വയനാട്ടിലെ മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ സാധിച്ചില്ലെങ്കിൽ മയക്കുവെടി വെച്ച് കര്‍ണാടക വനംവകുപ്പിന്റെ സാന്നിധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയിൽ തുറന്നുവിടണമെന്നാണ് ഉത്തരവ്. സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡൻ ആണ് ഉത്തരവിറക്കിയത്. നിലവിൽ കാട്ടാനയെ തുരത്താൻ ബുദ്ധിമുട്ടായതിനാൽ മയക്കുവെടി വെച്ച ശേഷം ബന്ദിപ്പൂരില്‍ തുറന്നുവിടാൻ ആണ് അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത് .
ഉത്തരവിറങ്ങാന്‍ വൈകിയതിൽ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ആനയെ വനത്തിലേക്ക് ഓടിച്ചുകയറ്റാൻ ദുഷ്കരമെന്നാണ് നോര്‍ത്തേണ്‍ സിസിഎഫ് വ്യക്തമാക്കിയത്. ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചതിനാല്‍ കാടിന് സമീപം എത്തിക്കുകയെന്നത് വെല്ലുവിളിയാണ് . ആന ഇപ്പോൾ തുറസ്സായ സ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പൂട്ടാൻ കുങ്കിയാനകളായ വിക്രമും സൂര്യയും എത്തിയിട്ടുണ്ട്. നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.