5000 കോടി രൂപ ഈ മാസം നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയില്‍ തള്ളിയ കേരളം 10,000 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം കോടതിയില്‍ വാദിച്ചു. ഒപ്പം വിശദമായ വാദം കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതോടെ ഹര്‍ജിയില്‍ വാദം നടക്കട്ടെ എന്ന് കേന്ദ്രവും നിലപാടെടുത്തു. നാളെ പത്തരക്ക് സുപ്രീം കോടതി വാദം കേള്‍ക്കും.
എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തിയതിനു ശേഷമായിരിക്കും പരിശോധന. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് കൈമാറിയിരിക്കുന്നത്.
ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്നത് 22 ഡ്രൈവിംഗ് സ്കൂളുകള്‍. സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക.
ശബരി കെ റൈസിന്റെ വില്പന സംസ്ഥാനത്ത് ഇന്ന് തുടങ്ങാനിരിക്കെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിലൊന്നിലും അരി എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അരി മാത്രമല്ല, സബ്സിഡി സാധനങ്ങളും ഔട്ട്ലെറ്റുകളില് എത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം കെ റൈസ് ഉദ്ഘാടനത്തിന് ശേഷം എത്തിക്കും എന്നാണ് സപ്ലൈക്കോ വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാര്‍ കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ ഉന്നത സ്വാധീനം കാരണം അന്വേഷണം അട്ടിമറിച്ചെന്നും പോലീസ് അന്വേഷണത്തില്‍ നീതി കിട്ടില്ലെന്നും ആരോപിച്ച്് അമ്മ പ്രസന്ന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ എന്ന് വ്യക്തമായിട്ടും കുറ്റക്കാര്‍ക്കെതിരെ അച്ചടക്കനടപടിയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നും അമ്മ പറഞ്ഞു.