എട്ടാമത്തെ തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാർ 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെ പി ക്കെതിരേ ഒന്നിക്കണം എന്ന് പറഞ്ഞു. നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു.നിതീഷ് കുമാറിന്റെ നേതൃത്വത്തിലെ വിശാല സഖ്യ സർക്കാർ കാലാവധി പൂർത്തിയാക്കില്ല എന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ വിമർശനങ്ങളെ നിതീഷ് തള്ളി.
ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ബിൽ തയാറാക്കാനായി ഗവർണ്ണർ ഓർഡിനൻസുകൾ സർക്കാരിന് മടക്കി നൽകി. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എകെജി സെന്റര്‍ ആക്രമണത്തില്‍ സിപിഎമ്മിനെതിരെയും നേതാക്കളായ ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ക്കെതിരെയും വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ”എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു. എന്നാണ് ചിറ്റപ്പന്‍ പറഞ്ഞത്. ഇന്നസെന്റ് പറഞ്ഞതുപോലെ വീഴുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടില്‍ നിന്ന് പുറപ്പെട്ടു. രണ്ട് സ്റ്റീല്‍ ബോംബുകൾ കോണ്‍ഗ്രസുകാരാണെറിഞ്ഞതെന്ന് ചിറ്റപ്പന്‍ പറഞ്ഞു. അപ്പോള്‍ മുകളിലിരുന്ന കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു. വായിച്ചുകൊണ്ടിരിക്കുമ്പോ വീഴാന്‍ പോയെന്നാണ് പറഞ്ഞത്. ഇടിമുഴക്കത്തിനേക്കാള്‍ വലിയ ശബ്ദമാണെന്നും പറഞ്ഞു”- വിഡി സതീശന്റെ വാക്കുകൾ.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നിക്ഷേപകർക്ക് തുക തിരിച്ചു നൽകുന്നതിൽ കൃത്യമായ നടപടിക്രമങ്ങളെന്തെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗ൦ ചേർന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. പണം അത്യാവശ്യമുള്ളവ൪ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും അത്യാവശ്യക്കാ൪ക്ക് പണം നൽകിയതിന്‍റെ രേഖകൾ ഹാജരാക്കണമെന്നു൦ കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും ലത്തീൻ സഭയും. തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. എന്നാൽ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർമാരുടെ ആവശ്യത്തിന് നേരെ കണ്ണടച്ച് മാനേജ്‍മെന്റ്. കണ്ടക്ടർമാർക്കുള്ള ഇരിപ്പിടം സിംഗിൾ സീറ്റാക്കണമെന്നായിരുന്നു പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതി. എന്നാൽ ഇതിന് ക ഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ്. ഇക്കാര്യം പരാതിക്കാരടക്കമുള്ള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്താന്‍ യൂണിറ്റ് ഓഫീസറെയും ചുമതലപ്പെടുത്തി
ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ പൊതുപ്രവര്‍ത്തകയായ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേലാർകോട് കോന്നല്ലൂർ ശിവദാസൻ്റെ മകൾ 24 കാരി സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കീഴടങ്ങി.
കേശവദാസപുരം സ്വദേശിയായ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലി മൃതദേഹം കിണറ്റിൽ ഇട്ടത്തിന് ശേഷം മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.മൃതദേഹം കിണറ്റിൽ ഇട്ടതിന് ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൊലക്കേസിലെ പ്രതി ആദം അലി എന്ന് സ്ഥിരീകരിക്കാൻ പൊലീസിനെ സഹായിച്ചത് ഈ സിസിടിവി ദൃശ്യങ്ങളായിരുന്നു.ആദം അലി ലഹരിക്കും വീഡിയോ ഗെയിമുകൾക്കും അടിമയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാര്‍ പറഞ്ഞു.