mid day hd 22

 

ഡിഎ കുടിശിക ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കി. തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ യോഗം നടത്തുന്നതിനിടെ എത്തിയ ഇടതു സംഘടനാ പ്രവര്‍ത്തകരും പണിമുടക്കുന്നവരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്. ഇടതു സംഘടനാ പ്രവര്‍ത്തകന്‍ ഇരുചക്രവാഹനത്തില്‍ പലതവണയായി ഗേറ്റിലൂടെ കടന്നുപോയി മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെ തുടങ്ങും.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെടും. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ.

കോഴിക്കോട് ചക്കിട്ടപാറയില്‍ പെന്‍ഷന്‍ കിട്ടാതെ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ജീവനൊടുക്കിയ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മൃതദേഹവുമായി കളക്ടറേറ്റിനു മുന്നില്‍ കുത്തിയിരിക്കുമെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും ചക്കിട്ടപാറ പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട് പറഞ്ഞു.

ചക്കിട്ടപാറയിലെ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍. മരിച്ച ജോസഫ് കോണ്‍ഗ്രസ് അനുഭാവിയാണെന്നും ആത്മഹത്യ രാഷ്ട്രീയ നാടകമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.

മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ് എം തോമസും കുടുംബവും കൈവശം വയ്ക്കുന്ന അഞ്ചേമുക്കാല്‍ ഏക്കര്‍ മിച്ചഭൂമി ഒരാഴ്ചയ്ക്കകം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്. വിട്ടു നല്കിയില്ലെങ്കില്‍ തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കണമെന്നും കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.

ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ റിപ്പപ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ക്ക് ഇടുക്കിയില്‍ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ- മെയില്‍ അയക്കാന്‍ സിപിഎം തീരുമാനി്ച്ചു. പട്ടയ നടപടികള്‍ തടഞ്ഞ കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും ശക്തമാക്കാനും സിപിഎം തീരുമാനിച്ചു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാല്‍ റിസോര്‍ട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് വാങ്ങും. അതിനുശേഷം ഹിയറിംഗ് നടത്തും. 50 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്നാണ് കണ്ടെത്തല്‍.

നവകേരള യാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ മര്‍ദിച്ചെന്ന കേസില്‍ ഒടുവില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന് തിങ്കളാഴ്ച്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നു നോട്ടീസ്. സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നല്‍കി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവന്തപുരത്ത് എത്തിയാണ് നോട്ടീസ് കൈമാറിയത്.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് തുറന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷമാണ് വിദ്യാര്‍ത്ഥികളെ അകത്തേക്കു പ്രവേശിപ്പിച്ചത്. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറു മണിക്ക് ശേഷം ആരെയും ക്യാംപസില്‍ അനുവദിക്കില്ല.

പ്രശസ്ത കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവല്ലയിലെ മതില്‍ഭാഗം മുറിയായിക്കല്‍ വീട്ടിലായിരുന്നു അന്ത്യം.

സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ‘എന്റെ മെഴുകുതിരിയത്താഴങ്ങള്‍’, ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍

പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കു നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ കേസില്‍ നാല് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

താമരശേരി ചുരത്തിലെ ആറാം വളവില്‍ ഗതാഗത കുരുക്ക്. കെഎസ്ആര്‍ടിസി ബസ്സും സമീപത്ത്ി ഒരു ലോറിയും തകരാറിലായി കിടന്നതോടെയാണ് ഗതാഗത കുരുക്കുണ്ടായത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.

ഇടുക്കിയില്‍ പോക്‌സോ കേസില്‍ പ്രതിക്ക് 31 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പ്രായപൂര്‍ത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.

മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച എഎസ്‌ഐ ഗോപിമോഹനെ നാട്ടുകാര്‍ പിടികൂടി. ഇയാള്‍ക്കെതിരേ കേസെടുത്തു. കാറിലിടിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു.

ബേപ്പൂരില്‍ ബോട്ട് കത്തി ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചത്. വീല്‍ഹൗസ് ഉള്‍പ്പെടെ ബോട്ടിന്റെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു.

എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ തുടരന്വേഷണം നടത്തണമെന്ന് തൃശൂര്‍ എസ്‌സി എസ്ടി കോടതി. 2017 ജൂലൈ മാസത്തിലാണ് പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ിനായകന്‍ ആത്മഹത്യ ചെയ്തത്.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തടയാന്‍ ആസാം സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. യാത്രക്കെതിരേ ബിജെപി അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

നിയമസംഹിതകളുടെ പുതിയ ഹിന്ദി പേര് പറയില്ലെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്. പഴയ ഐപിസി, സിആര്‍പിസി എന്നീ പേരുകള്‍ തന്നെ തുടരും. തനിക്ക് ഹിന്ദി അറിയില്ല, ഹിന്ദി അടിച്ചേല്‍പിക്കാനാവില്ല. ഒരു കേസിന്റെ വാദത്തിനിടെയാണ് ജഡ്ജി വിചിത്ര പരാമര്‍ശം നടത്തിയത്.

നടി ഷക്കീല മദ്യപിച്ചശേഷം തന്നെ അടിച്ചപ്പോഴാണ് താന്‍ തിരിച്ചടിച്ചതെന്നു വളര്‍ത്തു മകള്‍ ശീതള്‍. ഷക്കീല എല്ലാ ദിവസവും മദ്യപിക്കും. മദ്യപിച്ചാല്‍ നിസാര കാര്യങ്ങളുടെ പേരില്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *