night news hd 1

അരവിന്ദ് കെജ്രിവാളിനെ വൈകിട്ട് നാല് മണിയോടെയാണ് തിഹാർ ജയിലില്‍ എത്തിച്ചു. പ്രത്യേക ഡയറ്റിനുള്ള സൗകര്യവും, ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിനെതിരെ കെജ്രിവാള്‍ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

അധിക വായ്പ എടുക്കാനുള്ള സാഹചര്യം  ബോധ്യപ്പെടുത്താൻ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് വിമർശനം. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് കോടതിയിൽ തെളിവ് നൽകി  ആവശ്യപ്പെടാൻ കഴിയാതെ പോയത്. കേരളം പറയുന്ന കണക്കുകളിൽ പൊരുത്തക്കേടുണ്ട്,  ധനകാര്യ മാനേജ്മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തിൽ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാൻ കാരണമാകില്ലെന്നും  കോടതി വിധിയിൽ പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്ത തരത്തിൽ ഇടപെടൽ നടത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇപ്പോഴത്തെ രീതിയിൽ വളർന്നു വരാൻ കാരണം കോൺഗ്രസ്‌ നിലപാടിൽ അയവു വരുത്തിയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.കോൺഗ്രസാണ് ബി ജെ പിക്കു ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് വിഡി സതീശൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്    അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .

കരുവന്നൂര്‍ ബാങ്ക് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് എൻഫോഴ്സ്മെന്റ്   നോട്ടീസ് നൽകി. ബുധനാഴ്ച ഹാജറാകണമെന്ന്  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശം  നൽകി. സമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം എം വർഗീസ് പറഞ്ഞു.

സംസ്ഥാന പൊലീസിന്റെ ആവശ്യം തള്ളി ധനവകുപ്പ്.കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണമെന്നുള്ള ആവശ്യവുമായി സംസ്ഥാന പൊലീസ് മേധാവിയാണ്  ധനവകുപ്പിനെ സമീപിച്ചത്. 26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്‍ക്ക് മാത്രം 200 കോടി രൂപ നല്‍കാനുണ്ട്.ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ ഇനി അനുവദിക്കില്ലെന്നാണ്ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം സി രാധാകൃഷ്ണൻ രാജിവെച്ചതിൽ അദ്ദേഹത്തിന്റെ പ്രതിഷേധം തെറ്റെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്. സാംസ്‌കാരിക മന്ത്രി അർജുൻ റാം മേഘ്‌വാൾ എഴുത്തുകാരനാണെന്ന് മാധവ് കൗശിക് വിശദീകരിച്ചു. അക്കാദമിയിലേക്ക് രാഷ്ട്രീയനേതാക്കൾ ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് സി രാധാകൃഷ്ണൻ രാജിവെച്ചത്.

രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ പാർലമെൻറ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ അന്നേദിവസം ഉണ്ടാകും. രാഹുൽഗാന്ധി നാമ നിർദേശ പത്രിക സമർപ്പിക്കുന്നത്.

സിപിഎം രഹസ്യ അക്കൗണ്ടുകൾ എന്തിനാണ് സൂക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.  കരവുന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്. കരുവന്നൂര്‍ ബാങ്ക് ഇടപാട് സംബന്ധിച്ച വാര്‍ത്ത തെറ്റെങ്കില്‍  സിപിഎം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മലേഷ്യൻ എയർലൈൻസ് സർവീസുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടായിരുന്ന മലേഷ്യൻ എയർലൈൻസിന്റെ തിരുവനന്തപുരം – ക്വലാലമ്പൂർ സർവീസ് ആഴ്ചയിൽ നാല് ആക്കി വ‍ർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

സുരേഷ് ഗോപിക്ക് വേണ്ടി മതവിശ്വാസത്തിന്റെ പേരിൽ വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനാണ് പരാതി നല്‍കിയത്.മാര്‍ച്ച് 30ന് ഇരിങ്ങാലക്കുട സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരു പറഞ്ഞ് സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് പരാതി.

കേരളത്തിൽ സമാജ്‍വാദി പാർട്ടിയുടെ പിന്തുണ യുഡിഎഫിന്. ലഖ്നൗവിൽ ചേർന്ന ‌യോ​ഗത്തിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് നിർദ്ദേശം നൽകിയതായി സമാജവാദി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സജി പോത്തൻ തോമസ് അറിയിച്ചു.

യുഡിഎഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ.ഇത്തവണ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി.

മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ് എച്ച് ഒ,  എവി  സൈജുവിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.സൈജു  ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു. ബലാത്സംഗ കേസിൽ  വ്യാജ രേഖ ഹാജരാക്കി നേടിയ ജാമ്യം ജസ്റ്റിസ് പി ഗോപിനാഥ് ആണ് റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടറുടെ ഹർജിയിലാണ് നടപടി.

പത്തനംതിട്ട  കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാർശ ചെയ്യും.10 ലക്ഷം രൂപ ഇന്ന് തന്നെ നൽകുമെന്ന് അധികൃതർ ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി .മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും, താത്കാലിക ജോലി ഉടൻ നൽകും. ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാർശ ചെയ്തു.

സംസ്ഥാനത്ത് 12 ജില്ലകലിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് . ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ്‌ വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന്  നിർദേശം നൽകി മന്ത്രി ആർ ബിന്ദു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. തിരുവനന്തപുരം സെന്റ് ആന്റ്സ് കോൺവെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റർ മർദിച്ചുവെന്നാണ് പരാതി.

കാട്ടാനയുടെ ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ലെന്നും ഞങ്ങളെ ആരെയും ദ്രോഹിക്കാതിരുന്നാല്‍ മതിയെന്നും സാധാരണക്കാരായ കര്‍ഷകരാണെന്നും ശാശ്വത പരിഹാരമുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ബിജുവിന്റെ കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്ന തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാമർശം വിവാദത്തിൽ. 1980-ൽ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലർ സംസാരിക്കുന്നതെന്ന് ശ്രീപെരമ്പത്തൂരിലെ ജനങ്ങൾ മനസ്സിലാക്കണമെന്നും ഹിന്ദി-സംസ്‌കൃതം, വടക്ക്-തെക്ക്, ഇതാണത്. അവർ ഇപ്പോഴും ഇത്രയും പഴകിയ, കീറിയ ചെരിപ്പുകൾ വലിച്ചെറിഞ്ഞിട്ടില്ല. ഇതാണ് ഡിഎംകെ എന്നായിരുന്നു അണ്ണാമലൈ പ്രസംഗിച്ചത്.

ഗ്യാൻവാപിയിലെ തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻറേതാണ് നിർദ്ദേശം.

വൈദ്യുതി നിരക്കിൽ ​കുറവ് വരുത്തി കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ. നിരക്ക് മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യൂണിറ്റിന് 1.10 രൂപയാണ് കുറച്ചത് . 15 വർഷത്തിനിടെ ആദ്യമായാണ് കർണാടകയിൽ വൈദ്യുതി നിരക്ക് കുറയുന്നത്.

ഇന്ത്യൻ ഉത്പന്നങ്ങൾക്കെതിരായ പ്രതിഷേധത്തെ വിമർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെടുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാക്കൾ അവരുടെ ഭാര്യമാരുടെ കൈവശമുള്ള ഇന്ത്യൻ സാരികൾ എന്തുകൊണ്ടാണ് ഉപേക്ഷിക്കാത്തത് എന്ന് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രിഷെയ്ഖ് ഹസീന വിമർശിച്ചു.

ബീഹാർ മുഖ്യമന്ത്രിയും നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നത് ആത്മഹത്യ ചെയ്തതിന് തുല്യമെന്ന് സിപിഎം ബീഹാർ സംസ്ഥാന സെക്രട്ടറി ലലന്‍ ചൗധരി. നിതീഷിന് വിശ്വാസ്യത നഷ്ടമായി കഴിഞ്ഞു. ഭിന്നിപ്പിക്കൽ രാഷ്ട്രീയം കൊണ്ടുനടക്കുന്ന ബിജെപിക്ക് എതിരെ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *