Screenshot 2024 02 27 20 21 14 990 com.android.chrome edit 1

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന സന്ദേശം  അറിയിച്ചു.  സംഭവത്തിന് പിന്നില്‍ ഉള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ രാഷ്ട്രീയ താല്‍പര്യവും ഇക്കാര്യത്തില്‍ പരിഗണിക്കില്ല എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനെയും പ്രതിയാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തുകയും മർദിക്കുകയും ചെയ്തിരുന്നു എന്നും കുടുംബം ആരോപിച്ചു.സിദ്ധാർത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചു. മരിച്ചയാൾക്കെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര പരാതി പരിഹാരസമിതി രണ്ടുദിവസം യോഗവും ചേർന്നിരുന്നു.

കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് ഇട്ടതിനെ ചൊല്ലി ഹൈക്കോടതിയിൽ ഹർജി.കലോത്സവത്തിന് നൽകിയ ഈ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിലമേൽ എൻഎസ്എസ് കോളേജ് വിദ്യാർത്ഥി ആശിഷ് എ എസ് ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ‘ഇൻതിഫാദ’ എന്ന പേര് തീവ്രവാദ ബന്ധമുള്ളതാണ് എന്ന് ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കേരള സർവകലാശാലക്കും നോട്ടീസ് അയച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്ന് മലയാളിയായ ഐഎസ് ഭീകരൻ പിടിയിലായതായി റിപ്പോർട്ട്. അറസ്റ്റ് ചെയ്തത്അഫ്ഗാനിസ്ഥാനി ഏജൻസികൾ  ആണെന്നാണ് സൂചന. അറസ്റ്റ് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ്. ഇയാളുടെ പാസ്പോർട്ടും ഫോട്ടോ അടക്കമുള്ള മറ്റു വിവരങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു.ഈ സംഭവത്തിൽ വിദേശകാര്യ മന്ത്രാലയo ഔദ്യോഗിക സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ല.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പോലീസ് കസ്റ്റഡിയിൽ ആയിരുന്ന മൂന്നുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ,  എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരാണ് അറസ്റ്റിൽ ആയത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ശബരി കെ റൈസ് ഉടൻ വിപണിയിൽ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. ഭാരത് അരിക്ക് ബദലായി കേരളം തയ്യാറാക്കുന്ന ശബരി കെ റൈസ് വിപണിയിൽ എത്തിക്കാനുള്ള  തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വീതം വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.

ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത് എന്ന് മന്ത്രി കെഎൻ ബാലഗോപാൽ.കേരളത്തിന് കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നികുതി വിഹിതമായി 2736 കോടി രൂപയും, ഐജിഎസ്ടിയുടെ സെറ്റില്‍മെന്റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം കേന്ദ്രം അനുവദിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വര്‍ഗീയത ഉളവാക്കുന്നതും വിദ്വേഷം പ്രചരപ്പിക്കുന്നതുമായ ടെലിവിഷന്‍ വാര്‍ത്താ പരിപാടികള്‍ നീക്കം ചെയ്യണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആൻഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ് അതോറിറ്റി. ചാനലുകള്‍ സംപ്രേഷണം ചെയ്ത വര്‍ഗീയവിദ്വേഷം പരത്തുന്ന പരിപാടികള്‍ക്കെതിരേ ആക്ടിവിസ്റ്റായ ഇന്ദ്രജിത് ഘോര്‍പഡെ നല്‍കിയ പരാതിയിന്മേലാണ് നടപടി. ടൈംസ് നൗ നവ്ഭാരത്, ന്യൂസ് 18 ഇന്ത്യ, ആജ് തക്, എന്നീ ചാനലുകളോട് വിദ്വേഷം ജനിപ്പിക്കുന്ന പരിപാടികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നും പുലർച്ചെ നാലുമണിക്ക് ഞാനും മരപ്പട്ടി ശല്യംകാരണം ഉണർന്നുവെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഐ.എ.എസ്. ഉദ്യോഗസ്ഥർക്കായുള്ള ഓഫീസേഴ്‌സ് എൻക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിർവഹിക്കവെ ക്ലിഫ് ഹൗസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി. സതീശനും മരപ്പട്ടി ആക്രമണത്തെക്കുറിച്ച് പറഞ്ഞത്.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ബുക്കിനുള്ള നിരക്ക് 30 രൂപയാക്കി ഉയർത്തിയ സർക്കുലറിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ സൂപ്രണ്ട് തീരുമാനം പിൻവലിച്ചു. കിടത്തി ചികിത്സക്ക് വരുന്ന രോഗികളുടെ അഡ്മിഷൻ ബുക്കിന് പഴയനിലയിൽ സൗജന്യ നിരക്കായ 10 രൂപ മാത്രമാകും ഈടാക്കുക.

ദേശീയ​ഗാനം തെറ്റിച്ച് പാടിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ പരാതി. സമരാഗ്നി പരിപാടിയുടെ സമാപന സമ്മേളനത്തിൽ ആണ് സംഭവം നടന്നത്. കോൺഗ്രസ്‌ പ്രവർത്തകനായ പി കാർത്തികേയൻ തമ്പിയാണ് പാലോട് രവിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഫോർട്ട്‌ എസിസിക്കാണ് പരാതി നൽകിയത്.

ജെഎംഎം കോണ്‍ഗ്രസ്  കുടുംബ പാര്‍ട്ടി പ്രീണന സർക്കാർ അധികാരത്തില്‍ വന്നതോടെ ജാ‌ർഖണ്ഡിന്‍റെ സ്ഥിതി മോശമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മോദിയുടെ കുടുംബം ജനങ്ങളാണെന്നും ജനങ്ങളുടെ ക്ഷേമമാണ് മോദിക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു.മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐ നടത്തിയ കൊലപാതകo തേച്ചുമായ്ച് കളയാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല. നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച് വിളിച്ചാണ് എസ്.എഫ്.ഐ നേതാക്കൾ മർദ്ദിച്ചത്. സിദ്ധാർത്ഥിന്റെ വീട്ടിൽ ലഭിച്ച വിവരം മരിച്ചുവെന്ന് ഉറപ്പ് വരുത്തി റൂമിൽ കെട്ടിതൂക്കി എന്നാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരവും കൊലപാതകമാണ്. റിപ്പോർട്ട് താൻ കണ്ടിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നതെന്നും, ഇത് എല്ലാവര്‍ക്കും അപമാനമാണ്, രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തി മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

പുത്തൻവേലിക്കരയിലെ പതിനാലുകാരിയായ പെൺകുട്ടിയെ പത്തുവ‍ർഷം മുമ്പ് ബലാത്സംഗം ചെയ്തെന്ന കേസിൽ ഒന്നാം പ്രതിയായ വൈദികന്‍റെ ശിക്ഷയിൽ ഹൈക്കോടതി ഭേദഗതി വരുത്തി . തടവുശിക്ഷ ഹൈക്കോടതി 20 വർഷമായി കുറച്ചു. കേസിലെ രണ്ടാം പ്രതിയും എഡ്വിൻ ഫിഗറസിൻ്റെ സഹോദരനുമായ സിൽവർസ്റ്റർ ഫിഗറസിൻ്റെ ശിക്ഷ കോടതി റദ്ദാക്കി.

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ ഉൾപ്പെടെ 10 പേർക്ക്‌ പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി പിഎസ്‌സി മാതൃകയിലുള്ള സംവരണം . അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് ഈ മാതൃക നടപ്പാക്കുന്നത്. മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈ തീരുമാനമെടുത്തതിനെ തുടർന്ന്, തീരുമാനം അംഗീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കി .

മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊല നടത്തിയെന്നാണ് പോലീസ് പറയുന്നത്. തമിഴ്‌നാട്ടുകാരായ ജയസൂര്യൻ, കുഞ്ഞിന്റെ അമ്മ ശ്രീപ്രിയ, കുഞ്ഞിനെ കൊലപ്പെടുത്താൻ കൂട്ടുനിന്ന ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്.

രമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണിത്. സ്ഫോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്. എന്താണ് സംഭവിച്ചത് എന്നറിയാൻ സിസിടിവി അടക്കം വിശദമായി പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്‍മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയ സംഭവത്തിൽ ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. അച്ചടക്ക അതോറിറ്റിയായ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയറാണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *