ലോകബാങ്ക് ഇന്ത്യയുടെ 2024 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച അനുമാനം തിരുത്തി. നേരത്തെ 2024ല്‍ 6.3 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ചാണ് അനുമാനം തിരുത്തിയത്. ഇന്ത്യയില്‍ ഉല്‍പ്പന്ന, സേവന മേഖലയിലുണ്ടായ ശക്തമായ വളര്‍ച്ചയാണ് ജിഡിപി അനുമാനത്തില്‍ മാറ്റം വരുത്താന്‍ ലോകബാങ്കിനെ പ്രേരിപ്പിച്ചത്. ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഇന്ത്യ 8.4 ശതമാനം വളര്‍ച്ചയാണ് നേടിയത്. ജനുവരി- മാര്‍ച്ച് പാദത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എട്ടു ശതമാനം വളര്‍ച്ച നേടുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രതീക്ഷ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് 2024 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് പരിഷ്കരിച്ചത്. അതേസമയം 2025ലെ വളര്‍ച്ചാനിരക്ക് കുറവായിരിക്കുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. 6.6 ശതമാനം വളര്‍ച്ചയാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നത്.നിലവില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് ഇന്ത്യയില്‍ നടക്കുന്നത്. എന്നാല്‍ 2025ല്‍ നിക്ഷേപത്തില്‍ ഇടിവ് സംഭവിക്കുമെന്ന കണക്കുകൂട്ടലാണ് സാമ്പത്തിക വളര്‍ച്ചാ തോത് കുറയ്ക്കാന്‍ ലോകബാങ്കിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.