yt cover 15

വയനാട്ടില്‍ സമാനതകളില്ലാത്ത പ്രതിഷേധം. പ്രതിസന്ധിയിലായി ഭരണകൂടം. പ്രതിഷേധം എംഎല്‍എമാരെ കയ്യേറ്റം ചെയ്യുന്നതിലേക്കും ലാത്തിച്ചാര്‍ജിലേക്കും എത്തിച്ചു. കലിതുള്ളിയ ജനം ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ മതനേതാക്കന്‍മാരെന്നോ നോക്കാതെ പ്രതിഷേധം അഴിച്ചുവിട്ടു.

വയനാട്ടില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ നടപടിയുണ്ടാകാത്തതിനെതിരെ അണപൊട്ടി ജന രോഷം. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ ജനക്കൂട്ടം മണിക്കൂറുകള്‍ പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുല്‍പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പൊറുതുമുട്ടിയ ജനതയുടെ രോഷം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. വയനാട് എം പിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇടവേള നല്‍കി വയനാടന്‍ ജനതക്കൊപ്പമെത്തുമെന്ന് പ്രഖ്യാപിച്ചതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായി.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

വയനാട്ടിലേക്കുള്ള യാത്രയ്ക്കായി രാഹുല്‍ ഗാന്ധി എം.പി. വരാണസിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി 8 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ രാഹുല്‍ റോഡ് മാര്‍ഗം വയനാട്ടിലേക്ക്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റേയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലെത്തും. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കുന്ന അസസ്‌മെന്റ് റിവ്യു മീറ്റിങ്ങില്‍ പങ്കെടുക്കുന്ന രാഹുല്‍ ഹെലിക്കോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക തിരിച്ച് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അലഹാബാദിലേക്കുള്ള പ്രത്യേക വിമാനത്തില്‍ യാത്ര തിരിക്കും.

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മന്ത്രിമാര്‍ വയനാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുക. വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കാനും ആവശ്യമുള്ള ഇടങ്ങളില്‍ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കാട്ടാന ആക്രമണത്തില്‍ മരിച്ച പോളിന് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദേശിച്ചു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

വയനാട് ഇന്നലെ നടന്ന ഹര്‍ത്താലിനിടെയുള്ള സംഘര്‍ഷങ്ങളില്‍ വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനും പൊലീസ് കേസെടുത്തു. പുല്‍പ്പള്ളി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ടാല്‍ അറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് കേസ്.

വന്യമൃഗ ശല്യങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നില്ലെന്നും വാച്ചര്‍ പോളിന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി. എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയില്ല. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ സമീപനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

മലയോര ജനതയുടെ വന്യജീവി ആക്രമണമടക്കമുള്ള ബുദ്ധിമുട്ടുകള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എല്ലാ ഇടവകകളിലും പ്രതിഷേധജ്വാല സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് താമരശ്ശേരി രൂപത. ഇത് സംബന്ധിച്ച് താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

വനം മന്ത്രി എകെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ വന്യമൃഗങ്ങളും വനംവകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളാണ്. അട്ടര്‍ വേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തില്‍ പ്രതിഷ്ഠിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വനം മന്ത്രി രാജിവെയ്ക്കും വരെ യൂത്ത് കോണ്‍ഗ്രസ് വഴിയില്‍ തടയും. ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിയുടെ ആഡംബരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡിഎസ് ഭ്രമണപഥത്തില്‍. ജിഎസ്എല്‍വി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂര്‍ത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇന്‍സാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പ്രതികരിച്ചു.

എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാടുകളില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന വിധിയില്‍ വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമര്‍ശങ്ങള്‍. നിയമപരമായാണ് കേസ് എസ്എഫ്ഐഒക്ക് കൈമാറിയത്. അന്വേഷണ ഏജന്‍സികള്‍ ഇടപാടുകളില്‍ നിയമലംഘനമുണ്ടെന്ന് കണ്ടെത്തിയെങ്കില്‍ തുടരന്വേഷണത്തിന് കൂച്ചുവിലങ്ങിടില്ലെന്നാണ് ഹൈക്കോടതി വിധി.

വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്‍സിന്റെ മുഴുവന്‍ ഇടപാടുകളും കേന്ദ്ര ഏജന്‍സിയായ എസ്എഫ്ഐഒ അന്വേഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിഎംആര്‍എല്‍ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകള്‍ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് എസ്എഫ്ഐഒക്കു കൈമാറി. ഈ സ്ഥാപനങ്ങളില്‍നിന്നും ചെയ്യാത്ത സേവനത്തിനു വന്‍ തുകകള്‍ കൈപറ്റിയെന്നാണ് ആരോപണം.

ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ എ.ഡി.എം ടി.മുരളി നിരസിച്ച് ഉത്തരവിട്ടു. ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചെന്നും വീണാ ജോര്‍ജ് അറിയിച്ചു.

കൊല്ലത്ത് യുഡിഎഫിന്റെ എന്‍.കെ.പ്രേമചന്ദ്രനെ എതിരിടാന്‍ നടന്‍ മുകേഷ്. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി നടനും എംഎല്‍എയുമായ മുകേഷിന്റെ പേര് നിര്‍ദ്ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍കെ പ്രേമചന്ദ്രനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വടകരയില്‍ കെ കെ ശൈലജയും കാസര്‍കോട് മണ്ഡലത്തില്‍ എം വി ബാലകൃഷ്ണനും കോഴിക്കോട് എളമരം കരീമും സിപിഎം സ്ഥാനാര്‍ത്ഥികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

കാസരഗോഡ് ചിറ്റാരിക്കാലില്‍ സുഹൃത്തിന്റെ കുത്തേറ്റ് മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാര്‍ (41) മരിച്ചു. സുഹൃത്ത് ജോണ്‍ എന്ന റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കായംകുളം എരുവയില്‍ തെക്കേക്കര വാത്തികുളം സ്വേദശി പ്രശാന്തിന്റെ ഭാര്യ അശ്വതി എന്ന ലൗലിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശാന്ത് ഒളിവിലാണ്. ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അപ്പു ആചാരിയാണ് മരിച്ചത്.

തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം. സ്‌ഫോടനത്തില്‍ മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ പത്ത് പേരില്‍ ആറുപേരുടെ നില ഗുരുതമാണ്.

കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് ആറാം ദിവസത്തിലേക്ക്. കേന്ദ്രസര്‍ക്കാരുമായുള്ള നാലാം വട്ട ചര്‍ച്ച ഇന്ന് ചണ്ഡീഗഡില്‍ നടക്കും. നേരത്തേ നടന്ന മൂന്നു ചര്‍ച്ചകളും താങ്ങുവില സംബന്ധിച്ച തര്‍ക്കങ്ങളാല്‍ അലസിപ്പിരിഞ്ഞിരുന്നു.

സംസ്‌കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം. ഏറ്റവും മികച്ച ഉര്‍ദു കവികളില്‍ ഒരാളാണ് ഗുല്‍സാര്‍. ചിത്രകൂട് ആസ്ഥാനമായുള്ള തുളസീപീഠം സ്ഥാപകനും ഹൈന്ദവാചാര്യനുമാണ് രാമഭദ്രാചാര്യ. ജന്മനാ അന്ധനായ അദ്ദേഹം 100-ല്‍ അധികം പുസ്തകളുടെയും 50 ലധികം പ്രബന്ധങ്ങളുടെയും രചയിതാവാണ്.

അമേരിക്ക ന്യൂജേഴ്സിയിലെ പരാമസില്‍ 61 കാരനായ മലയാളി മാനുവല്‍ തോമസിനെ മകന്‍ മെല്‍വിന്‍ തോമസ് കുത്തി കൊലപ്പെടുത്തി. 32 കാരനായ മെല്‍വിന്‍ കുറ്റസമ്മതം നടത്തി പോലിസില്‍ കീഴടങ്ങി.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. 104 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ കരുത്തില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട് 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡടക്കം ഇപ്പോള്‍ 322 റണ്‍സിന്റെ ലീഡായി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു.

രാജ്യത്ത് പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി 45 കോടി അക്കൗണ്ടുകള്‍ തുറന്നെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഫെഡറല്‍ ബാങ്കിന്റെ വാര്‍ഷിക ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വിവിധ ബാങ്കുകളിലായി കിടക്കുന്നത് 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. 2014ന് മുന്‍പ് സര്‍ക്കാര്‍ നയങ്ങളെടുക്കുന്നതില്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. എന്നാല്‍ 2014 മുതല്‍ ‘പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, രൂപാന്തരപ്പെടുത്തുക’ എന്നതിലേക്ക് രാജ്യം മാറി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിവിധ ക്ഷേമപദ്ധതികളിലൂടെ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. മൂന്നാം സ്ഥാനത്തേക്ക് കടത്തില്‍ നിന്നൊക്കെ മുക്തമായ രാജ്യത്തെ ബാങ്കിംഗ് മേഖല ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 3.2 ശതമാനമായി കുറച്ചു. ആസ്തിയില്‍ നിന്നുള്ള നേട്ടം 2023ല്‍ 0.5 ശതമാനത്തില്‍ നിന്ന് 0.79 ശതമാനമായി ഉയര്‍ന്നു. നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പേയ്‌മെന്റ് ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ശ്രദ്ധേയമായെന്നും അദ്ദേഹം പറഞ്ഞു. ഭീം ആപ്പ് വഴി വളരെ ചെറിയ തുകയുടെ ഇടപാടുകള്‍ വരെ നടക്കുന്നു. തളര്‍ന്നുകിടന്ന ഇന്ത്യയെ ലോകത്തെ അഞ്ചാമത്ത സമ്പദ് വ്യസ്ഥയാക്കി മാറ്റി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നാം സ്ഥാനത്തെത്തിക്കാനും 2047ല്‍ വികസിത രാജ്യമായി മാറാനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രേമലു എന്ന പുതിയ മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ് നടി മമിത. റീനു എന്ന നായികാ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമിത എത്തിയത്. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിലുടെ തമിഴിലും മമിത നായികയായി എത്തുകയാണ്. ജി വി പ്രകാശ് കുമാര്‍ ചിത്രം ‘റിബലി’ലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നു. നികേഷ് ആര്‍ എസാണ് സംവിധായകന്‍ ചിത്രത്തിലേതായി പുറത്തുവിട്ട ഗാനം നായകന്‍ ജി വി പ്രകാശിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. മമിത നായികയായി എത്തുന്ന തമിഴ് ചിത്രം എങ്ങനെയായിരിക്കും എന്നതിന്റെ ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുള്ള റിബല്‍ പ്രദര്‍ശനത്തിന് എത്തുക 22ന് ആണ്.

ഇര്‍ഫാന്‍ കമാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ദ് സസ്‌പെക്ട് ലിസ്റ്റ്’ എന്ന പരിപൂര്‍ണ പരീക്ഷണ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. നടനും സംവിധായകനുമായ വിനീത് കുമാര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നു. ഈ മാസം പത്തൊന്‍പതാം തീയതി ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ആകുന്നു. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ണമായും ഒരു കോണ്‍ഫറന്‍സ് റൂമില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു മുറിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കഥകള്‍, മലയാള സിനിമകളില്‍ അധികം ഇറങ്ങിയിട്ടില്ലെങ്കിലും ലോക സിനിമകളില്‍ എന്നും വിസ്മയമാവാറുണ്ട്. ക്യാമറ മനുനാഥ് പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യന്‍, സംഗീതം അജീഷ് ആന്റോ. ജിഷ ഇര്‍ഫാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങള്‍ അണിനിരക്കുന്നു.

നിലവില്‍ ആഗോള വിപണിയില്‍ നാലാം തലമുറയിലുള്ള സ്‌കോഡ ഒക്ടാവിയ അടുത്തിടെ ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റിന് വിധേയമാകുന്നതായി റിപ്പോര്‍ട്ട്. പുതുക്കിയ ഹാച്ച്ബാക്ക്, എസ്റ്റേറ്റ് പതിപ്പുകള്‍ കാര്‍ നിര്‍മ്മാതാവ് പുറത്തിറക്കി. 2024 സ്‌കോഡ ഒക്ടാവിയ ഫെയ്സ്ലിഫ്റ്റ് ശ്രദ്ധേയമായ രീതിയില്‍ മെച്ചപ്പെടുത്തിയ സ്‌റ്റൈലിംഗ്, മെച്ചപ്പെടുത്തിയ സുരക്ഷ, സഹായ സംവിധാനങ്ങള്‍ എന്നിവയും പുതിയ ക്യാബിന്‍ ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 2024 സ്‌കോഡ ഒക്ടാവിയ ഫെയ്സ്ലിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും ഡ്യുവല്‍ സോണ്‍ ക്ലൈമാറ്റ്‌ട്രോണിക് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. മുന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, അപ്‌ഡേറ്റ് ചെയ്ത പതിപ്പ് 45 വാട്ട് ഔട്ട്പുട്ട് നല്‍കുന്ന ഡടആഇ പോര്‍ട്ടുകള്‍ക്കൊപ്പം മൂന്നിരട്ടി ചാര്‍ജിംഗ് പവര്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആദ്യമായി നവീകരിച്ച കെസി കീലെസ് വെഹിക്കിള്‍ ആക്സസ് സിസ്റ്റം ഒക്ടാവിയ അവതരിപ്പിക്കുന്നു. പുതിയ ഒക്ടാവിയയ്ക്ക് ആഗോളതലത്തില്‍ ആറ് പെട്രോളും (1.5 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.5 എല്‍ ടര്‍ബോ, 1.5 എല്‍ മൈല്‍ഡ്-ഹൈബ്രിഡ് ടെക്, 2.0 എല്‍ നാച്ചുറലി ആസ്പിറേറ്റഡ്, 2.0 എല്‍ ടര്‍ബോ) രണ്ട് ഡീസല്‍ (രണ്ട് കോണ്‍ഫിഗറേഷനുകളിലായി 2.0 എല്‍) എന്നിവയും ലഭ്യമാണ്. ). ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ 6-സ്പീഡ് മാനുവലും 7-സ്പീഡ് ഉടഏ ഓട്ടോമാറ്റിക്കും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന അഴിമതിയുടെയും കൊള്ളക്കൊടുക്കലുകളുടെയും വരച്ചു കാട്ടുന്ന പുസ്തകം. ബീഹാറിലെ ഒരു ഗ്രാമത്തിലേക്ക് റോഡ് കിട്ടുന്നതിനു മുതല്‍ ശതകോടികളുടെ ആയുധ ഇടപാടുകള്‍ നടപ്പാക്കുന്നത് വരെ നിറഞ്ഞുനില്‍ക്കുന്ന ഇടനിലക്കാരുടെ ലോകവും മധ്യേന്ത്യേയിലെ ഖനന മേഖലകളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മുതല്‍ കോര്‍പ്പറേറ്റീവ് ലോകത്തെ അവിശുദ്ധ കൂട്ടുകെട്ടുകളും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്നു. രാജ്യത്തെ ആദ്യ സ്വകാര്യ വിമാന കമ്പനി സ്ഥാപിച്ച തക്കിയുദ്ദന്‍ വാഹിദിന്റെ കൊലപാതകത്തിന് പിന്നിലെ അറിയാകഥകളും മുംബൈ അധോലോകവും വിജയ് മല്യയും അംബാനിമാരുടെ വളര്‍ച്ചയുമൊക്കെ രേഖകളുടെ പിന്‍ബലത്തോടെ കഴുകന്മാരുടെ വിരുന്നില്‍ ഇടം പിടിച്ചിരിക്കുന്നു. ‘കഴുകന്മാരുടെ വിരുന്ന്’. ജോഷി ജോസഫ്. അഴിമുഖം. വില 617 രൂപ.

ലോകത്തിലെ 100 കോടിയിലധികം പേര്‍ക്ക് ഓരോ വര്‍ഷവും ഒരു തവണയെങ്കിലും മൈഗ്രെയ്ന്‍ ആക്രമണം ഉണ്ടാകാറുണ്ടെന്നാണ് കണക്ക്. ഉത്കണ്ഠ, വിഷാദരോഗം എന്നിവയുടെ സാധ്യത മൈഗ്രെയ്ന്‍ വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് പുറമേ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്) പോലെ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങളുമായും മൈഗ്രെയ്‌ന് ബന്ധമുണ്ടെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 10 ദശലക്ഷം പേരുടെ ഡാറ്റ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. ഇതില്‍ മൂന്ന് ശതമാനം പേര്‍ക്ക് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടായിരുന്നു. മൈഗ്രേയ്ന്‍ ഇല്ലാത്തവരെ അപേക്ഷിച്ച് മൈഗ്രെയ്ന്‍ ഉള്ളവരില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത അധികമായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. മൈഗ്രെയ്ന്‍ ഉള്ളവരില്‍ അള്‍സറേറ്റീവ് കൊളൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ അധികമാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. മൈഗ്രെയ്ന്‍ സെറോടോണിന്‍ ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇതിന്റെ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിലേക്കും വയറിലേക്കും കുടലിലേക്കുമുള്ള നീക്കമാകാം ഐബിഎസിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ പുരോഹിതന് ഒരു പൂച്ചയുണ്ട്. വളരെ അച്ചടക്കത്തോടെയും നിഷ്ഠയോടെയുമാണ് ആ പൂച്ചയെ വളര്‍ത്തുന്നതെന്ന് പുരോഹിതന്‍ എപ്പോഴും അവകാശപ്പെടും. ആഴ്ചയിലൊരിക്കല്‍ തന്റെ വീട്ടില്‍ നടക്കുന്ന സമൂഹപ്രാര്‍ത്ഥനയില്‍ പുരോഹിതന്‍ പൂച്ചയെ പങ്കെടുപ്പിക്കും. കത്തിച്ചുവെച്ച ഒരു ദീപം അതിന്റെ തലയില്‍ വെയ്ക്കും. പ്രാര്‍ത്ഥന തീരുന്നത് വരെ പൂച്ച അനങ്ങാതെ നില്‍ക്കും. ആളുകള്‍ അത്ഭുതപ്പെട്ടു. അവര്‍ പുരോഹിതനെയും പൂച്ചയേയും പുകഴ്ത്തി. ഒരുദിവസം പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒരാള്‍ ഒരെലിയെയും കൊണ്ടാണ് വന്നത്. പുരോഹിതന്‍ വിളക്ക് പൂച്ചയുടെ തലയില്‍ തെളിയിച്ചുവെച്ചു, പ്രാര്‍ത്ഥന ആരംഭിച്ചു. ഈ സമയത്ത് അയാള്‍ എലിയെ തുറന്നുവിട്ടു. പൂച്ച ഉടനെ ആ ദീപവും താഴെയിട്ട് എലിയുടെ പിന്നാലെ ഓടി.. അവിടെയാകെ ഇരുട്ടായി.. നിര്‍ബന്ധിത സാഹചര്യങ്ങള്‍കൊണ്ടോ ലഭിക്കാനിടയുളള പ്രശസ്തിപത്രങ്ങളുടെ പേരിലോ ഏറ്റെടുക്കുന്ന ഒരു പ്രവൃത്തിക്കും അധികം ആയുസ്സ് ഉണ്ടാകില്ല. തുടങ്ങുന്ന സമയത്തെ നിശ്ചയദാര്‍ഢ്യവും അധ്വാനശീലവും തുടര്‍പ്രക്രിയകളില്‍ ചോര്‍ന്നുപോകുന്നതാണ് അത്തരം കര്‍മ്മരംഗങ്ങള്‍ നിര്‍ജ്ജീവമാകുന്നതിന് കാരണം. പ്രലോഭനങ്ങള്‍ക്ക് ഒരു തനതുഭാവങ്ങളുണ്ട്. അവയെപ്പോഴും ഇരയുടെ ഇഷ്ടഭാവത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. അവ ഒരിക്കലും അതിക്രമിച്ച് കയറില്ല. അടുത്തുകൂടി നില്‍ക്കുകയേ ഉളളൂ.. കാലിടറിവീഴുന്നത് മനസ്സിലാകാത്തവിധമാണ് ഓരോ പ്രലോഭനങ്ങളും തങ്ങളുടെ ബലിയാടുകളെ സൃഷ്ടിക്കുക. നിയോഗങ്ങളിലേക്കുളള യാത്രകളില്‍ രണ്ടു കാര്യങ്ങള്‍ എപ്പോഴും കൂടെ കൂട്ടാം.. പ്രവര്‍ത്തനസ്ഥിരതയും, പ്രലോഭനങ്ങളെ മറികടന്നുളള പ്രവര്‍ത്തനനിരതയും… നമ്മുടെ ദൗത്യപൂര്‍ത്തീകരണത്തിലേക്കുളള യാത്രയുടെ ആദ്യപടി പ്രലോഭനങ്ങളെ തിരിച്ചറിയുക എന്നതാണ്.. അങ്ങനെ തിരച്ചറിഞ്ഞാല്‍ മനസ്സിനു മുന്നില്‍ ഒരു ബോര്‍ഡ് നമുക്ക് തൂക്കിയിടാം.. കെണിയുണ്ട്.. സൂക്ഷിക്കുക. എന്ന് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *