Screenshot 2024 02 27 20 21 14 990 com.android.chrome edit 5

മണിപ്പൂരിൽ സാധ്യമായതെല്ലാം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഇടപെട്ടതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്നും, അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തിയതാണെന്നും, സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു. കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഇപ്പോഴും മണിപ്പൂരിൽ തുടരുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കോണ്‍ഗ്രസ് പുറത്തിറക്കിയപ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വര്‍ഗീയത ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. ഭൂരിപക്ഷത്തെ അകറ്റാനുള്ള മോദിയുടെ നീക്കമാണ് ഇതെന്നാണ്    ആക്ഷേപം.എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണം നടത്തണം. മോദിക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് 20 മണ്ഡലങ്ങളിലായി സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികൾ. നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന്  10 പേർ പത്രിക പിൻവലിച്ചു. ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, ഏറ്റവും കുറവ് ആലത്തൂരിലുമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാര്‍ത്ഥികൾക്കെല്ലാം അപരൻമാര്‍ മത്സര രംഗത്തുണ്ട്.

പാനൂർ ബോംബ് സ്ഫോടനകേസിൽ  ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമിക്കാൻ കാരണമെന്ന്  പൊലീസ്. എതിർഭാഗത്തുള്ള ഗുണ്ടകളെ നേരിടാൻ വേണ്ടിയാണ് ബോംബ് ഉണ്ടാക്കിയത്. ഇപ്പോൾ പിടിയിൽ ആയിരിക്കുന്നവർക്ക് ബോംബ് നിർമാണത്തെക്കുറിച്ച് അറിയാം.അറസ്റ്റിലായ അമൽ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാളാണെന്നും പൊലീസ് വിശദീകരിച്ചു.കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പ്രതികൾ.

പാനൂർ ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുo. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ് എന്നും ഡി വൈ എഫ് ഐ  നേതൃത്വം അംഗീകരിച്ചു. ഇവർ സംഭവമറിഞ്ഞ് ഓടിക്കൂടിയവരാകാം, ഇനി അഥവാ ഈ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഡിവൈഎഫ്ഐ ബോംബ് ഉണ്ടാക്കുന്ന സംഘടനയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും വി കെ സനോജ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് വേളയിൽ പാനൂരിൽ ബോംബ് സ്ഫോടനമുണ്ടായതും, ബോംബുകൾ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു.

പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും, സിപിഎം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസിൽ സി ബി ഐ, എഫ് ഐ ആർ സമർപ്പിച്ചു.പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെയും മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ മൂന്നാം ദിവസമാണ് എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്നത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ് ഐ ആ‌ർ സമർപ്പിച്ചത്. ആകെ 21 പ്രതികളുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേസ് അന്വേഷണം മുന്നോട്ടു പോകുന്നതിനനുസരിച്ച് കൂടുതൽ വകുപ്പുകൾ ചേർക്കും.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടു. കേസുമായി ബന്ധപ്പെട്ട തെളിവുകളും സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. ഹൈറിച്ച് കമ്പനി ഉടമകള്‍ 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്നാണ് കേസ്. എഴുപതോളം കടലാസു കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഹൈറിച്ചിനെതിരെ ഇ.ഡി അന്വേഷണവും പുരോഗമിക്കുകയാണ്.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയന്‍ 3200 രൂപ നല്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. അടുത്ത ഗഡു കിട്ടണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.8000 രൂപയുടെ ക്ഷേമപെന്‍ഷന്‍ ഇനിയും കൊടുക്കാനുള്ളപ്പോള്‍ 3200 കൊടുത്തത് വല്യ സംഭവമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊണ്ടാടുന്നത് 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരില്‍ ചവിട്ടി നിന്നാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി. വിശ്വോത്സവത്തിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയിരുന്നു. നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്ന് ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി.

ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ വിഡി സതീശൻ വിമര്‍ശിച്ചു. ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ച സമീപനം ശരിയല്ലെന്നും. കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.

‘ദ കേരള സ്റ്റോറി’ ഇടുക്കി രൂപതയിൽ പ്രദർശിപ്പിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇത് കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് , ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തെക്കുറിച്ചുള്ള നട്ടാൽക്കുരുക്കാത്ത നുണയാണിത്. കേരളത്തിന്റെ നന്മകളോടുള്ള അസൂയയാണ് സംഘപരിവാറിനെ കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഈ സിനിമയിൽ നിന്ന് നല്ല ഗുണപാഠങ്ങൾ ഒന്നും തന്നെ കേരളത്തിലുള്ള ഒരു വ്യക്തിക്കും നേടാനില്ല. ഇതുപോലുള്ള വിദ്വേഷ പ്രചരണങ്ങളെ ഈ നാട് ഒന്നിച്ചുനിന്ന് പ്രതിരോധിക്കണം എന്ന്  ബൽറാം വ്യക്തമാക്കി.

പി ബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു.ഐസിയു പീഡന കേസിലെ അതിജീവതയെ പിന്തുണച്ചതിന്‍റെ പേരിൽ സ്ഥലം മാറ്റപ്പെട്ട അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകി. ഇക്കാര്യം സർക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.സർക്കാർ നൽകിയ പുനപരിശോധന ഹർജിയിൽ വേനലവധിയ്ക്ക് ശേഷം വാദം കേൾക്കും.

കോയമ്പത്തൂരിൽ നടത്തിയ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ, കുട്ടികൾ പങ്കെടുത്ത സംഭവത്തില്‍ കോയമ്പത്തൂർ പൊലീസിന് തിരിച്ചടി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോക്കെതിരെ  കേസെടുത്ത  നടപടികൾ മദ്രാസ് ഹൈക്കോടതി തടഞ്ഞു. പോലീസ് കേസെടുത്തതിനെതിരെ സ്കൂൾ അധികൃതർ നൽകിയ ഹർജിയിലാണ് ഇടകാല സ്റ്റേ അനുവദിച്ചിരിക്കുന്നത്.എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി ഈ മാസം 24 ന് പരിഗണിക്കും.

കൺസ്യൂമർ ഫെഡ് സംഘടിപ്പിക്കുന്ന റംസാൻ – വിഷു ചന്തകൾക്ക് അനുമതി ഇല്ല. 280 ചന്തകൾ തുടങ്ങാൻ തീരുമാനിക്കുകയും, ഇതിനായി ഇലക്ഷൻ കമ്മീഷനോട് അനുമതി തേടുകയും ചെയ്തു. എന്നാൽ കമ്മീഷന്‍ അനുമതി നിഷേധിച്ചുവെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന്  മന്ത്രി വി ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ, ഈ സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനത്തിൽ മന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി.ലിംഗസമത്വത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ഉന്നമനത്തിനായി തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

പിറന്നാൾ ദിനത്തില്‍ നടത്തിയവാര്‍ത്താ സമ്മേളനത്തിനിടെ വികാരാധീനയായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ. വ്യാജ വാര്‍ത്ത നല്‍കി പലരും തന്നെ തകര്‍ക്കാൻ ശ്രമിക്കുന്നുവെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ജില്ലാ നേതൃത്വത്തിന് തന്നെ താല്‍പര്യമില്ലെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്, ഇനിയും ഇത്തരം വാർത്തകൾ നൽകിയാൽ വെറുതെയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വേനല്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്‌.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി നാളെ വിധിപറയും. മദ്യനയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തതാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ജയിൽവാസം തുടരുമോ, മോചനം ലഭിക്കുമോയെന്നത് നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ജാമ്യം ലഭിച്ചാൽ അത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊർജ്ജമാകും.

സ്ഥിരതയും അസ്ഥിരതയും തമ്മിലുളള പോരാട്ടമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ സഖ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു.കോണ്‍ഗ്രസാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി.കോണ്‍ഗ്രസ് പാവയ്ക്കക്ക് സമമാണ്, പഞ്ചസാരയോ നെയ്യോ ചേർത്താലും മധുരിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.ഇന്ത്യയെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ കേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് കോൺഗ്രസിലേക്ക്. അദ്ദേഹത്തിന്റെ മകൻ ബ്രിജേന്ദർ സിംഗ് കോൺഗ്രസിൽ ചേർന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ബിരേന്ദറും പാര്‍ട്ടി മാറുന്നത്. ബിരേന്ദർ സിങ്ങിൻ്റെ ഭാര്യയും ഹരിയാനയിലെ മുൻ ബി ജെ പി എംഎൽഎയുമായ പ്രേം ലതയും ബിജെപിയില്‍ നിന്ന് രാജിവെച്ചു.

ചെന്നൈയിൽ ബി ജെ പി പ്രവർത്തകനിൽ നിന്ന് പിടിച്ചെടുത്ത 4 കോടി രൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാ കളക്ടർ തള്ളി. പണവുമായി ബന്ധമില്ലെന്ന ബി ജെ പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ പ്രസ്താവന വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. പണം ട്രെഷറിയിൽ തന്നെ സൂക്ഷിക്കുമെന്നും ഐ.ടി വകുപ്പിനെ കളക്ടർ അറിയിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി. സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് എംപിമാർ പ്രതിഷേധിച്ചത്. ബംഗാളിൽ നിന്നുള്ള 10 തൃണമൂൽ എംപിമാരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *