എൻഡിഎ കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്. എന്നാൽ ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. അസീമുള്ള ഖാനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആർഎസ്എസ് ഓർക്കണമെന്നും ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കേണ്ടെന്ന് വെക്കുമോ എന്നും രാജ്യത്തിന്റെ സംസ്കാരം പ്രകാശ പൂർണമാക്കുന്നതിൽ മുസ്ലിം വിഭാഗവും വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിക്കെതിരെ കെ.സുരേന്ദ്രനോട് മല്‍സരിക്കാന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് സൂചന. കഴിഞ്ഞ ആഴ്ച സുരേന്ദ്രനെ ഡല്‍ഹിയില്‍ വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. കെ.സുരേന്ദ്രനുവേണ്ടി ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തും. സംസ്ഥാന അധ്യക്ഷപദവി ഒഴിയുന്ന സുരേന്ദ്രന് തിരഞ്ഞെടുപ്പിനുശേഷം അര്‍ഹമായ പദവി നല്‍കിയേക്കും.
കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശങ്ങൾ നൽകാൻ നീക്കം, മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയിലും അന്വേഷണ ഏജൻസികളിൽ മേലുള്ള പരാതികൾ ഇന്ത്യാ സഖ്യം നേതാക്കൾ ഇലക്ഷൻ കമ്മീഷന് മുന്നിൽ അവതരിപ്പിച്ചത്. ഇഡി, സിബിഐ അടക്കം അന്വേഷണ ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷൻ കമ്മീഷന്റെ ഇടപെടൽ. പരിശോധനയെന്ന രീതിയിൽ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മഹുവ മൊയിത്രയുടെ വസതിയിലും സിബിഐ റെയ്ഡ് നടത്തി, ഒരു പകൽ മുഴുവൻ പരിശോധിച്ചിട്ടും അവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല.
കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലം വാങ്ങിക്കുന്നത് നിര്‍ത്തിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണമെന്നും ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണമെന്നുമായിരുന്നു സത്യവാങ്ങ്മൂലം. 26 ന് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നായിരുന്നു നിര്‍ദേശം.
പൂക്കോട് വെറ്ററിനറി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ്. കഴിഞ്ഞ മാസം 9 നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും, എന്നാൽ അതിന് ശേഷം ഒന്നുമുണ്ടായില്ല. സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണവുമില്ല. ആന്റി റാഗിംഗ് സ്ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോൾ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. കേസ് തേച്ച് മായ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നും കുടുംബം ആരോപിച്ചു.
സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് കാസര്‍കോട് നീലേശ്വരം പാലായിയിലെ രാധയെന്ന വയോധികയ്ക്ക് സിപിഎമ്മിന്‍റെ വിലക്കെന്ന് പരാതി. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോഴാണ് ഭീഷണി.
എന്നാല്‍, പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.
വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ എന്ന കാട്ടാന. ഗ്യാപ്പ് റോഡിൽ ദേവികുളം ടോൾ ബൂത്തിന് സമീപമിറങ്ങിയ ആന ചെറിയ തോതിൽ ഗതാഗത തടസമുണ്ടാക്കി. സഞ്ചാരികൾ വിവരമറിയിച്ചതിനെ തുടർന്ന് ആര്‍.ടി.ടി സംഘമെത്തി പടയപ്പയെ ചൊക്കനാട് എസ്റ്റേറ്റിലേക്ക് തുരത്തിയതിനെ തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചു.
ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നുവെന്നും, ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നൽകിയിരുന്നെന്നു. ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.
പത്തനംതിട്ടയിൽ സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂർ കോൺഗ്രസിൽ ചേർന്നു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്‌ദുൾ ഷുക്കൂർ. ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൂടുതൽ സിപിഐ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നും ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു.
കണ്ണൂർ മട്ടന്നൂരിൽ സിപിഎം പ്രവർത്തകരായ ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തു തർക്കങ്ങൾ നിലനിന്നിരുന്നു എന്നാണ് വിവരം. മട്ടന്നൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇന്നു കൂടി പേര് ചേർക്കാൻ അവസരം. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
കോട്ടയത്ത് രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ സത്ത് സ്വദേശി മണികുഞ്ഞ് എന്നു വിളിക്കുന്ന അജിത്ത് കുമാര്‍ , കടുത്തുരുത്തി മുട്ടുചിറ സ്വദേശി അനന്തു പ്രദീപ് എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഇരുവരെയും ഒന്‍പതു മാസത്തേക്കാണ് ജില്ലയിൽ നിന്ന് പുറത്താക്കിയത്.
കേരളത്തിൽ ഈ മാസം 28 വരെ തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകി.
ഇടുക്കിയിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരാഴ്ചക്കുള്ളിൽ നൽകി തുടങ്ങുമെന്ന് സൂചന. വർഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് വിതരണം ചെയ്യുന്നത്. ചീഫ് പ്ലാൻ്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിലായിരുന്നു തിരുമാനം.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന റിപ്പോർട്ടിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാർ റേഞ്ച് ഓഫീസർ ബി.ആർ. ജയനെതിരെ നൽകിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതാണോ എന്നാണ് വനംവകുപ്പിന്റെ സംശയം. ജയനെതിരെ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ പേര് അടക്കം ഈ കഞ്ചാവ് വളർത്തലിനെ കുറിച്ചുളള റിപ്പോർട്ടിലുണ്ട്. ജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 40 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസിൽ കഞ്ചാവ് വളർത്തിയെന്നത് വിശ്വസനീയമല്ലെന്നും ഇവർ വ്യക്തമാക്കുന്നു.
എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിച്ചു. സാമൂഹ്യശാസ്ത്രമായിരുന്നു ഇന്നത്തെ വിഷയം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുമെന്നും, മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. പ്ലസ് ടു പരീക്ഷകൾ നാളെ അവസാനിക്കും.
കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അഞ്ചു വയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. കടത്താറ്റുവയലിൽ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയെത്തിയപ്പോഴായിരുന്നു അപകടം. തിരക്കിലുംതിരക്കിലും പെട്ട് അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് താഴെവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബോള്‍ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരനായ വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറിന് ദാരുണാന്ത്യം. ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറത്ത് തടിലോറി പൊട്ടിച്ച കെ ഫോണിന്‍റെ കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റ കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറായ തമിഴ്നാട് തെങ്കാശി സ്വദേശി ദുർഗേഷ് ആണ് കീഴടങ്ങിയത്. മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു.
കോതമംഗലം ടൗണിലെ വിവിധയിടങ്ങളിലായി തെരുവുനായയുടെ ആക്രണത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. എട്ടുപേരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
മാവൂരിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുളളിൽ സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി.
ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്മേൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമർശത്തിൽ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ തൂത്തുക്കൂടി പൊലീസ് കേസെടുത്തു. 294(ബി ) പൊതുസ്ഥലത്ത് അസഭ്യം പറയൽ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെ സേലത്തെ പൊതുയോഗത്തിൽ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴായിരുന്നു അനിത രാധാകൃഷ്ണന്റെ അതിരുവിട്ട പരാമർശം. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൂടാതെ വേദിയിലുണ്ടായിട്ടും പരാമർശം തിരുത്താൻ ശ്രമിക്കാതിരുന്ന കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുമുണ്ട്.
മധ്യപ്രദേശിലെ ഉജ്ജെെനിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്ക്. പുലർച്ചെ മഹാകാൽ ക്ഷേത്രത്തിലെ ശ്രീകോവിലിലാണ് തീ പടർന്നത്. പൂജാരി അടക്കം ക്ഷേത്രത്തികത്ത് ഉണ്ടായിരുവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉജ്ജൈൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്ന് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടിൽ കുത്തിയിട്ടിരുന്ന ചാർജറിൽ നിന്നും തീ പടർന്നാണ് നാല് കുട്ടികൾ വെന്തുമരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.