കോതമംഗലം കോട്ടപ്പടിയിൽ ഇന്ന് പുലർച്ചെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വെയ്ക്കാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. അതിനാൽ കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കാട്ടാന വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. അതോടൊപ്പം നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.