മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും കെ.മുരളീധരന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് പത്മജയുടെ ബിജെപി പ്രവേശം. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.
ഇത് ചതി. പാര്‍ട്ടിയെ ചതിച്ച പത്മജയോട് സഹോദരിയെന്ന നിലയില്‍ പോലും ഇനി ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് എന്നും നല്ല പരിഗണനയാണ് കൊടുത്തതെന്നും വര്‍ക്ക് അറ്റ് ഹോം ചെയ്യുന്നവര്‍ക്ക് ഇത്രയൊക്കെ കൊടുത്താല്‍ പോരേയെന്നും കെ മുരളീധരന്‍ പറഞ്ഞു. പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസിന് ജീവന്‍ നല്‍കിയ നേതാവായ കെ കരുണാകരന്‍ എന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തിയ നേതാവാണെന്നും പത്മജക്ക്് എല്ലാ അവസരങ്ങളും പാര്‍ട്ടി നല്‍കിയിട്ടും ബിജെപി യില്‍ പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല. പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോണ്‍ഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്നാണെന്നും പദ്മജ ബിജെപിയില്‍ ചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കരുണകരന്റെ മകള്‍ ബിജെപിയില്‍ പോകുമെന്നു കരുതുന്നില്ലെന്നും പാര്‍ട്ടി വിടാനുള്ള കാരണം ഉണ്ടെങ്കില്‍ അത് പോലും ഒരു സൃഷ്ടി ആണെന്നും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍. സ്വന്തം പിതാവിനെ ഓര്‍ത്തിരുന്നെങ്കില്‍ പത്മജ വര്‍ഗീയ പാര്‍ട്ടിക്ക് ഒപ്പം പോകില്ലായിരുന്നുവെന്നും ലീഡറുടെ പാരമ്പര്യം മകള്‍ മനസിലാക്കണമായിരുന്നുവെന്നും ഇത്രയും അവസരങ്ങള്‍ കിട്ടിയ മറ്റൊരാള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
കോണ്‍ഗ്രസില്‍ നിന്ന് ആര് ബിജെപിയില്‍ പോകുന്നു എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകരുന്നു എന്നതാണ് പ്രധാനമെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയിലേക്ക് ചേരാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാല്‍ എന്താണവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു
ആന്റണിയുടെ മകന് പോകാമെങ്കില്‍ എന്തുകൊണ്ട് കരുണാകരന്റെ മകള്‍ക്ക് പോയിക്കൂടാ എന്ന ചോദ്യവുമായി പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്‍. കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതുമൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം തോന്നുന്നു എന്നത് അത്ഭുതമെന്നും പാര്‍ട്ടിയെ വഞ്ചിക്കാന്‍ മനസ്സുതോന്നത് തനി ക്രിമിനല്‍ മൈന്‍ഡ് ആയതുകൊണ്ടാണെന്നും ബാലന്‍ പ്രതികരിച്ചു.
പത്മജയേയും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരനേയും പരിഹസിച്ച് പി ജയരാജന്‍ ഫേസ്ബുക്കില്‍. പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകുമെന്നായിരുന്നു ജയരാജന്റെ പരിഹാസം.
ലോക്സഭ തെരഞ്ഞെടുപ്പോടെ കേരളത്തിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുമെന്നും ഇനി സിപിഎമ്മിനെ നേരിടാന്‍ ബിജെപി മാത്രമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണെന്നും കൂടുതല്‍ പേര് ബിജെപിയിലേക്ക് വരാനുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ദിവസത്തില്‍ 50 ഡ്രൈവിംഗ് ടെസ്റ്റ് മാത്രം നടത്തിയാല്‍ മതിയെന്ന മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പര്തിഷേധം. അതേസമയം മെയ് 1 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കണമെന്നത് തന്റെ നിര്‍ദേശം മാത്രമായിരുന്നുവെന്നും ഉത്തരവല്ലായിരുന്നു വ്യക്തമാക്കിയ മന്ത്രി അത് ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്നമാക്കി മാറ്റിയെന്നും മാധ്യമങ്ങള്‍ക്കും വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നും പറഞ്ഞു. ആ ഉദ്യോഗസ്ഥരെയെല്ലാം കണ്ടെത്തുമെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം അടിച്ചിറയില്‍ ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസ് പ്രായമുള്ള കുഞ്ഞും ട്രെയിന്‍ ഇടിച്ച് മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ ആണ് നവവധുവിനെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാസങ്ങള്‍ക്കൊടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോണ ഭവന്‍ പ്രഭാകരന്‍-എം.ശൈലജ ദമ്പതികളുടെ മകള്‍ പി.എസ്. സോന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സ്ത്രീധനത്തിന്റെ പേരില്‍ സോന ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയതിനെ തുടര്‍നാണ് അറസ്റ്റ്.
പവന് 48,000 രൂപ കടന്ന് സ്വര്‍ണവില. ഇന്ന് ഒരു പവന് 320 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,080 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണിത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ക്യാഷ് ചെയ്ത ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 15 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം മാര്‍ച്ച് 13 നകം എസ്ബിഐ നല്‍കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതേസമയം വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ നീട്ടണമെന്ന് എസ്ബിഐ മാര്‍ച്ച് 4 ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹര്‍ജി ഇതുവരെ സുപ്രീം കോടതി പരിഗണിച്ചിട്ടില്ല.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തില്‍ പ്രവേശിക്കും. സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് 400-ലധികം കിലോമീറ്റര്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തും. രാജസ്ഥാനിലെ പൊതു സമ്മേളനത്തിന് ശേഷം ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് ആംആദ്മി ഗുജറാത്ത് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ച് മൂന്ന് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. നാല് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശിലെ 13,000ത്തോളം മദ്റസകള്‍ അടച്ചുപൂട്ടണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇത്രയും മദ്റസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് വ്യക്തമല്ലെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 186 ന് 6 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മലയാളിയായ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ ഇന്നത്തെ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു