വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജനങ്ങളുടെ പ്രശ്നങ്ങളിൽ മറുപടി പറയാതെ അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു . കറുത്ത വസ്ത്രം അണിഞ്ഞ് കോൺഗ്രസ് വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധത്തെ കഴിഞ്ഞ ദിവസം മോദി പരിഹസിച്ചിരുന്നു. കറുത്ത വസ്ത്രം അണിഞ്ഞാൽ നിരാശ മാറുമെന്ന് ചിലർ കരുതുന്നു. ദുർമന്ത്രവാദം നടത്തിയാലും അന്ധവിശ്വാസം പ്രചരിപ്പിച്ചാലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകില്ല എന്നാണ് പാനിപത്തിലെ എഥനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ മോദി പറഞ്ഞത്.
ഇന്ന് പുലർച്ചെ കാശ്മീരിലെ രജൌരിയിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷങ്ങൾ ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ചാവേർ ആക്രമണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുവന്നൂർ ബാങ്കിലും മുൻ ഉദ്യോഗസ്ഥരുടെ വീടുകളിലും ഇന്നലെ രാവിലെ എട്ട് മണിയോടെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അവസാനിച്ചു. പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. 75 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.
ഇടപ്പള്ളി. മണ്ണൂത്തി പാതയിലെ 16 ഇടങ്ങളില്‍ ഉറപ്പുള്ള ടാറിങ് നടത്താൻ കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോട് ദേശീയ പാതാ അഥോറിറ്റി നിർദ്ദേശിച്ചു. രണ്ട് മെഷീനുകൾ ഉപയോഗിച്ച് കൂടുതൽ ഉറപ്പുള്ള ഹോട്ട് മിക്സിങ് രീതിയിൽ ടാറിങ് നടത്താൻ എൻ എച്ച് എ ഐ കരാർ കമ്പനിയോട് പറഞ്ഞു.
നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. തൊടുപുഴ കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിലാണ് വിവരം പുറത്ത് വരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തുന്നു.