പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട് അഥവാ ‘പബ്ജി മൊബൈല്‍’ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ അവതരിപ്പിച്ച ഗെയിമായിരുന്നു ‘ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് വികസിപ്പിച്ച പബ്ജി മൊബൈലിന്റെ ഒരു വകഭേദമാണ് ബിജിഎംഐ. എന്നാല്‍, പബ്ജിയുടെ ചൈനീസ് വേരുകള്‍ പിഴുതെറിഞ്ഞ് ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമായി പ്രത്യേകം നിര്‍മിച്ച ഗെയിം എന്നായിരുന്നു അവകാശവാദം. അതേസമയം, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈല്‍ ഗെയിമായ ബിജിഎംഐ-യും നിലവില്‍ നിരോധന ഭീഷണിയിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപയോക്തൃ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ബിജിഎംഐ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സെക്യൂരിറ്റി ഡിവിഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബിജിഎംഐ വഴി പരിചയപ്പെട്ട ഇന്ത്യക്കാരന്‍ കാമുകനെ കാണാന്‍ പാകിസ്ഥാന്‍ സ്വദേശിനിയായ സീമ ഹൈദര്‍ ഇന്ത്യയിലേക്ക് വന്ന സംഭവവും സര്‍ക്കാരിന് വലിയ ആശങ്കയുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് സ്ഥാപനങ്ങള്‍ക്ക് ലൊക്കേഷനും ഉപയോക്തൃ ഡാറ്റയും ചൂഷണം ചെയ്യാന്‍ കഴിയുമെന്ന അഭിപ്രായമുയരുന്നതിനാല്‍ ഇത് സര്‍ക്കാരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. രാജ്യത്തുടനീളം കോടിക്കണക്കിന് ആളുകള്‍ ഗെയിം കളിക്കുന്നതിനാല്‍ ഈ ചൂഷണങ്ങള്‍ ഒരു വലിയ സൈബര്‍ ആക്രമണത്തിനും കാരണമായേക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വിഷയം ചര്‍ച്ച ചെയ്യാനായി കേന്ദ്ര സംഘം ഒരു യോഗം വിളിച്ചിട്ടുണ്ട്, ഇന്ത്യയിലെ ബിജിഎംഐയുടെ ഭാവി ആ യോഗത്തിലാകും നിര്‍ണ്ണയിക്കുക.