സപ്ലൈകോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈകോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ കേന്ദ്ര നിലപാടുകൾ കാരണം സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുകയാണെന്നും മന്ത്രി മറുപടി നൽകി. അവശ്യ സാധനമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ സമ്മേളനത്തിൽ വെല്ലുവിളിച്ചയാളാണ് മന്ത്രിയെന്നും ഇപ്പോൾ മന്ത്രി തന്നെ അവശ്യസാധനം ഇല്ലെന്ന് പറയുന്നുവെന്നും ഷാഫി കുറ്റപ്പെടുത്തി. പ്രതിപക്ഷം ഓരോ കാര്യങ്ങൾ എഴുതി നൽകുന്നത് കയ്യക്ഷരം നന്നാക്കാനല്ല . സപ്ലൈകോയെ തകർക്കരുതെന്ന് പ്രതിപക്ഷത്തോടല്ല മന്ത്രി പറയേണ്ടതെന്നും ഒപ്പമിരിക്കുന്നവരോടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എന്നാൽ കുടിശിക മുൻ സർക്കാരിന്റെ കാലത്ത് ഉള്ളത് കൂടിയാണ്. ഈ സർക്കാർ വന്ന ശേഷം പുതിയ ഔട്ലറ്റുകൾ തുടങ്ങുകയാണ് ചെയ്തത്. മാവേലി സ്റ്റോറുകളെ വാമനസ്റ്റോറുകളാക്കിയത് പ്രതിപക്ഷമാണെന്ന് മന്ത്രി ജി.ആര്‍.അനിലും മറുപടി നൽകി.