ധൃതരാഷ്ട്രര്‍ ഹിമവാനില്‍
മിത്തുകള്‍ മുത്തുകള്‍ -40
ഭാഗവതം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
വിദുരര്‍ തീത്ഥാടനശേഷം മൈത്രേയില്‍നിന്ന് ശ്രീകൃഷ്ണതത്വം ഗ്രഹിച്ചു. വിദുരര്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കെല്ലാം സന്തോഷമായി. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചു തീത്ഥയാത്രാവിവരങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു. ദ്വാരകയില്‍ പോയ കഥ അല്‍പം മറച്ചുവച്ചുകൊണ്ടാണു വിവരിച്ചത്. അവിടെ എത്തിയപ്പോഴേക്കും യദുവംശം നശിച്ചിരുന്നു. ഭഗവാനും സ്വധാമം പ്രാപിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞാല്‍ പാണ്ഡവന്മാര്‍ക്കു ദുഃഖം സഹിക്കാനാവില്ല. അതിനാല്‍ വിദുരര്‍ ആ വിവരം മാത്രം അറിയിച്ചില്ല.
വിദൂരര്‍ രാജധാനിയില്‍ ജ്യേഷ്ഠനായ ധൃതരാഷ്ട്രര്‍ക്കു തത്ത്വോപദേശം നല്‍കി കഴിച്ചുകൂട്ടി. ജീവിതത്തില്‍ ഇത്രയേറെ ദുഃഖങ്ങള്‍ വന്നിട്ടും ജ്യേഷ്ഠനു വിരക്തിയില്ലല്ലോ എന്ന് ഒരു ദിവസം വിദുരര്‍ പറഞ്ഞു:
‘രാജന്‍! അന്തകന്‍ അങ്ങയുടെ അരികിലെത്തിക്കഴിഞ്ഞു. അവനെ തടുക്കാനാവില്ല. അങ്ങയുടെ ഐശ്വര്യങ്ങളേയും പദവിയേയും പ്രാണനെ തന്നെയും വിട്ടുപിരിയേണ്ട സമയമായി. പ്രിയപുത്രരും ബന്ധുക്കളുമെല്ലാം ചത്തു മണ്ണടിഞ്ഞു. വയസായി. എന്നിട്ടും ജീവിതാശ കുറച്ചൊന്നുമല്ലല്ലോ! അങ്ങ് പാണ്ഡവരുടെ ഗൃഹത്തില്‍ സുഖവസിക്കുന്നു! കഷ്ടം! നിങ്ങള്‍ അവരെ എത്രയാണു ദ്രോഹിച്ചത്! അരക്കില്ലത്തിലടച്ച് ദഹിപ്പിക്കാന്‍ നോക്കി. വിഷം കൊടുത്തു. അവരുടെ ധമ്മപത്നിയെ, നിറഞ്ഞ സഭയില്‍ വസ്ത്രാക്ഷേപം ചെയ്തു. കള്ളച്ചൂതില്‍ വഞ്ചിച്ച് അവരുടെ സര്‍വ്വസ്വവും അപഹരിച്ചു! എന്നിട്ടിപ്പോള്‍ വീടുകാക്കുന്ന നായെപ്പോലെ അവര്‍ തരുന്നതെല്ലാം വാങ്ങിത്തിന്നുന്നു. ഇങ്ങനെ ജീവിച്ചിട്ടെന്തു ഫലം? മരിക്കുകയാണു നല്ലത്. ജഡിലമോഹങ്ങളെ ഇനിയെങ്കിലും ഉപേക്ഷിച്ചുകൂടേ? അഹന്ത വെടിഞ്ഞ് ആരോടും പറയാതെ വീടുവിട്ടിറങ്ങണം. ക്ളേശങ്ങളും പ്രാരാബ്ധവും സഹിച്ച്, കാലം വരുമ്പോള്‍ ദേഹത്തെ സന്തോഷത്തോടെ ഉപേക്ഷിക്കാന്‍ തയാറാകുന്നവനാണു് ധീരന്‍. ദൃഢനിശ്ചയത്തോടെ വടക്കോട്ടു പുറപ്പെടുക. ഇനി താമസിച്ചാല്‍ തരമായില്ലെന്നു വന്നേക്കാം’.
വിദുരര്‍ ഇതെല്ലാം പലതവണ ഉപദേശിച്ചതാണ്. അപ്പോഴൊന്നും ധൃതരാഷ്ട്രര്‍ ചെവിക്കൊണ്ടില്ല. എന്നാല്‍ ഇത്തവണ കുറിക്കുകൊണ്ടു. അദ്ദേഹം അന്നു രാത്രി ആരുമറിയാതെ ഇറങ്ങിത്തിരിച്ചു. പതിവ്രതാരത്നമായ ഗാന്ധാരിയും വിദുരരും അനുഗമിച്ചു.
പിറ്റേന്ന് രാവിലെ പതിവുപോലെ ധമ്മപുത്രര്‍ പിതാക്കന്മാരെ വന്ദിക്കാന്‍ ചെന്നു. അവരെ കണ്ടില്ല. രാജാവിനു പരിഭ്രമ മായി. ”കഷ്ടം! പ്രിയ പിതാവും വലിയമ്മയും എവിടെപ്പോയി? ഞാന്‍ അവരെ വേണ്ടവിധം പരിപാലിക്കാത്തതുകൊണ്ടാണോ അവര്‍ സ്ഥലംവിട്ടത്. മനോവിഷമം മൂലം അവര്‍ ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്തോ? പിതാവിന്റെ കാലശേഷം വാത്സല്യപൂര്‍വ്വം ഞങ്ങളെ സംരക്ഷിച്ചത് അവരാണ്. അവരെ കാണാതെ എന്റെ മനസ് വിങ്ങുകയാണ്.’
ഇങ്ങനെ വിഷമിച്ചിരുന്ന രാജാവിനു മുന്നില്‍ ശ്രീ നാരദഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
‘രാജന്‍! അങ്ങെന്തിനു വ്യസനിക്കുന്നു? ഈ പ്രപഞ്ചം മുഴുവനും ഈശ്വരേഛയ്ക്കു വിധേയമാണ്. ഭഗവാന്‍ എല്ലാവരേയും അന്യോന്യം യോജിപ്പിക്കുന്നു, വേര്‍പിരിക്കുന്നു. ഞാനില്ലാതെ അവരെങ്ങനെ ജീവിക്കുമെന്നു ചിന്തിക്കുന്നതു മൗഢ്യമാണ്. അങ്ങനെ ചിന്തിക്കുന്നതിനുകാരണം അജ്ഞതയാണ്. ആരും ആരേയും രക്ഷിക്കേണ്ടതായിട്ടില്ല. ധൃതരാഷ്ട്രരും ഗാന്ധാരിയും വിദുരരും ഇപ്പോള്‍ ഹിമാലയത്തിലിരുന്നു ഭഗവാനെ ധ്യാനിക്കുകയാണ്. ധ്യാനബലത്താല്‍ ധൃതരാഷ്ട്രര്‍ നിഷ്ടനായിക്കഴിഞ്ഞു. ഇന്നേക്ക് അഞ്ചാം നാള്‍ അദ്ദേഹം ശരീരമുപേക്ഷിക്കും. ഭര്‍തൃശരീരത്തെ ദഹിപ്പിച്ച് ഗാന്ധാരി അഗ്നിപ്രവേശം ചെയ്യും. വിദുരര്‍ തീര്‍ത്ഥാടനം തുടരും. അതിനൊന്നിനും അങ്ങ് തടസമുണ്ടാക്കരുത്.’
ഇതു കേട്ടു ധമ്മപുത്രര്‍ക്കു സമാധാനമായി.
അഞ്ചു ദിവസത്തിനകം ശ്രീ നാരദര്‍ പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു.