കീര്‍ത്തിചക്ര എന്ന ചിത്രത്തിലെ ‘ഹുദാ സെ മന്നത്ത് ഹേ മേരി’… എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഗായകനാണ് കൈലാഷ് ഖേര്‍. കശ്മീരിന്റെ സൗന്ദര്യം പാടിപുകഴ്ത്തുന്ന ആ ഗാനം ദേശാതിര്‍ത്തികള്‍ കടന്നു അക്കാലത്തു ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായകന്റെ പാട്ടുയാത്രകള്‍ക്കു ഇനി കൂട്ടാകുന്നത് ജാവ പെരക് ബോബറാണ്. പുതിയ വാഹനം ഗാരിജിലെത്തിച്ച സന്തോഷം ഗായകന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 2.13 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 30 എച്ച്പി പവറും 31 എന്‍എം ടോര്‍ക്കും ഉള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ വാഹനമാണ് ജാവ പെരക് ബോബര്‍. ആറു സ്പീഡ് ഗീയര്‍ ബോക്സാണ്. ജാവ 42 മായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പം കൂടി ശേഷി കൂടുതലുണ്ടെന്നു പറയാം. റിയറില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ സിസ്റ്റവും മുന്‍ഭാഗത്ത് ടെലിസ്‌കോപിക് യൂണിറ്റുമുണ്ട്. മുന്‍പിലും റിയറിലും ഡിസ്‌ക് ബ്രേക്കും നല്‍കിയിട്ടുണ്ട്. മറ്റൊരു എടുത്തുപറയേണ്ട സവിശേഷത ഡ്യൂവല്‍ ചാനല്‍ എബിഎസ് ആണ്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതും താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്നതുമായ ബോബര്‍ സ്‌റ്റൈല്‍ ഇരുചക്ര വാഹനമാണ് ജാവ പെരാക്. ജാവ 350, 42, 42 ബോബര്‍, പെരാക് എന്നിങ്ങനെ നിലവില്‍ നാലു മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്.