night news hd 1

ഇന്ത്യാമുന്നണി അധികാരത്തിലേറിയാല്‍ പൗരത്വനിയമഭേദഗതി നിയമം പിന്‍വലിക്കും എന്ന് എ കെ ആന്റണി . ഈ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാരിന്റെ അന്ത്യം കുറിക്കും. മോദി സർക്കാർ ഒരിക്കൽ കൂടി ഭരണത്തിൽ വന്നാൽ ഈ രാജ്യത്ത് എന്തൊക്കെ സംഭവിക്കും എന്ന് കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്‌കാരം ഇന്ദിരാഭവനില്‍ ഡോ ജോര്‍ജ് ഓണക്കൂറിനു നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൽപ്പറ്റയിൽ എത്തിയ സുരേന്ദ്രന് ബിജെപി പ്രവർത്തകർ ഗംഭീര സ്വീകരണം നൽകി . രാഹുൽ ഗാന്ധിക്ക് യാത്രയയപ്പ് നൽകി സന്തോഷത്തോടെ തിരിച്ചയക്കാനാണ് താൻ ഇവിടെ വന്നിരിക്കുന്നത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ആദിവാസി നേതാവ് സി കെ ജാനുവും സുരേന്ദ്രനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. തനിക്ക് വയനാടിനെ കുറിച്ച് കൃത്യമായ കാര്യങ്ങൾ അറിയാം ആവശ്യമായ എല്ലാ നടപടികളും താൻ സ്വീകരിക്കുമെന്നും കേസുരേന്ദ്രൻ പറഞ്ഞു.

തൊഴിൽ വകുപ്പ് ബിൽഡിംഗ്‌ സൈറ്റുകളിൽ നടത്തിയ പരിശോധനയിൽ മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ.ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ്സ് നിയമം, കരാർ തൊഴിലാളി നിയമം, മിനിമം വേജസ് ആക്ട് എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കമ്മീഷണർ അറിയിച്ചു.

സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍  സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്നതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം 9 തീയതി ഇറക്കിയിരുന്നു. പക്ഷേ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് വൈകിയതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ  ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിലാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. രേഖകൾ കൈമാറാൻ വൈകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് നടപടി.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇ .ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന തോമസ് ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും അധികാരികളെയും വെല്ലുവിളിക്കുന്നുവെന്നും, അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്‍റെ മൊഴിയെടുക്കണമെന്നും ഇ.ഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നും ഇഡി വ്യക്തമാക്കി.

പൗരന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താൻ പോരാടുന്നതെന്ന് തോമസ് ഐസക്. മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന്റെ മൊഴി എടുക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പ്രതികരണവുമായി എത്തിയതാണ് തോമസ് ഐസക്. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇവർ പറയട്ടെ, തന്നെ വിരട്ടാൻ നോക്കണ്ട, നിയമ പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകുമെന്ന് ഉറപ്പാണെന്ന് രമേശ്‌ ചെന്നിത്തല. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്. മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വേണ്ടിയാണ് ആന്‍റണി പത്തനംതിട്ടയിലെത്തുക. കോൺഗ്രസിന് ഇത് ഡു ഓര്‍ ഡൈ ഇലക്ഷൻ ആണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് എ കെ.ആന്‍റണി പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ, ഡീൻ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചു. ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍, പൗരത്വ ഭേദഗതി നിയമത്തെ  അനകൂലിച്ച് ഡീന്‍ വോട്ടു ചെയ്തു എന്നാരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്.

മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ചാണ്  മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതെന്ന് വിഡി സതീശൻ. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് എതിർത്ത് സംസാരിക്കുന്നത്. സി എ എ വിരുദ്ധ സമരത്തിലെ ഒട്ടുമിക്ക കേസുകളും ഇതുവരെയും പിൻവലിച്ചിട്ടില്ല. പറയുന്നതിൽ ഒട്ടും ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും വീഡി സതീശൻ കുറ്റപ്പെടുത്തി.

മാർച്ച് 30 വരെ അഞ്ച് ദിവസത്തേക്ക് മഴയുണ്ടാകും എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് ബുദ്ധിയുണ്ട്, ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ. പണം ഇല്ലെങ്കിൽ പ്രചാരണപ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാകും, ജനങ്ങളിലേക്ക് ഇറങ്ങും, അവർ സഹായിക്കുമെന്ന് ഉറപ്പുണ്ട്, നാരങ്ങാവെളളം കുടിക്കാൻ പോലും പണമില്ലാത്ത അവസ്ഥ പാർട്ടിക്കില്ല, താനിപ്പോഴും നാരങ്ങാവെളളം കുടിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.

KSEBക്ക് 767.71 കോടി രൂപ അനുവദിച്ചു.2022-2023 ലെ നഷ്ടത്തിന്റെ 75 ശതമാനമാണ് സർക്കാർ അനുവദിച്ചത്.   അതിനാൽ വൈദ്യുതി നിയന്ത്രണവും ഒഴിവായി.കനത്ത ചൂടുമൂലം വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്നതും ആണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമായത്. ചൂട് അധികമായതിനാൽ എസി അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗം കൂടുകയും, വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിൽ എത്തുകയും ചെയ്തു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുo. 14 വർഷമായി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി മുന്നോട്ടുപോകുന്നില്ലെന്ന് ഹൈക്കോടതി  വിമർശിച്ചു. വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചയ്ക്ക് 1.45ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഹാജകരാകണമെന്ന് കോടതി നിർദ്ദേശിച്ചു.

ചാലക്കുടി പരിയാരം സ്വദേശിയായ 54 കാരൻ വർഗീസിനെ ലഹരിയ്ക്കടിമയായ മകൻ തലയ്ക്കടിച്ച് കൊന്നതാണെന്ന് കണ്ടെത്തി. പ്രതിയായ  മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി കൈവശം വച്ചതിന് പോളിനെതിരെ നേരത്തെ കേസുണ്ടായിരുന്നു.

കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനമേറ്റതിനാലെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു . കുട്ടി തന്റേതല്ല എന്നു പറഞ്ഞ് മുഹമ്മദ് ഫായിസ് നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.മർദ്ദനത്തെ തുടർന്ന് കുഞ്ഞിന്റെ തലയിൽ ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണം. പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി.

വരുൺ നല്ല പ്രതിച്ഛായയുള്ളയാളാണ്,  ഗാന്ധിയനായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി. വരുണിനായി കോൺ​ഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ യുപി പി സി സി അധ്യക്ഷൻ അജയ് റായും, ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്‍ഗഡിലും മത്സരിക്കും.ഡാനിഷ് അലിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്.

മോദിക്ക് മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ  തനിക്കും പാർട്ടിക്കും ഉറക്കമില്ലെന്ന് ഉദയാനിധി പറഞ്ഞു. ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിനാണ് ഉദയാനിധി മറുപടി നൽകിയത്. ഡിഎംകെക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ ഇഡി കസ്റ്റഡിയിലിരുന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ്. ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്നും കെജ്‍രിവാൾ അറിയിച്ചതായി സൗരവ് ഭരദ്വാജ് വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. ഇൻസ്റ്റഗ്രാമിൽ കങ്കണയുടെ ചിത്രത്തോടൊപ്പം സുപ്രിയ ഇവരെ അധിക്ഷേപിക്കും വിധം പോസ്റ്റിട്ടു. എന്നാൽ ഇതിന് മറുപടിയുമായി താൻ സിനിമാ കരിയറില്‍ പല തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ സ്ത്രീകൾക്കും ബഹുമാനത്തിന് അർഹത ഉണ്ടെന്നും കങ്കണ പ്രതികരിച്ചിരുന്നു. എന്നാൽ തന്‍റെ അറിവോടെയല്ല സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വന്നതെന്നും ഉടൻ തന്നെ അത് പിൻവലിച്ചെന്നുമാണ് സുപ്രിയയുടെ വിശദീകരണം.

ഗാന്ധിജിയെയും ഗോഡ്സെയും കുറിച്ച് അഭിജിത് ഗംഗോപാധ്യായ നടത്തിയ പരാമർശത്തിനെതിരെ കോണ്‍ഗ്രസ്. അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഗാന്ധി, ഗോഡ്സെ- ഇവരിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കാൻ തനിക്ക് കഴിയില്ലെന്ന് അഭിജിത് ഗംഗോപാധ്യായ പറഞ്ഞതായി ഒരു ബംഗാളി ചാനലാണ് റിപ്പോർട്ട് ചെയ്തത്.

മമത ബാനര്‍ജിക്കെിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണo, എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. ദിലീപ് ഘോഷിനെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന്ടി എംസി അറിയിച്ചു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അമേരിക്ക. കേസില്‍ സുതാര്യവും, നിഷ്‍പക്ഷവും, നീതിപൂർവവുമായ അന്വേഷണം ഉറപ്പാക്കണമെന്ന്അമേരിക്ക ആവശ്യപ്പെട്ടു . നിയമനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കൻ വിദേശകാര്യ വക്താവ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *