ആമസോണ്‍ പ്രൈം വീഡിയോയുടെ ഒറിജിനല്‍ ക്രൈം സിരീസ് ആയ ‘പോച്ചറി’ന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ഈ പരമ്പരയില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നടി, നിര്‍മ്മാതാവ്, സംരംഭക എന്നീ മേഖലകളില്‍ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചര്‍ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു. ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 ല്‍ അധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ ഈ സിരീസ് ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35 ല്‍ അധികം ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ ഉണ്ടായിരിക്കും. ആനകളെ നിഷ്‌കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ട്രെയിലര്‍ നല്‍കുന്നത്.