ഭക്ഷ്യ വകുപ്പിനും സിവില്‍ സ്പളൈസിനും സംസ്ഥാന ബജറ്റില്‍ മതിയായ തുക വകയിരുത്താത്തതിനെക്കുറിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മന്ത്രിസഭയിലും എല്ലാം വിഷയം സംസാരിക്കും. പരസ്യമായി പ്രതികരിക്കുന്നില്ല. അരി അടക്കം എല്ലായിനം ഭക്ഷ്യവസ്തുക്കളുടേയും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇടപെടേണ്ട ഭക്ഷ്യ വകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായെന്ന മാധ്യമ വാര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിഷേധിച്ചു. കരാറുകാരെ മാറ്റിയപ്പോള്‍ ചിലര്‍ക്കു പൊള്ളിയെന്നാണു മുഹമ്മദ് റിയാസ് പ്രസംഗിച്ചത്. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരേയാണു മുഹമ്മദ് റിയാസിന്റെ പ്രസംഗമെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കടകംപള്ളിയെ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ തെളിവില്ലെന്നു വിജിലന്‍സ്. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു.
വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപവും സ്വകാര്യ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. വിദേശ സര്‍വകലാശാലകളെക്കുറിച്ച് ആലോചിക്കുമന്നാണ് ബജറ്റില്‍ പറഞ്ഞത്. ഇതിനെതിരേയെല്ലാം പണ്ടു സമരം ചെയ്തത് അന്നത്തെ കാലത്തിനനുസരിച്ചുള്ള നിലപാടാണ്. കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്തിട്ടുണ്ട്. മന്ത്രി പറഞ്ഞു.
വിദേശ മദ്യത്തിനു സര്‍ക്കാര്‍ വിലകൂട്ടിയത് സൂത്രവിദ്യയിലൂടെ. ലിറ്ററിന് അഞ്ചു പൈസയായിരുന്ന ഗാലനേജ് ഫീസ് പത്തു രൂപയാക്കി കൂട്ടാനാണു ബജറ്റ് നിര്‍ദ്ദേശം. പത്തു പൈസയാക്കാമെന്നായിരുന്നു ബെവ്‌ക്കോ നല്‍കിയ നിര്‍ദേശം. അഞ്ചു പൈസ പത്തു രൂപയാക്കി വര്‍ധിപ്പിച്ചതോടെ ബിവറേജസ് കോര്‍പറേഷന്റെ ലാഭം വന്‍തോതില്‍ കുറയും. ഇതോടെ മദ്യവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടേണ്ടിവരും.
ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അപൂര്‍വ്വമായ സാഹചര്യം ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ടെത്തലൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണദാസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍. എക്‌സൈസ് വ്യാജമായി തന്നെ കേസില്‍ പ്രതിയാക്കിയെന്നും തനിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സര്‍ക്കസ് കുടുംബത്തിലെ കാണാതായ ഭാര്യയും നാലു മക്കളും തിരിച്ചെത്തി. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെകഴിഞ്ഞ മാസം 20 മുതല്‍ കാണാനില്ലെന്നു മധു ഷെട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ വീടുവിട്ടതെന്നാണ് അറിയുന്നത്.
ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേസെടുക്കാതെ പോലീസ്. ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡിനടുത്തുവെച്ചായിരുന്നു സംഭവം. കസബ പൊലീസ് ആയിരം രൂപ പിഴയടപ്പിച്ചെങ്കിലും കേസെടുത്തില്ല.
താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ നിയന്ത്രണം. ബദല്‍പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാം. ഗതാഗതകുരുക്ക് പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി തെലങ്കാനയില്‍ മല്‍സരിക്കണമെന്നു ക്ഷണം. റായ്ബറേലി വിട്ട് സോണിയാ ഗാന്ധിയോട് തെലങ്കാനയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്നു നിര്‍ദേശിച്ചെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാണെന്ന അന്ധവിശ്വാസം വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യവസ്തുവിനു മുന്നില്‍ അയല്‍ക്കാരന്‍ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഒരാഴ്ചയ്ക്കകം കല്ല് നീക്കണമെന്ന് പൊലീസിനും റവന്യൂവകുപ്പിനും കോടതി നിര്‍ദേശം നല്‍കി.
വിവാഹമെന്ന സംവിധാനം സംരക്ഷിക്കപ്പെടണമെന്നും വിവാഹിതരല്ലാതെ സ്ത്രീകള്‍ കുട്ടികള്‍ക്കു ജന്മം നല്‍കാന്‍ അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി. 44 വയസുള്ള അവിവാഹിതയായ സ്ത്രീയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് പശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരം ഇവിടെ നടപ്പാക്കാനവില്ലെന്നു സുപ്രീം കോടതി നിലപാടെടുത്തത്. അവിവാഹിതയായ സ്ത്രീയെ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാവാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍. പ്രോസ്റ്റേറ്റ് ചികിത്സയ്ക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്.