എപ്പിക് കോംപാക്ട് എസ്യുവിയുടെ ഡിസൈന്‍ പുറത്തുവിട്ട് സ്‌കോഡ. അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നു കരുതപ്പെടുന്ന സ്‌കോഡ എപിക്കിന് 25,000 യൂറോയാണ് വില(ഏകദേശം 23 ലക്ഷം രൂപ). നമ്മുടെ വിപണിയിലുള്ള കുഷാക്കിന്റേയും ടൈഗൂണിന്റേയും യൂറോപ്യന്‍ പതിപ്പുകളായ സ്‌കോഡ കാമിക്കിനും ഫോക്സ്വാഗണ്‍ വിഡബ്ല്യു ടി ക്രോസിനും പകരമാണ് എപ്പിക് ഇവിയുടെ വരവ്. സ്‌കോഡയുടെ മറ്റെല്ലാ ബാറ്ററി ഇവികളേയും പോലെ ഇയില്‍ തന്നെയാണ് എപ്പിക്കിന്റെ പേരും ആരംഭിക്കുന്നത്. ഫോക്സ്വാഗണുമായി സഹകരിച്ചായിരിക്കും എപികിന്റെ നിര്‍മാണം. എ സീറോ ബിഇവി എന്നാണ് സ്‌കോഡ എപ്പിക്കിനെ വിളിക്കുന്ന പേര്. 2,600 എം എം വീല്‍ബേസും 490 ലീറ്റര്‍ ബൂട്ട്സ്പേസുമുണ്ടാവും. സ്‌കോഡയുടെ ‘മോഡേണ്‍ സോളിഡ്’ ഡിസൈന്‍ സവിശേഷതകളുള്ള വാഹനമായിരിക്കും എപ്പിക്. മെലിഞ്ഞ ഗ്രില്ലും ബോണറ്റിലെ പവര്‍ ബള്‍ജുമുള്ള എപ്പിക്കിന് മുന്നില്‍ സ്‌കോഡയുടെ പതിവു ലോഗോ ഉണ്ടാവില്ല. മറിച്ച് സ്‌കോഡ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിയ ബാഡ്ജിങ്ങാവും ലഭിക്കുക. 38കിലോവാട്ട്അവര്‍ മുതല്‍ 56കിലോവാട്ട്അവര്‍ വരെയുള്ള ബാറ്ററി കപ്പാസിറ്റി പ്രതീക്ഷിക്കാവുന്ന എപ്പിക്കിന്റെ റേഞ്ച് 400 കിലോമീറ്ററിന് അടുപ്പിച്ചായിരിക്കും. ഡ്രൈവറുടെ സ്മാര്‍ട്ട്ഫോണില്‍ നിന്നും നിയന്ത്രിക്കാവുന്ന നിരവധി ഫീച്ചറുകളുള്ള ഡിജിറ്റല്‍ കീയാണ് ഈ സ്‌കോഡ വാഹനത്തിന്റെ മറ്റൊരു സവിശേഷത.