിശ്വാസികളോട് മെത്രാപ്പോലീത്തൻ ട്രസ്റ്റി ആഹ്വാനം ചെയ്തു. സഭ വിശ്വാസികൾക്കായി യാക്കോബായ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഓർത്തഡോക്സ് സഭ സമദൂര നിലപാട് തുടരുമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി.

 

കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായി കുഴഞ്ഞ് വീണ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചത് വിവാദമായി. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി എന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

 

വയനാട്ടിൽ വേനൽമഴയെത്തുടർന്ന് കൃഷിനാശം. പലയിടത്തും ശക്തമായ കാറ്റിൽ വാഴകൾ ഒടിഞ്ഞു വീണു. മൂവായിരത്തോളം വാഴകളാണ് പോയത്. ജില്ലയിലെ പലഭാഗത്തും സമാന നാശമുണ്ടായിട്ടുണ്ട്. കൃഷിവകുപ്പ് കണക്കുകൾ ശേഖരിക്കുകയാണ്. കൂടാതെ മീനങ്ങാടിയില്‍ നിരവധി വീടുകളുടെ മേൽക്കൂരകള്‍ തകർന്നതിനെ തുടന്ന് വെള്ളമിറങ്ങി വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുമുണ്ടായി.

 

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു. റെയില്‍വേ സ്റ്റേഷന് പുറത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കാണ് തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പത്തോളം ബൈക്കുകളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

സിഎഎ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേസുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുമായി കെടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ റജിസ്റ്റർ ചെയ്ത കേസുകൾ 835 ആണെന്നും. പൊലീസ് തുടർനടപടി അവസാനിപ്പിച്ച കേസുകളുടെ എണ്ണം 260 ഉം, 283 കേസുകൾ കോടതി തീർപ്പാക്കി, നിരാക്ഷേപ പത്രത്തിൻ്റ അടിസ്ഥാനത്തിൽ പിൻവലിച്ച കേസുകളുടെ എണ്ണം 86 ഉം, 205 കേസുകൾ കോടതിയുടെ പരിഗണനയിലാണ് , ഒരു കേസ് അന്വേഷണ ഘട്ടത്തിലാണെന്നും ജലീൽ വ്യക്തമാക്കി.

 

കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാതിരുന്നതിനാൽ വിതരണക്കാർ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാക്കി ചുരുക്കുകയാണ്. കത്ത് നൽകിയ 19 ആശുപത്രികളിൽ ആലപ്പുഴ, പരിയാരം മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി എന്നിവയിൽ മാത്രമാണ് കുടിശ്ശികയടക്കാൻ നടപടിയുണ്ടായത്. ബാക്കി 16 ആശുപത്രികളിലെ കാത്ത് ലാബുകളിലേക്കും വിതരണം നിലച്ചിട്ട് മൂന്നാഴ്ച്ചയായി. കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴിയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെയും സ്റ്റെന്റ് വിതരണം ചെയ്തതിലാണ് പണം നൽകാനുള്ളത്.

 

കരുവന്നൂര്‍ കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ഹാജരായില്ല. പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനായി രാവിലെ 10.30 ന് ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം.

 

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് . കർഷകരേയോ മണിപ്പുരിനെയോ കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോയെന്നും, മൂന്നുതവണ കർണാടകത്തിൽ നിന്ന് രാജ്യസഭയിൽ പോയിട്ടും ഒന്നും ചെയ്തില്ല. വരൾച്ച ദുരിതാശ്വാസത്തിന് കർണാടകയ്ക്ക് സുപ്രീം കോടതിയിൽ പോകേണ്ടി വന്നു. ഒരു ഭാഷ ഒരു മതം ഒരു ഭക്ഷണം എന്നത് അപകടമാണെന്നും,വർഗീയ വൈറസ് പടരാതെ നോക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.

 

സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആണെന്ന് വിവരം. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഗുല്‍ഷൻ ആണ് ഇര്‍ഷാദിന്‍റെ ഭാര്യയെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ ആറോളം സംസ്ഥാനങ്ങളിലായി ഇര്‍ഷാദിനെതിരെ 19 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

അതിരമ്പുഴയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രൻ കിണറ്റില്‍ വീണുമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്ന ആകാശ്, പോലീസ് പട്രോളിങ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ കാല് തെറ്റി കിണറ്റിൽ വീഴുകയായിരുന്നു.

 

കോട്ടയം മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് മരിച്ചു. ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ വനമേഖലയിൽ എത്തിച്ച് മദ്യം നൽകിയശേഷം ഈ മാസം 13നാണ് സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേയാണ് മരിച്ചത്. മുൻ വൈരാഗ്യത്തിൻ്റെ പേരിലായിരുന്നു ആക്രമണം.

 

2016ലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കാൻ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനതല പരീക്ഷയിലൂടെ സർക്കാർ എയ്ഡഡ് സ്കൂളുകളില്‍ നടത്തിയ നിയമനങ്ങളാണ് റദ്ദാക്കിയത്. അടുത്ത 15 ദിവസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താനുള്ള നടപടി സ്വീകരിക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങി വ്യാപകമായി അധ്യാപക അനധ്യാപക നിയമനം നടത്തിയെന്നാണ് കേസ്.

 

പൊള്ളാച്ചിയിൽ റോഡ്‌ വികസനത്തിനായി 27 പുളിമരങ്ങൾ വെട്ടാനുള്ള അപേക്ഷ കോയമ്പത്തൂർ ജില്ലാ ഭരണകൂടം തള്ളി. ഈ റൂട്ടിൽ ‌ അപകടങ്ങൾ പതിവായതോടെ ആണ് റോഡ്‌ വികസനത്തിന് പദ്ധതി ഇട്ടത്. പൊള്ളാച്ചി ആനമലൈ റോഡിൽ ആംബരംപാളയം മുതൽ സേതുമടൈ വരെയുള്ള 16 കിലോമീറ്റർ ദൂരമാണ് 50 വർഷത്തോളം പ്രായമുള്ള പുളി മരങ്ങൾ നിൽക്കുന്നത്. ഇതിൽ താത്തൂർ ജംഗ്ഷൻ ഉൾപ്പെടുന്ന ഭാഗത്തെ 27 മരങ്ങൾ മുറിച്ച് നീക്കണമെന്നായിരുന്നു നിർദ്ദേശങ്ങൾ ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ മരങ്ങൾ വെട്ടാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.

 

യുഎഇയിൽ ഇന്ന് മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. കഴിഞ്ഞ ആഴ്ചത്തേത് പോലെ കനത്ത മഴയല്ല വരാനിരിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്.

 

ഗാസയിൽ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യം പിൻമാറിയ ആശുപത്രി പരിസരത്ത് നിന്ന് 60 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. നസീർ മെഡിക്കൽ കോംപ്ലക്സിന്റെ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയെതെന്നാണ് വിവരം. മുഴുവൻ മൃതദേഹങ്ങളും പുറത്തെടുത്താലാണ് ഈ കൂട്ടക്കുഴിമാടത്തിൽ എത്ര പേരെയാണ് സംസ്കരിച്ചതെന്ന് വ്യക്തമാകൂവെന്ന് പലസ്തീൻ പ്രതിരോധ വക്താവ് വ്യക്തമാക്കി.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *