Screenshot 2024 02 27 20 21 14 990 com.android.chrome edit 4

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ  ഇഡിയുടെ അറസ്റ്റിനെതിരായി സമർപ്പിച്ച ഹർജി പിൻവലിച്ചു. വിചാരണ കോടതി റിമാന്‍ഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്.

ഇഡിയുടെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാൾ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡി അറസ്റ്റ് ചെയ്യാൻ തിടുക്കം കാട്ടിയത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാൾ. അരവിന്ദ് കെജ്രിവാൾ ജീവിക്കുന്നത് തന്നെ രാജ്യത്തിനു വേണ്ടിയാണ്. അധികാരമുള്ളതിന്റെ അഹങ്കാരമാണ് മോദി കാണിക്കുന്നത് എന്നും അദ്ദേഹത്തിന്റെ ഭാര്യ സമൂഹമാധ്യമമായ എക്സിലുടെ പറഞ്ഞു. മുൻ ഐ ആർ എസ് ഓഫീസർ കൂടിയാണ് സുനിത കെജ്രിവാൾ.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്ക,  ഇന്ത്യ സഖ്യ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും, കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണം തടയാൻ വേണ്ടിയാണെന്ന് അവർ ആരോപിച്ചു. ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ  ചർച്ച ചെയ്യപ്പെടാതിരിക്കാൻ കൂടി വേണ്ടിയാണ് ഈ അറസ്റ്റ് നാടകം എന്നും അവർ പ്രതികരിച്ചു.

പെരുമാറ്റ ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ടി എൻ പ്രതാപൻ എംപി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെയാണ് പരാതി നൽകിയത്.സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതി.

എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായാണ് പരാതി.കെ ഡെസ്ക്കിലെ ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്. ഹരിതസേന, കുടുംബശ്രീ തുടങ്ങിയവയെയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കാണ് യുഡിഎഫ്പരാതി നൽകിയത്.

 

ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സർക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവർണർ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് ദില്ലി ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോൺഗ്രസിന്റെ 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശിക 520 കോടിയെന്നാണ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയെ ഇൻകം ടാക്സ് വിഭാഗം അറിയിച്ചത്.അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കാന്‍ പോലുമുള്ള പണം പാര്‍ട്ടിയുടെ കൈയിലില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

ഇഡി പോലുള്ള കേന്ദ്ര ഏജൻസികള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെത്തുമ്പോള്‍ കേന്ദ്ര ഏജൻസികള്‍ മൗനം പാലിക്കുന്നുവെന്നും, പിണറായി സര്‍ക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വിഡി സതീശൻ വ്യക്തമാക്കി. കെജ്രിവാളിന്‍റെ അറസ്റ്റ് വിചിത്രമായ സംഭവമാണെന്നും എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് മോദി സര്‍ക്കാരിനെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്നവര്‍ക്ക് പാര്‍ട്ടിയിൽ പുതിയ ചുമതല. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നവരെ ഡിസിസി വൈസ് പ്രസിഡന്റുമാരായി ഉയര്‍ത്തി. ഇതേസമയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായിരുന്നവരെ ഡിസിസികളിലെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു.

അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.മധ്യ  കേരളത്തിൽ – എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം – എന്നീ ജില്ലകളിൽ  രാത്രിയിൽ ചില പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ വിസമ്മതിച്ച സർക്കാർ നടപടിക്കെതിരെ ഗവർണർക്ക് സ്പെഷ്യൽ റിപ്പോർട്ട് നൽകി ലോകായുക്ത . ലോകായുക്ത നിയമപ്രകാരം ഗവണർ സ്വന്തം അഭിപ്രായം രേഖപ്പെടുത്തി ഈ റിപ്പോർട്ട് നിയമസഭയിൽ നൽകണെന്നാണ് വ്യവസ്ഥ.

കലയുടെ അളവ് കോൽ തൊലിയുടെ നിറഭേദമല്ല, ഭാവങ്ങളാണ്. മറിച്ച് ചിന്തിക്കുന്നത് വംശീയമാണ് എന്ന വിമർശനവുമായി രമേശ് ചെന്നിത്തല. കലാമണ്ഡലം സത്യഭാമ എന്ന നർത്തകി ഇന്നലെ ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയപരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ അനാവശ്യവിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമായ കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്നു. എയര്‍ കണ്ടീഷ്ണര്‍ ഉപയോഗം കൂടുന്നതാണ് ഇതിൽ വലിയ പങ്ക് വഹിക്കുന്നത്.ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്.വൈദ്യുതി ഉപയോഗം കൂടിവരുന്നത് വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംഘർഷാവസ്ഥ നിലനിൽക്കുന്ന റഷ്യൻ, യുക്രൈൻ മേഖലകളിലേയ്ക്ക്‌  തൊഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്ക റൂട്ട്സ് അധികൃതരും അറിയിച്ചു.ഈ മേഖലകളിലേക്ക് തൊഴിൽ വാഗ്ദാനം ലഭിച്ച് പോയ ചിലർ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.

കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങൾ ഒഴിച്ചിട്ട് ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടിക. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളുടെ പേരുകളാണ് ഇന്ന് പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍നിന്ന് മത്സരിക്കുo. തമിഴ്നാട്ടിലെ 14 സ്ഥാനാർഥികളുടെ‌    പേരും ഇന്ന് പ്രസിദ്ധീകരിച്ച പട്ടികയിൽ  പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‍രിവാൾ അനുഭവിക്കുന്നതെന്നും മദ്യത്തിനെതിരെ ശബ്ദമുയർത്തിയ ആൾ മദ്യനയം രൂപീകരിച്ചെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. കൂടാതെ കെജ്‍രിവാളിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കർമഫലമാണ് അരവിന്ദ് കെജ്‍രിവാള്‍ ഇന്ന് അനുഭവിക്കുന്നതെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയും കുററപ്പെടുത്തി.

വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തിൽ ആ‍ർക്കും നിർബന്ധിക്കാനാകില്ലെന്നാണ് മദ്രാസ് ഹൈക്കോടതി. പോളിംഗ് ദിവസത്തെ അവധി എടുക്കുന്നവർ വോട്ടിംഗ് സ്ലിപ് ഹാജരാക്കുന്നത് നിർബന്ധം ആക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.

ഒഡീഷയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് ബിജെഡിയും ബിജെപിയും. സംസ്ഥാനത്തെ 141 നിയമസഭ മണ്ഡലങ്ങളിലും 21 ലോക്സഭ മണ്ഡലങ്ങളിലും ഇരു പാർട്ടികളും ഒറ്റക്ക് മത്സരിക്കും. സഖ്യമില്ലെന്ന് ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെഡിയുടെ പ്രഖ്യാപനവും പുറത്തുവന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *