വാട്സ്ആപ്പില്‍ നിന്ന് മറ്റ് ആപ്പുകളിലേക്ക് സന്ദേശമയക്കാന്‍ കഴിയുമോ? എന്നാല്‍ ഇങ്ങനെ സാധ്യമാക്കും വിധം ക്രോസ് ആപ് ചാറ്റ് സൗകര്യമൊരുക്കാന്‍ വാട്സ്ആപ്പ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്സ്ആപ്പില്‍ നിന്ന് തന്നെ മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ടെലിഗ്രാം, മെസഞ്ചര്‍, സ്കൈപ്, സിഗ്നല്‍, സ്നാപ് തുടങ്ങിയ മറ്റു ആപ്പുകളിലേക്ക് സന്ദേശമയക്കാന്‍ കഴിയുന്ന രീതിയില്‍ ക്രോസ് ആപ് ചാറ്റ് സൗകര്യമാണ് വാസ്ആപ്പ് ഒരുക്കുന്നത്. വാട്ട്സ്ആപ്പിന്റെ എഞ്ചിനീയറിങ് ഡയറക്ടര്‍ ഡിക്ക് ബ്രൗവറിന്റെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുതിയ മാറ്റത്തെ കുറിച്ച് പറയുന്നത്. ഫീച്ചര്‍ എപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് പറയാനാകില്ലെങ്കിലും അടുത്ത മാസം പുതിയ അപ്ഡേറ്റിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ സന്ദേശങ്ങളും, ചിത്രങ്ങളും, ഫയലുകളും മാത്രമാകും അയക്കാന്‍ കഴിയുക. കോളുകളും ഗ്രൂപ്പ് സന്ദേശങ്ങളും ലഭ്യമാകില്ല. മറ്റു ആപ്പുകളില്‍നിന്നുള്ള സന്ദേശം വാട്സ്ആപ്പ് വേറെ തന്നെ സൂക്ഷിക്കും. ഇത് ‘തേഡ് പാര്‍ട്ടി ചാറ്റ്സ്’ എന്ന പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. മറ്റു ആപ്പുകളുടെ സമ്മതം അടക്കം ഇനിയും കടമ്പകളുള്ളതിനാല്‍ ഉപയോക്താക്കളിലേക്ക് അപ്ഡേറ്റ് എപ്പോള്‍ എത്തുമെന്ന് പറയാനാകില്ല.