ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർദ്ധിപ്പിച്ച് വിജ്ഞാപനമിറക്കാൻ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് കേന്ദ്രം കമ്മീഷന്റെ അനുമതി തേടിയത്. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും. ഏപ്രിൽ ഒന്നു മുതലാകും കൂലി വർദ്ധനവ് നിലവിൽ വരിക. കഴിഞ്ഞ വർഷം മാർച്ചിൽ കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയിൽനിന്നും 22 രൂപ കൂട്ടി 333 രൂപയാക്കി കേന്ദ്രം ഉയർത്തിയിരുന്നു.
വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ച സംഭവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. അനന്തുവിന്റെ കുടുംബത്തിന് ആര് നഷ്ടപരിഹാരം നൽകും എന്നതിൽ യോഗത്തില്‍ വ്യക്തതയുണ്ടായില്ല. നഷ്ടപരിഹാരം സംബന്ധിച്ച് അദാനി ഗ്രൂപ്പും യോഗത്തില്‍ നിലപാട് അറിയിച്ചില്ല. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടത്, കൂടാതെ മുൻപ് അപകടത്തിൽ പരിക്ക് പറ്റിയ സന്ധ്യരാണിക്കും നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ലെന്ന് കോൺഗ്രസ് നേതാവ് എം വിന്‍സെന്റ് പറഞ്ഞു. അതോടൊപ്പം പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കുമെന്നും, അപകടം ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കുമെന്നും പീക്ക് സമയത്ത് വാഹനങ്ങൾ ഓടാൻ പാടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്കിനെതിരെ പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി കൊണ്ട് ഡിഎച്ച്എസ് സർക്കുലർ ഇറക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. എന്നാൽ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.
പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ മറ്റു റാങ്കുകാർ കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയതായി ആരോപിച്ച് ഹർജിക്കാരനായ ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന സി. ഗണേശനും നാലാം റാങ്കിന് ഉടമയായ പി.പി. പ്രകാശനും ഉന്നതപദവികൾ നൽകിയെന്നും രണ്ട് പേരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ, ഇത് പിന്നീട് ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോയിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത സംഭവത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് രമേശ് കുമാറിന് കോയമ്പത്തൂർ മണ്ഡലത്തിലെ ഉപവരണാധികാരി പി സുരേഷ് നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാൻ ഇടയായ കാരണം വിശദീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ ഇന്നലെ സായ് ബാബ വിദ്യാലയം സ്കൂൾ മാനേജ്മെന്റിനെതിരെ സായ് ബാബ കോളനി പൊലീസ് കേസെടുത്തിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് കളക്ടർ വ്യക്തമാക്കി.
കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന 28 മുതൽ കളളപ്പണ പരിശോധനയും ശക്തമാക്കുമെന്ന് ആദായ നികുതി വകുപ്പ്. ലോക്സഭാ മണ്ഡലത്തിൽ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് ചെലവാക്കാനാകുക. നിരീക്ഷണത്തിനായി സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 160 സ്ക്വാഡുകളെ സജജമാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാൻ സ്വീകരിച്ച നടപടികളെപ്പററി വിശദമാക്കുന്നതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്തെ കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി അന്വേഷിച്ച മാധ്യമ പ്രവർത്തകരോട് സംഭവത്തിൽ കേട്ടുകേൾവിയേ ഉള്ളുവെന്നും പണം തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും കൂടുതൽ ഒന്നും അറിയില്ലെന്നും ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ദേബ് ജ്യോതി ദാസ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയിൽ നിന്ന് കുഴൽപ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്.
കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെ രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു അവരുടെ പരാമർശം. ഡോ. ആര് എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി ഒരുപാട് പ്രമുഖര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റുകളിട്ടു. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. സാംസ്കാരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുകയെന്നും കലാഭവൻ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.
താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും, നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു.
ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവര്‍ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് എന്നാണ് വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അതോടൊപ്പം ജാതി വർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നുവെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന് വ്യക്തമാക്കി. രാമകൃഷ്ണന്റെ കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പ്രകാശ് ജാവേദക്കറെ കണ്ടതെന്നും, രാജേന്ദ്രൻ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എം എം മണി പറഞ്ഞു.
ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് എം എം മണി. എം പി ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കടുത്ത ഭാഷയിൽ പറഞ്ഞു എന്നേയുള്ളൂവെന്നും എം എം മണി വിശദീകരിച്ചു. അതോടൊപ്പം ഡീന്‍ കുര്യാക്കോസിനെതിരായ എം എം മണിയുടെ പരാമർശം സ്വാഭാവിക സംസാരത്തിൽ നിന്നും ഉണ്ടായതാണെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. തങ്ങൾ ആരെയും വ്യക്തിഹത്യ നടത്തുന്ന പാർട്ടി അല്ലെന്നും, നാടൻ ഭാഷ പ്രയോഗം മാത്രമാണതെന്നും അദ്ദേഹം പറഞ്ഞു.
ഹേബിയസ് കോർപ്പസ് ഹർജികളിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലും കൗൺസിലിങ് നൽകി പങ്കാളികളുടെ കാഴ്ച്ചപ്പാട് മാറ്റുന്നതിന് ജഡ്ജിമാർ ശ്രമിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെ ലെസ്ബിയൻ പങ്കാളിയെ കൗൺസിലിങ്ങിന് വിധേയമാക്കാൻ നിർദേശിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ആയിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം നൽകിയത്.
ക്രിസ്ത്യൻ വിഭാഗത്തിനെതിരെയ ആക്രമണം രാജ്യത്ത് വർധിക്കുന്നുവെന്ന ആരോപണവുമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ജനുവരിമുതല്‍ മാർച്ച് 15 വരെ 161 അതിക്രമ സംഭവങ്ങള്‍ ഉണ്ടായതായും, ഛത്തീസ്ഗഡില്‍ 47 അതിക്രമങ്ങളും യുപിയില്‍ 36 അതിക്രമങ്ങളും ക്രിസ്ത്യൻ വിഭാഗത്തിന് നേരെയുണ്ടായെന്നും സംഘടന ആരോപിച്ചു. അതിക്രമങ്ങള്‍ തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കോട്ടയം പാലായിൽ ടർഫിൽ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ രാവിലെ എട്ടോടെയായിരുന്നു സംഭവം.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി നഴ്സിനെ ആക്രമിച്ചു. വനിതാ സിവിൽ പൊലീസ് ഓഫീസറെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായ മാധവൻ എന്നയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ പരിചരിക്കുന്നതിനിടെ നഴ്സിനെയും ആക്രമിക്കുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസറടക്കം രണ്ട് വനിതകളെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെയാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പൊലീസ് തങ്ങളെ അറിയിച്ചില്ലെന്നും നഴ്സ് പറഞ്ഞു. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
വയനാട് മുളള്ളൻകൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. കബനിഗിരിയിൽ കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിക്കുകയായിരുന്നു. പൂഴിപുറത്ത് മാത്യുവിൻ്റെ പശുകിടാവിനെയാണ് കടുവ പിടികൂടിയത്. ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും കിടാവിനെ കൊണ്ടുപോയിരുന്നു. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശുവിനെയും കടുവ ആക്രമിച്ചു. രാവിലെ നടത്തിയ തിരച്ചിലിൽ തൊഴുത്തിൽ നിന്ന് 100 മീറ്റർ അകലെ പാതി തിന്ന നിലയിൽ പശുക്കിടാവിൻ്റെ ജഡം കണ്ടെത്തുകയായിരുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരാതിയെ തുടർന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും, കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്.
തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയിൽ നടക്കും. 2021ൽ ഡിഎംകെ വൻ ജയം
നേടിയ നിയമസഭ തെരഞ്ഞെടുപ്പിലും സ്റ്റാലിൻ പ്രചാരണം തുടങ്ങിയത് തിരുച്ചിറപ്പള്ളിയിൽ ആയിരുന്നു. വൈക്കോയുടെ മകൻ ദുരൈ ആണ് ഇവിടെ ഡിഎംകെ സഖ്യതിന്റെ സ്ഥാനാർഥി. അടുത്ത മാസം 17 വരെ ആകെ 20 ദിവസം ആണ് സ്റ്റാലിൻ പ്രചാരണം നടത്തുന്നത്.
ബിജെപിയുടെ ഉന്നത ന്യൂനപക്ഷ നേതാവും ആദ്യ ന്യൂനപക്ഷ എംഎൽഎയുമായ അമിനുൾ ഹഖ് ലാസ്കർ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര സിംഗ് അൽവാറിൻ്റെ സാന്നിധ്യത്തിൽ ബുധനാഴ്ച്ചയാണ് അമിനുൾ കോൺഗ്രസിൽ നിന്ന് അംഗത്വം സ്വീകരിച്ചത്.