ലോകസിനിമ ചരിത്രത്തില്‍ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ല്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രംഗങ്ങളും ഇന്നും ചര്‍ച്ചാവിഷയമാണ്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്സ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഓര്മയില്ലാത്തവര് ഉണ്ടാവില്ല. അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ റോസിനെ രക്ഷിച്ചത് ഒരു ‘വാതില്‍പ്പലക’യുടെ കഷണമാണ്. പലകയില്‍ രണ്ടുപേര്‍ക്കിടമില്ലാത്തതിനാല്‍ ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തില്‍ വിറ്റു പോയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തില്‍ പോയത്. ബാള്‍സ മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തി ചിലര്‍ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വര്‍ഷം സംവിധായകന് ജെയിംസ് കാമറൂണ്‍ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്.