ഇനി വാട്സാപ്പില്‍ നിന്നും വാട്സാപ്പിലേക്ക് ഫയലുകള്‍ കൈമാറാന്‍ ഫോണുകള്‍ കുലുക്കിയാല്‍ മതി. വരാനിരിക്കുന്ന പുതിയ അപ്ഡേറ്റില്‍ ഈപുതിയ ഫയല്‍ ഷെയറിംഗ് ഫീച്ചര്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അടുത്തുള്ള രണ്ട് ഫോണുകള്‍ തമ്മില്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ ആപ്പിള്‍ ഐ-ഫോണിലുള്ള ഫീച്ചറാണ് എയര്‍ഡ്രോപ്പ്-എസ്ക്യു. ഇന്റര്നെറ്റില്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലാണെങ്കില്‍ വൈഫൈയുമായി കണക്റ്റാണെങ്കില് ‘നിയര്‍ബൈ ഷെയര്‍’ എന്ന ആപ്പുപയോഗിച്ച് ഫോണുകള്‍ തമ്മിലുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ സാധ്യമാണ്. ഇത്തരത്തിലുള്ള ഫീച്ചറാണ് വാട്സാപ്പും അവതരിപ്പിക്കുന്നത്. വാബീറ്റാഇന്‍ഫോ അനുസരിച്ച്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റ (അപ്ഡേറ്റ് 2.24.2.20) പതിപ്പുള്ളവരില് ഇത് തുടക്കത്തില്‍ ലഭ്യമായേക്കുമെന്നാണ് വിവരം. അടുത്തടുത്തുള്ള രണ്ട് ഫോണുകളില്‍ ഫയലുകള്‍ കൈമാറാന്‍ അയയ്ക്കേണ്ട ഫയലുകള്‍ ഉള്ള ഫോണും സ്വീകരിക്കേണ്ട ഫോണും കുലുക്കിയാല്‍ മതി. പങ്കുവച്ചിട്ടുള്ള സ്ക്രീന്‍ഷോട്ടില്‍ നിന്ന് മനസ്സിലാകുന്നത് അയയ്ക്കുന്ന ഫയലുകള്‍ വാട്സാപ്പ് മെസേജുകള്‍ പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് (ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലെത്തുന്നവ സുരക്ഷിതമായിരിക്കും) ആയിരിക്കും എന്നാണ്. ബ്ലൂടൂത്ത് പോലെ അടുത്തുള്ള ഡിവൈസുകള്‍ക്കെല്ലാം നിങ്ങളുടെ ഫോണ്‍ ലഭ്യമായിരിക്കില്ല. അടുത്തുള്ള ഫോണ്‍ ആണെങ്കിലും കോണ്ടാക്റ്റ് സേവ് ചെയ്താല്‍ മാത്രമാണ് ഫയര്‍ അയയ്ക്കല്‍ സാധ്യമാകുക.