yt cover 20

https://dailynewslive.in/ 2014 മുതലുള്ള നികുതി കുടിശ്ശികയുടെ പേരില്‍ കോണ്‍ഗ്രസിനെ വളഞ്ഞ് ആദായ നികുതി വകുപ്പ്. 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശ്ശിക കൂടി കൂട്ടി 520 കോടി രൂപയുടെ നികുതി കുടിശ്ശിക കോണ്‍ഗ്രസ് അടച്ചില്ലെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച ആദായ നികുതി വകുപ്പിന്റെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദില്ലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നോട്ടീസ് റദ്ദാക്കാന്‍ കോടതി തയ്യാറായില്ല. അതേസമയം നോട്ടീസിനെതിരെ കോണ്‍ഗ്രസിന് ആദായ നികുതി അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ആദായനികുതി നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് എതിരായാണ് നികുതി പുനര്‍നിര്‍ണ്ണയം നടക്കുന്നത് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയില്‍ ആരോപിച്ചു. എന്നാല്‍ നിയമം പാലിച്ച് കൊണ്ടുള്ള പുനര്‍നിര്‍ണ്ണയം ആണ് നടക്കുന്നത് എന്ന് ആദായനികുതി വകുപ്പും വാദിച്ചു.

https://dailynewslive.in/ 2018 ല്‍ കര്‍ണാടക തിരഞ്ഞെടുപ്പിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. രാഹുല്‍ 27ന് നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ച് ചായ്ബസയിലെ എംപി-എംഎല്‍എ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടിയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നുവെന്നാരോപിച്ച് രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള്‍, അഖിലേഷ് യാദവ് എന്നീ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വോട്ടര്‍മാരുടെ വിവേകത്തെ വിലകുറച്ചു കാണരുതെന്നു വ്യക്തമാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

https://dailynewslive.in/ ‘ശക്തി’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി ബിജെപി. ഹിന്ദുമത വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതും പരസ്പരം മത വൈരം വളര്‍ത്തുന്നതുമായ പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ബിജെപി ആരോപിച്ചു. മുംബൈയിലെ ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയില്‍, തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെയല്ല ഒരു ശക്തിക്കെതിരെ (അധികാരത്തിനെതിരെ) ആണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിയമമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജുഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സമിതി നിഷ്പക്ഷമാകൂ എന്ന വാദം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്നാണ് കരുതപ്പെടുന്നതെന്നും ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

https://dailynewslive.in/ പത്മജ വേണുഗോപാലിന് പിന്നാലെ തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. കായിക താരം കൂടിയായിരുന്ന പദ്മിനി തോമസ്, തമ്പാനൂര്‍ സതീഷ് എന്നിവര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന മഹേശ്വരന്‍ നായരും ബിജെപിയില്‍ ചേരുന്നത്.

https://dailynewslive.in/ കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സിപിഎം മുന്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍. ഡല്‍ഹിയില്‍ വച്ചാണ് അദ്ദേഹം പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം രാജേന്ദ്രന്‍ താനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയില്‍ ചേരുന്ന കാര്യം സംബന്ധിച്ചല്ലെന്നും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് പ്രകാശ് ജാവദേക്കറും വ്യക്തമാക്കി

https://dailynewslive.in/ വനത്തിനുള്ളില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തില്‍ ഒരാളെ കാട്ടാന ചവിട്ടി കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാല്‍ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥന്‍ മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പുളിഞ്ചാല്‍ വനമേഖലയിലാണ് സംഭവം. ജനവാസമേഖലയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയാണു സംഭവം നടന്നത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

https://dailynewslive.in/ ഇ പി ജയരാജനുമായി തനിക്ക് യാതൊരു ബിസിനസ് ഡീലും ഇല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ശരിയല്ലെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതുപോലെയുള്ള ആരോപണങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കും പുറകെ പോകാന്‍ തനിക്ക് സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ രാജീവ് ചന്ദ്രശേഖറും ഇ പി ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ കയ്യില്‍ ഉണ്ടെന്ന് വി ഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ ഇതുവരെയും കൃത്യമായ അന്വേഷണം നടന്നിട്ടില്ല. ബിജെപിയുമായുള്ള ബന്ധത്തിനു വേണ്ടി പിണറായി വിജയന്‍ ജയരാജനെ ഉപയോഗിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ മാര്‍ച്ച് 22 ന് എല്ലാ ജില്ലകളിലും വേനല്‍ മഴ ലഭ്യമാകുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മഴ ലഭിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ്. നാളെ കേരളത്തില്‍ വ്യാപകമായി മഴ ലഭ്യമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

https://dailynewslive.in/ പ്രിയ വര്‍ഗീസിനെതിരെ കേസിന് പോകാതിരിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന പട്ടികയിലെ മറ്റ് റാങ്കുകാര്‍ക്ക് ഉന്നത പദവികള്‍ നല്‍കിയെന്ന ആരോപണവുമായി ഹര്‍ജിക്കാരന്‍ ജോസഫ് സ്‌കറിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. പട്ടികയില്‍ മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേശനും നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശനുമാണ് ഉന്നതപദവികള്‍ നല്‍കിയത് എന്നാണ് ആരോപണം.

https://dailynewslive.in/ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. കൊവിഡ് കള്ളി എന്നുള്‍പ്പെടെ വിളിച്ച് നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടും. വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പേര് നിശ്ചയിച്ചതിന് ശേഷം തനിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ.

https://dailynewslive.in/ ഡിജിറ്റല്‍ എക്‌സറേ ഫിലിം ഇല്ലാത്തത് മൂലം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്‌സ്റേ യൂണിറ്റ് അടച്ചുപൂട്ടി. എക്‌സ്‌റേ ഫിലിം കമ്പനിക്ക് പണം നല്‍കാത്തതിനാല്‍ ഫിലം വിതരണം മുടങ്ങുകയായിരുന്നു. 10 ലക്ഷത്തിലധികം രൂപ കമ്പനിക്ക് കൊടുക്കാനുണ്ട്. കഴിഞ്ഞ ആറുമാസമായി ഇത് മുടങ്ങിക്കിടക്കുകയാണ്. അധികൃതരുടെ അനാസ്ഥ മൂലം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായത്. എക്‌സ്‌റേ യൂണിറ്റ് അടച്ചത് പുതിയതായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച അത്യാഹിത വിഭാഗത്തെയും ട്രോമാ കെയര്‍ യൂണിറ്റിനെയും ബാധിച്ചു.

https://dailynewslive.in/ കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസില്‍ ഇനി മുതല്‍ രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാന്‍ന്റീന്‍ പ്രവര്‍ത്തിക്കുകയെന്ന് അറിയിപ്പ്. വിദ്യാര്‍ത്ഥികള്‍ രാത്രി 12 മണിക്ക് മുമ്പാകെ ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കണമെന്നും ഡീന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് സസ്പെന്‍ഷന്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

https://dailynewslive.in/ തൃശ്ശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴകള്‍ വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതര്‍ വെട്ടികളഞ്ഞെന്ന് പരാതി. കെഎസ്ഇബിയുടേത് നീതികരിക്കാനാവാത്ത നടപടിയാണെന്നും കര്‍ഷക ദ്രോഹം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം പനവിള ജംഗ്ഷനിലുണ്ടായ അപകടത്തില്‍ മലയന്‍കീഴ് സ്വദേശി സുധീര്‍ മരിച്ചു . അമിതവേഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പറിനടിയിലേക്ക് സുധീര്‍ ഓടിച്ചിരുന്ന വാഹനം വീഴുകയായിരുന്നു. അധ്യാപകനാണ് സുധീര്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

https://dailynewslive.in/ ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന പാപ്പാന് ദാരുണാന്ത്യം.ആനയ്ക്കിടയില്‍ കുരുങ്ങി ആന പാപ്പാന്‍ കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

https://dailynewslive.in/ മകള്‍ക്കൊപ്പം കാമുകനെ വീട്ടില്‍ കണ്ടതില്‍ കുപിതയായി അമ്മ മകളെ കഴുത്തു ഞെരിച്ചു കൊന്നു. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മകള്‍ കാമുകനെ വിളിച്ചുവരുത്തിയെന്ന് ആരോപിച്ച് മര്‍ദിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു. 19 വയസുകാരിയായ ഭാര്‍ഗവിയാണ് സ്വന്തം വീട്ടിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടത്.

https://dailynewslive.in/ നീലഗിരി ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.

https://dailynewslive.in/ സദ്ഗുരു ജഗ്ഗി വാസുദേവ് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി ഇഷ ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

https://dailynewslive.in/ മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളില്‍ ഇതില്‍ നടപടി ഉണ്ടാകും. കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

https://dailynewslive.in/ വിദ്വേഷ പ്രസ്താവനയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ത്ലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് മധുര പൊലീസ്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. അതോടൊപ്പം കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം ശോഭ കരന്ത്‌ലജെക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

https://dailynewslive.in/ വാട്സാപ്പില്‍ ലഭിക്കുന്ന നരേന്ദ്ര മോദിയുടെ വികസിത് ഭാരത് സന്ദേശത്തിന്റെ പേരില്‍ വിവാദം. വികസിത ഭാരത പ്രചാരണത്തിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബിജെപിക്ക് എങ്ങനെ കിട്ടിയെന്നും നിഷ്പക്ഷമായല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ്. നടപടികള്‍ സുതാര്യമല്ലെങ്കില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ ദില്ലി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ദില്ലി ഹൈക്കോടതി. സമന്‍സിനെതിരായ കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.

https://dailynewslive.in/ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി, വിക്രം സാരാഭായ് സ്പേസ് സെന്ററുമായി സമഗ്ര ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബഹിരാകാശ പദ്ധതികള്‍ക്കുള്ള വസ്തുക്കള്‍ വികസിപ്പിക്കാനും, ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി ആണ് ധാരണപത്രം തയ്യാറാക്കിയിരിക്കുന്നത്.

https://dailynewslive.in/ ഡാനിഷ് അലി, പപ്പു യാദവ് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്തെത്തി ഇരുവരും പാര്‍ട്ടി അംഗത്വമെടുത്തു. പപ്പു യാദവിനൊപ്പം ‘ജന്‍ അധികാര്‍ പാര്‍ട്ടി’യും കോണ്‍ഗ്രസില്‍ ലയിച്ചു. യുപിയിലെ അംരോഹയില്‍ നിന്ന് ഡാനിഷ് അലിയും, ബിഹാറിലെ പുര്‍ണിയയില്‍ നിന്ന് പപ്പു യാദവും ലോക് സഭയിലേക്ക് മത്സരിക്കും.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും, തന്ത്രപരവുമായ പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് യോജിച്ച ശ്രമങ്ങള്‍ നടത്താനും ഇരു നേതാക്കളും ധാരണയിലായി.

https://dailynewslive.in/ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് ഫിന്‍ലാന്‍ഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഫിന്‍ലാന്‍ഡിനെ ഈ അംഗീകാരം ലഭിക്കുന്നത്. ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ഹാപ്പിനെസ്സ് റാങ്കിംഗില്‍ ഫിന്‍ലന്‍ഡിന് തൊട്ടുപിന്നാലെയായി ഉള്ളത്. ഏറ്റവും അവസാന സ്ഥാനത്തുള്ളത് അഫ്ഗാനിസ്ഥാനാണുള്ളത്. 143 രാജ്യങ്ങളുള്ളതില്‍ ഇന്ത്യയുടെ റാങ്കിംഗ് 126 ആണ്. റാങ്കിംഗില്‍ മുപ്പതാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമതാണ്.

https://dailynewslive.in/ എയര്‍ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സര്‍ക്കാറിന്റെ കൈകളിലേക്ക്. മുംബൈയിലെ നരിമാന്‍ പോയിന്റിലെ എയര്‍ ഇന്ത്യ കെട്ടിടമാണ് മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കിയത്. കെട്ടിടം കൈമാറുന്നതുമായി ബന്ധപ്പെട്ടുളള മുഴുവന്‍ ഇടപാടുകളും പൂര്‍ത്തിയായിട്ടുണ്ട്. എയര്‍ ഇന്ത്യ ഉടമസ്ഥാവകാശം അസറ്റ് ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് കൈമാറാന്‍ ഇന്ത്യ ഗവണ്‍മെന്റ് ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. 1,601 കോടി രൂപയുടേതാണ് ഇടപാട്. അടുത്തിടെ എയര്‍ ഇന്ത്യയുടെ നിക്ഷേപം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കെട്ടിടം വിറ്റഴിച്ചത്. നരിമാന്‍ പോയിന്റിലെ കെട്ടിടം എയര്‍ ഇന്ത്യയുടെ ഐക്കണിക് പ്രതീകമായാണ് വിശേഷിപ്പിച്ചിരുന്നത്. 2022 ജനുവരി 27-നാണ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിന് അനുമതി ലഭിച്ചത്. നിലവില്‍, ഏറ്റെടുക്കല്‍ നടപടികള്‍ മുഴുവനായും പൂര്‍ത്തിയായിട്ടുണ്ട്.

https://dailynewslive.in/ പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ആടുജീവിത’ത്തിലെ ഏവരും കാത്തിരുന്ന പാട്ടെത്തി. ഓഡിയോ ലോഞ്ച് വേള മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ‘പെരിയോനെ റഹ്‌മാനെ..’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റഫീക്ക് അഹമ്മദ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ രാജ് ആണ് ആലാപനം. ചില മൂവി സീനുകള്‍ മാത്രമാണ് ഗാനരംഗത്ത് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ബാക്കിയെല്ലാം നജീബിന്റെ ജീവിതത്തിലൂടെ റഹ്‌മാന്‍ സഞ്ചരിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമായ ഗാനം നജീബിന്റെ ഉള്ളുതൊട്ട ഗാനമെന്നാണ് ഏവരും പറയുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തും. ബെന്യാമിന്റെ ആടുജീവിതം എന്ന ചിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസി ആണ്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

https://dailynewslive.in/ വിഖ്യാത സംഗീതജ്ഞന്‍ ഇളയരാജയുടെ ജീവിതം സിനിമയാവുന്നു. തമിഴ് സൂപ്പര്‍താരം ധനുഷാണ് ഇളയരാജയുടെ വേഷത്തിലെത്തുന്നത്. ‘ഇളയരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ധനുഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഇളയരാജ തന്നെയായിരിക്കും. അഭിമാനം ഇളയരാജ സാര്‍ എന്ന കുറിപ്പിലാണ് പോസ്റ്റര്‍. തോളില്‍ ഹാര്‍മോണിയവും തൂക്കി പുറം തിരിഞ്ഞു നില്‍ക്കുന്ന ധനുഷിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പഴയ മദ്രാസിനെ പശ്ചാത്തലമായുള്ള പോസ്റ്ററില്‍ ദി കിംഗ് ഓഫ് മ്യൂസിക് എന്ന് ടാഗ് ലൈനായി കുറിച്ചിട്ടുണ്ട്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. നീരവ് ഷാ ആണ് ഡിഒപി. മുത്തുരാജ് പ്രൊഡക്ഷന്‍ ഡിസൈനറാണ്. ശ്രീറാം ഭക്തിശരന്‍, സികെ പദ്മകുമാര്‍, വരുണ്‍ മധുര്‍, ഇളംപരിതി ഗജേന്ദ്രന്‍, സൗരഭ് മിശ്ര തുടങ്ങിയവരാണ് ചിത്രം നിര്‍മിക്കുക. തമിഴ് തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും.

https://dailynewslive.in/ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്‌സറിന്റെ ഇന്ത്യയിലെ ലോഞ്ച് 2024 ഏപ്രില്‍ 3-ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടിസ്ഥാനപരമായി, ഇത് മാരുതി സുസുക്കി ഫ്രോങ്‌സിന്റെ റീ-ബാഡ്ജ് ചെയ്ത പതിപ്പായിരിക്കും ഇത്. അകത്തും പുറത്തും ചെറിയ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളുണ്ട്. അതേസമയം ഈ പുതിയ സബ്-4 മീറ്റര്‍ എസ്യുവിയെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എഞ്ചിന്‍ ഓപ്ഷനുകളുടെ കാര്യത്തില്‍, പുതിയ ടൊയോട്ട ടെയ്‌സര്‍ എസ്യുവിയില്‍ ഫ്രോങ്ക്സില്‍ കാണപ്പെടുന്ന അതേ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനുകള്‍ സജ്ജീകരിക്കും. ആദ്യത്തേത് 113 എന്‍എം ടോര്‍ക്കോടെ 90 ബിഎച്ച്പി പവര്‍ നല്‍കുന്നു, രണ്ടാമത്തേത് 100 ബിഎച്ച്പിയും 147 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്സ് പോലെ, അര്‍ബന്‍ ക്രൂയിസര്‍ ടൈസറും മാനുവല്‍, എഎംടി (ബൂസ്റ്റര്‍ജെറ്റ് വേരിയന്റുകളില്‍ മാത്രം) ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭിക്കും. വില സംബന്ധിച്ച്, പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്‌സറിന് മാരുതി ഫ്രോങ്ക്‌സിന് സമാനമായ വിലയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 7.51 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്‌സ് ഷോറൂം വില.

https://dailynewslive.in/ സ്വാര്‍ത്ഥതാല്പര്യത്തിനും അത്യാഗ്രഹത്തിനുമായി വിലപ്പെട്ട ഒരു സൗഹൃദം ദുരുപയോഗപ്പെടുത്തി തന്റെ സഹപാഠികൂടിയായിരുന്ന സുഹൃത്തിന്റെ മൃദുലപ്രണയവികാരങ്ങളെ ഉത്തേജിപ്പിച്ചുണര്‍ത്തി അയാളുടെ മനസ്സിന്റെ രോഗാവസ്ഥയേയും അതിന്റെ ബലഹീനതകളേയും സങ്കീര്‍ണതകളേയും ചൂഷണം ചെയ്ത് ഒരു പ്രലോഭനവലയത്തിന്റെ കുരുക്കില്‍ അകപ്പെടുത്തി കൊടുംചതിയാലും വഞ്ചനയാലും അയാളുടെ സമ്പത്ത് അപഹരിക്കുകയും കുടുംബജീവിതം നശിപ്പിക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന അതീവ സംഭവബഹുലവും ജിജ്ഞാസാഭരിതവുമായ ഒരു നോവല്‍. ‘മനസ്സിന്റെ പകര്‍പ്പ്’. തലക്കോട്ടൂര്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.

https://dailynewslive.in/ ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന കണ്ടെത്തലുമായി ലോകാരോഗ്യ സംഘടന. ഇതുസംബന്ധിച്ച പഠനവും ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ലാന്‍സെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകള്‍ പ്രകാരം മൂന്നിലൊരാള്‍ എന്ന നിലയ്ക്ക് നാഡീരോഗങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ചികിത്സ ലഭ്യമാകുന്നതിനുള്ള അന്തരം പ്രധാനപ്രശ്‌നമായി നിലകൊള്ളുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. 1990 മുതലുള്ള കണക്കെടുത്താല്‍ നാഡീസംബന്ധമായ തകരാറുകള്‍ മൂലമുള്ള രോഗങ്ങള്‍, അകാലമരണം തുടങ്ങിയവ പതിനെട്ടു ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്. പക്ഷാഘാതം, നിയോനേറ്റല്‍ എന്‍സെഫലോപ്പതി, മൈഗ്രെയിന്‍, ഡിമെന്‍ഷ്യ, ഡയബറ്റിക് ന്യൂറോപ്പതി, മെനിഞ്ചൈറ്റിസ്, എപിലെപ്‌സി, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍, നെര്‍വസ് സിസ്റ്റം കാന്‍സേഴ്‌സ് തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടനയുടെ 2021-ലെ കണക്കുകള്‍ പ്രകാരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമായിട്ടുള്ള നാഡീസംബന്ധമായ തകരാറുകള്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, മൈഗ്രെയിന്‍, ഡിമെന്‍ഷ്യ തുടങ്ങിയവ കൂടുതലുള്ളത് സ്ത്രീകളിലുമാണ്. പ്രമേഹം മൂലം നാഡികള്‍ തകരാറിലാകുന്ന ഡയബറ്റിക് ന്യൂറോപ്പതി ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

അവര്‍ രണ്ടുപേരും കൂടി അടുത്തുളള ഗ്രാമത്തില്‍ പോവുകയാണ്. രാത്രി യാത്രയുള്ളതിനാല്‍ മകന്‍ കയ്യില്‍ ഒരു വിളക്ക് കൂടി കരുതിയിട്ടുണ്ട്. നേരം സന്ധ്യയായി. അയാള്‍ മകനോട് വിളക്ക് തെളിക്കാന്‍ ആവശ്യപ്പെട്ടു. കുറച്ച് കൂടി നേരം ഇരുട്ടിയാകാം എന്നായി മകന്‍. യാത്രയ്ക്കിടയില്‍ ഒരു കുഴിയില്‍ കാല്‍ വഴുതി അവന്‍ വീഴാന്‍ പോയി. അയാള്‍ മകനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിളക്ക് തെളിയിപ്പിച്ചു. വിളക്ക് തെളിച്ചെങ്കിലും അവന്‍ അത് താഴ്ത്തിപിടിച്ചാണ് നടന്നിരുന്നത്. അതിനാല്‍ തന്നെ ശരിയായി വെളിച്ചം കിട്ടിയിരുന്നില്ല. ഉയര്‍ത്തിപ്പിടിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടെങ്കിലും അവനത് ഗൗനിച്ചില്ല. യാത്രയ്ക്കിടയില്‍ എന്തോ അവന്റെ കാലില്‍ ഉടക്കിയപ്പോഴാണ് അവന്‍ വിളക്കുയര്‍ത്തിയത്. നോക്കിയപ്പോള്‍ ഒരു വള്ളിയാണ്. പക്ഷേ, തൊട്ടടുത്ത പുല്ലിലൂടെ ഒരു പാമ്പ് ഇഴഞ്ഞ് പോകുന്നതും അവര്‍ കണ്ടു. പിന്നീടുളള യാത്രയില്‍ അവനാ വിളക്ക് ഉയര്‍ത്തിപ്പിടിച്ചു തന്നെ നടന്നു.. ഉയരങ്ങളില്‍ നില്‍ക്കേണ്ടവയെ ഉയര്‍ത്തി തന്നെ പിടിക്കണം.. അതിപ്പോള്‍ വിളക്കായാലും മൂല്യങ്ങളായാലും.. ആദര്‍ശങ്ങളേയും വിശ്വാസപ്രമാണങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ചില ഗുണങ്ങളുണ്ട്. മുന്നോട്ടുളള വഴികള്‍ അവയുടെ വെളിച്ചത്തില്‍ വിലയിരുത്താനാകും. ഇടക്ക് ഇരുട്ട് കടന്നുവന്നാലും അവര്‍ പതറുകയില്ല.. കാരണം വെളിച്ചം അവരുടെ ഉള്ളില്‍ തന്നെയുണ്ട്. എപ്പോഴും വെളിച്ചത്തില്‍ സഞ്ചരിക്കണമെങ്കില്‍ അസാമാന്യ ധൈര്യവും കര്‍മ്മശുദ്ധിയും വേണം.. അതില്ലാത്തവര്‍ക്കെല്ലാം കെടാവിളക്കുകളേക്കാള്‍ ഇഷ്ടം ആവശ്യത്തിനു കെടുത്താനും തെളിക്കാനും കഴിയുന്ന തിരിനാളങ്ങളെയാണ്.. കെടാവിളക്കുകളെ കൂടെക്കരുതാം .. തെളിഞ്ഞുനില്‍ക്കട്ടെ നമ്മുടെ തനിമ… – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *