◾നാളെ മുതല്‍ ഞായറാഴ്ചകളില്‍ ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുന്നതല്ല. മണിക്കൂര്തോറുമുള്ള ന്യൂസ് അപ്ഡേറ്റ്സുകള്‍ക്കും രാത്രി എട്ടിനുള്ള ‘രാത്രി വാര്‍ത്തകള്‍’ക്കുമായി വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.dailyneswslive.in
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യാപാരി സമ്മേളനത്തിന് എത്തുന്ന ഒമ്പതാം തീയതി എല്‍ഡിഎഫ് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ നാറിയാണെന്നും ഇടുക്കിയിലേക്കു വരരുതെന്നും സിപിഎം നേതാവ് എം.എം മണി. ഒമ്പതാം തീയതി എല്‍ഡിഎഫ് രാജ്ഭവന് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കേ, ഇടുക്കിയിലെ വ്യാപാരികള്‍ ഗവര്‍ണര്‍ക്ക് പൊന്നുകൊണ്ട് പുളിശേരി വച്ചു കൊടുക്കുന്നത് പൊറുപ്പിക്കില്ലെന്നും മണി പറഞ്ഞു.
◾
◾കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
◾വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനെ പ്രതി അര്‍ജുനന്റെ ബന്ധു കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസില്‍ പോക്സോ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജാണ് കുത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനെ വണ്ടിപ്പെരിയാര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുത്തച്ഛനും സംഘര്‍ഷത്തില്‍ നേരിയ പരിക്കുണ്ട്. പാല്‍രാജിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾കായംകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ചില നേതാക്കള്‍ തന്നെ കാലുവാരിയെന്ന് സിപിഎം നേതാവ് ജി.സുധാകരന്. കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പന് തനിക്കെതിരെ നിന്നു. പാര്‍ട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ടു കുറഞ്ഞു. സുധാകരന് ആരോപിച്ചു.
◾ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ഓപ്പറേഷന് അമൃത് (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത്) എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
◾വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ മെയ് മുതല്‍ എത്തിത്തുടങ്ങും. നിലവില്‍ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാര്‍ച്ച് മാസത്തോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. പുലിമൂട്ട് നിര്‍മ്മാണം അടുത്തമാസം തീര്‍ക്കും. സിപിഎം ഏറ്റെടുത്ത തുറമുഖ വകുപ്പിന്റെ മന്ത്രി വിഎന്‍ വാസവന് അവലോകന യോഗത്തില്‍ പങ്കെടുത്ത് പുരോഗതി വിലയിരുത്തി. അദാനിക്കുള്ള വിജിഎഫ് ഉടന്‍ കൊടുക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയാറാക്കിയ പുനരധിവാസ പാക്കേജ് അതേപോലെ നടപ്പാക്കില്ലെന്നു മന്ത്രി വാസവന് പറഞ്ഞു.
◾മാസപ്പടിയില്‍ നിന്നല്ല ജനങ്ങളുടെ നികുതിയില്‍ നിന്നാണ് പെന്ഷന് ചോദിക്കുന്നതെന്ന് ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി. പിണറായി വിജയന്റേതല്ലാത്ത പാര്‍ട്ടികളുടെ പരിപാടികളില്‍ താന്‍ പങ്കെടുക്കും. അതിന് രാവിലെ കോണ്‍ഗ്രസ്, രാത്രി ബിജെപി എന്നു സിപിഎമ്മുകാര്‍ വിമര്‍ശിച്ചതുകൊണ്ടു കാര്യമില്ല. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾പന്തളം രാജകുടുംബാംഗമായ കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ ചോതിനാള് അംബിക തമ്പുരാട്ടി അന്തരിച്ചു. 76 വയസായിരുന്നു. ദേഹവിയോഗംമൂലം പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 നു ശുദ്ധി ക്രിയകള്‍ക്കു ശേഷം തുറക്കും. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.
◾കെഎസ് യു നേതാവ് അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംഭവത്തില്‍ പങ്കുള്ള ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നല്‍കണം. അദ്ദേഹം ആവശ്യപ്പെട്ടു.
◾കോളജില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു പരാതിപ്പെട്ടതിന് മലപ്പുറം എംസിടി ലോ കോളജിലെ വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കി. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റോഷനെയാണ് പുറത്താക്കിയത്. പ്രതിഷേധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തി.
◾മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. തമിഴ്നാട് സ്വദേശികളായ മുരുകന്, ബാലസുബ്രഹ്മണ്യന് എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പിടികൂടിയത്. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന.
◾താമരശ്ശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നും സംഘര്‍ഷം. രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷന് സെന്ററില്‍നിന്നു പുറത്തിത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്തുനിന്നും എത്തിയവരാണ് മര്‍ദ്ദിച്ചത്. ഇന്നലെ വിദ്യാര്‍ത്ഥികള്‍ വയലിലും റോഡിലുമായി ഏറ്റുമുട്ടിയിരുന്നു.
◾ഒന്നര വയസുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസിലെ പ്രതി, കുഞ്ഞിന്റെ അമ്മയുടെ സഹോദരി ഉറിയാക്കോട് മഞ്ചു എന്ന ബിന്ദു(36)വിനെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. മഞ്ചുവിന്റെ മൂത്തസഹോദരി സിന്ധുവിന്റെ മകന് അനന്തനാണ് കൊല്ലപ്പെട്ടത്.
◾വടകരയില്‍ നേപ്പാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ഓര്‍ക്കാട്ടേരി ടൗണില്‍ കെട്ടിടത്തിന് മുകളിലാണ് നേപ്പാള്‍ ബൂത്തിപൂര്‍ ജില്ലയിലെ നാഥ് (53)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് ജ്യോതിഷ പ്രകാരമാണെന്ന് മുന്‍ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. രണ്ടു കോടി രൂപയ്ക്കാണ ദാവൂദിന്റെ സ്ഥലം അജയ് വാങ്ങിയത്. അവിടെ സ്കൂള്‍ ആരംഭിക്കുമെന്നാണ് അജയ് പറയുന്നത്.
◾റേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് എത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്ക്കെതിരേ ബംഗാളില്‍ ആക്രമണം. ബന്‍ഗാവ് നഗരസഭ മുന്‍ ചെയര്‍മാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ ആദ്യയെ അറസ്റ്റു ചെയ്തുകൊണ്ടുപോകുമ്പോഴായിരുന്നു ഇഡി സംഘത്തെ കല്ലെറിഞ്ഞത്. കാറിന്റെ ചില്ലു തകര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.
◾കുപ്രസിദ്ധ ഗുണ്ടാനേതാവ് ശരത് മോഹന്‍ (40) പൂനെയില്‍ വെടിയേറ്റു മരിച്ചു. സ്വന്തം അനുയായികളാണ് വെടിവച്ചുകൊന്നതെന്ന് പോലീസ് പറഞ്ഞു.
◾ഒരാഴ്ച മുമ്പ് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു പാര്‍ട്ടി വിട്ടു. രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നും രാജി വച്ചെന്നും അമ്പാട്ടി റായുഡു അറിയിച്ചു.
◾ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാന്‍ അമിത വേഗതയില്‍ അലക്ഷ്യമായി ഓടിച്ച വാഹനം അപകടത്തില്‍പെട്ട് നാലു പേര് മരിച്ചു. രാജസ്ഥാനിലെ ജയ്സാല്മറില് ഇന്‍സ്റ്റഗ്രാം താരങ്ങളായ റോഷന് ഖാന് (21), ഭവാനി സിങ് എന്നിവരും അവര്‍ ഓടിച്ച വാഹനമിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന 13 വയസുകാരന് മനീഷും അമ്മ കലുമാണ് മരിച്ചത്.
◾ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ടു വിദേശികള്‍ അറസ്റ്റിലായി. ഇറാന് പൗരന്മാരാണ് ബള്‍ഗേറിയന്‍ പാസ്പോര്‍ട്ടുമായി പാരീസിലേക്കു പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്.
◾ഹോളിവുഡ് നടന് ക്രിസ്റ്റ്യന്‍ ഒലിവറും രണ്ടു പെണ്മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം ടേക്ക് ഓഫിനു പിറകേ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു. 51 കാരനായ ക്രിസ്റ്റ്യന്‍ ഒലിവറിന്റെ മക്കളായ 12 വയസുള്ള അനികയും പത്തു വയസുള്ള മെഡിറ്റയും പൈലറ്റും മരിച്ചു.
◾പോര്ട്ലാന്ഡ് വിമാനത്താവളത്തില്‍നിന്ന് 171 യാത്രക്കാരെയുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ആകാശമദ്ധ്യേ ഇളകിത്തെറിച്ചു. പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിച്ചു. വിമാനം അടിയന്തിരമായി ലാന്‍ഡു ചെയ്തു. കാലിഫോര്‍ണിയയിലെ ഒന്റാറിയോയിലേക്ക് പുറപ്പെട്ട അലാസ്ക എയര്‍ലൈന്‍സിന്റെ എസ് 1282 വിമാനത്തിലാണ് നടങ്ങുന്ന സംഭവം ഉണ്ടായത്.
◾ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരി 42 കാരനായ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ മകള്‍ കിം ജു ഏയ് ആയിരിക്കുമെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘടന. 1945 ല്‍ താല്‍ക്കാലിക പീപ്പിള്‍സ് കമ്മിറ്റി ചെയര്‍മാനായി കിം ഇല് സുംഗ് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഉത്തര കൊറിയയില്‍ കിമ്മിന്റെ കുടുംബ ഭരണമാണ്. കിംമ്മിന്റെ മൂന്നാമത്തെ തലമുറയാണ് ഇന്ന് ഉത്തര കൊറിയ ഭരിക്കുന്ന കിം ജോംഗ് ഉന്‍.
◾കളിക്കാരനായും പരിശീലകനായും നാലു തവണ ലോകകിരീടം ചൂടിയ ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ ഭാഗമായിരുന്ന ബ്രസീലിയന്‍ ഫുട്ബോളര് മരിയോ സഗാലോ (92) അന്തരിച്ചു. 1958 ല്‍ ആദ്യമായി ബ്രസീല്‍ ലോക കിരീടം ചൂടിയപ്പോള്‍ മുതല്‍ 2014 ലില്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതുവരെയുള്ള എല്ലാ ഘട്ടത്തിലും സഗാലോ മുന്നണിയിലോ പിന്നണിയിലോ ഉണ്ടായിരുന്നു.
◾നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ അനുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 7.2 ശതമാനമായിരുന്നു. 2022-24ന്റെ ആദ്യ പകുതിയില്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച നേടിയിരുന്നു. രണ്ടാം പകുതിയില്‍ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനത്തിലേക്ക് കുറഞ്ഞു. 2023 ഡിസംബറില്‍, റിസര്‍വ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തിയുരുന്നു. ഇതിന് മുകളിലാണ് ഇപ്പോള്‍ എന്‍.എസ്.ഒയുടെ പ്രവചനം. രാജ്യത്തിന്റെ നോമിനല്‍ ജി.ഡി.പി 2023-24ല്‍ നിലവിലെ വിലയില്‍ 296.58 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.ഒ അറിയിച്ചു.10.7 ശതമാനം വര്‍ധനയോടെ നിര്‍മ്മാണ മേഖല ശക്തമായ വളര്‍ച്ച കൈവരിക്കുും. അതേസമയം, ഉല്‍പ്പാദന വ്യവസായത്തില്‍ 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം 4.6 ശതമാനം വളര്‍ച്ച പ്രകടമാക്കിയ ഖനന, ക്വാറി വ്യവസായം 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനമായി ഉയരും. അതേസമയം ജി.ഡി.പിയുടെ 15 ശതമാനത്തോളം വരുന്ന കൃഷി, കന്നുകാലി, വനം, മത്സ്യബന്ധനം എന്നീ മേഖലകള്‍ 2023-24ല്‍ 1.8 ശതമാനം മിതമായ നിരക്കില്‍ വളരുമെന്നാണ് എന്‍.എസ്.ഒ പറയുന്നത്.
◾ഉപഭോക്താക്കളുടെ ഇഷ്ട മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യത്യസ്തവും നൂതനവുമായ നിരവധി ഫീച്ചറുകള്‍ വാട്സ്ആപ്പ് ഓരോ അപ്ഡേഷനിലും ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പ് ചാനലുകള്‍ക്ക് വെരിഫിക്കേഷന് ബാഡ്ജാണ് നല്‍കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ ഉപഭോക്താക്കള്‍ക്ക് വെരിഫിക്കേഷന് ബാഡ്ജ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിനും, ഇന്‍സ്റ്റഗ്രാമിനും സമാനമായ രീതിയില്‍ നീല ടിക്ക് ആണ് വെരിഫിക്കേഷനായി നല്‍കിയിരിക്കുന്നത്. ബീറ്റാ ടെസ്റ്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മുഴുവന്‍ ഉപഭോക്താക്കളിലേക്കും വെരിഫിക്കേഷന് ബാഡ്ജ് എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം. ഈ ഫീച്ചര്‍ പ്രധാനമായും ബിസിനസ് വാട്സ്ആപ്പ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സ്ക്രീന്‍ഷോട്ടുകള്‍ ലഭ്യമാണ്. പുതിയ ചാനല്‍ ക്രിയേറ്റ് ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്കും വെരിഫിക്കേഷന് ബാഡ്ജ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം.
◾ശിവകാര്ത്തികേയന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘അയലാന്’. സമീപകാലത്ത് ശിവകാര്ത്തികേയന് തീര്‍ത്തും വ്യത്യസ്തമായ സിനിമകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിനാല്‍ അയലാനില്‍ വലിയ പ്രതീക്ഷകളുമാണ്. ഇപ്പോള്‍ അയലന്റെ ട്രെയിലര്‍ ഇറങ്ങിയിരിക്കുകയാണ്. ഏലിയന്‍ ക്യാരക്ടറാണ് ചിത്രത്തിലെ പ്രധാന പ്രത്യേകത. എആര്‍ റഹ്മാന്റെ സംഗീതവും, മികച്ച ഗ്രാഫിക്സും ചിത്രത്തിന് വലിയ ഗുണമാകും എന്നാണ് ട്രെയിലര്‍ നല്കുന്ന പ്രതീക്ഷ. ചിത്രത്തില്‍ ഏലിയന്‍ ശബ്ദം നല്‍കുന്നത് നടന് സിദ്ധാര്‍ത്ഥാണ്. അതേ സമയം ശിവകാര്ത്തികേയന് നായകനായ അയലാന് എന്ന സിനിമയുടെ സെന്‍സര്‍ കഴിഞ്ഞിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. യു സര്‍ട്ടഫിക്കറ്റാണ് അയലാന് എന്നതിനാല്‍ സിനിമ കുടുംബ പ്രേക്ഷകരും കാത്തിരിക്കുന്നതാണ്. അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു നായകന് ശിവകാര്ത്തികേയന്. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ ഇപ്പോള്‍ പ്രധാനം എന്നും ശിവകാര്ത്തികേയന് വ്യക്തമാക്കിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചന്ന വിവരം. സംവിധാനം ആര് രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്ത്തികേയന് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാന് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
◾ജോഷി സംവിധാനം ചെയ്ത് 2019 ല്‍ റിലീസായ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ഇപ്പോഴിതാ ചിത്രത്തിന് തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ‘നാ സാമി രംഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗര്‍ജ്ജുനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനകം ഇറങ്ങി കഴിഞ്ഞു. ജനുവരി 14നാണ് ചിത്രം ഇറങ്ങുന്നത്. കിംഗ് എന്ന് ടോളിവുഡില്‍ അറിയപ്പെടുന്ന നാഗര്‍ജ്ജുന വളരെക്കാലത്തിന് ശേഷം ഒരു വില്ലേജ് കഥാപാത്രമായി എത്തുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. അതേ സമയം ചിത്രത്തില്‍ പൊറിഞ്ചു എന്ന ക്യാരക്ടര്‍ സാമി രംഗയാണ് ഈ റോളിന് വേണ്ടി നാഗര്‍ജ്ജുന വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ നാഗര്‍ജ്ജുന 10 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. ഇതിന് പുറമേ ചിത്രം ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യാനുള്ള അവകാശവും നാഗര്‍ജ്ജുന എടുത്തുവെന്നാണ് വിവരം. ദില്‍ രാജു വഴിയായിരിക്കും രണ്ട് തെലുങ്ക് സംസ്ഥാനങ്ങളില്‍ നാ സാമി രംഗ റിലീസ് ചെയ്യുക. അതായത് 30 കോടിക്ക് എങ്കിലും വിറ്റുപോകുന്ന തീയറ്റര്‍ അവകാശവും നാഗര്‍ജ്ജുന പ്രതിഫലമായി വാങ്ങിയെന്നാണ് ടോളിവുഡിലെ സംസാരം. പ്രസന്ന കുമാര്‍ ബെസവാഡയുടെ തിരക്കഥയില്‍ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് നാ സാമി രംഗ. സിനിമയുടെ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങളും ഒരുക്കുന്നത് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എംഎം കീരവാണിയാണ്.
◾ഇന്ത്യയില്‍ എന്‍ഡവറിന്റെ വില്പന വീണ്ടും ആരംഭിക്കുന്നതിന്റെ സൂചന നല്കി ഫോഡ്. എന്‍ഡവറിന്റെ പുതിയ ഡിസൈന്‍ ഇന്ത്യന്‍ പേന്റന്റ് ലഭിക്കാന്‍ ഫോഡ് അപേക്ഷ നല്‍കിയത് ഇതിന്റെ ഭാഗമായാണെന്നാണ് അനുമാനം. ചെന്നൈ നിര്‍മാണ ശാല ജെഎസ്ഡബ്ല്യുവി ഗ്രൂപ്പിന് വില്‍ക്കാനുള്ള കരാര്‍ ഫോഡ് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് 2022ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ എവറസ്റ്റ് എന്ന എന്‍ഡവറിലൂടെ ഫോഡ് ഇന്ത്യയില്‍ തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നത്. എന്നാല്‍ ഫോഡ് ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. 2024 അവസാനമോ അടുത്ത വര്‍ഷം ആദ്യമോ എന്‍ഡവര്‍ തിരിച്ചെത്തിയേക്കും. ചെന്നൈ പ്ലാന്റില്‍ അസംബിള്‍ ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. എന്നാല്‍ ഹോമോലോഗേഷന്‍ പ്രകാരം 2500 വാഹനങ്ങള്‍ വരെ ഒരു വര്‍ഷം കുറഞ്ഞ നികുതിയില്‍ ഇറക്കുമതി ചെയ്യാനും സാധ്യതയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ നിലവിലുണ്ടായിരുന്ന എന്‍ഡറില്‍ നിന്ന് ഏറെ മാറ്റങ്ങളുണ്ട് 2022 മോഡലിന്. റേഞ്ചര്‍ പിക്ക് അപ് ട്രക്കിന്റെ പ്ലാറ്റ്ഫോമില്‍ തന്നെയാണ് വാഹനത്തിന്റെ നിര്‍മാണം. മെട്രെിക്സ് എല്‍ഇഡി ഹെഡ്ലാംപ്, സി ആകൃതിയിലുള്ള ഡേടൈം റണ്ണിങ് ലാംപ് എന്നിവ എന്ഡവറിലുണ്ട്. 12 ഇഞ്ച് ടച്ച് സ്ക്രീന്‍ 12.4 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലെ എന്നിവയും പുതിയ മോഡലില്‍ പ്രതീക്ഷിക്കാം. രണ്ടു ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 3.0 ലീറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് രാജ്യാന്തര വിപണിയിലെ എന്‍ജിനുകള്‍.
◾പ്രപഞ്ചത്തേയും മനുഷ്യനേയും ദൈവം സൃഷ്ടിച്ചതാണെന്നു കരുതുന്ന സൃഷ്ടിവാദവും, ഒരു ഏകകോശജീവിയുടെ സന്തതിപരമ്പരകള്‍ പരിണമിച്ചാണ് മനുഷ്യരുണ്ടായതെന്നു സമര്‍ത്ഥിക്കുന്ന പരിണാമവാദത്തേയും ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഒരേപോലെ വിമര്‍ശിക്കുന്ന പഠനഗ്രന്ഥം. മനുഷ്യനുള്‍പ്പടെയുള്ള വ്യത്യസ്ത ജീവജാതികളുടെ ബീജങ്ങള്‍ ഒരുമിച്ചോ, വലിയ ദൈര്‍ഘ്യമില്ലാത്ത ഒരു കാലഘട്ടത്തിനുള്ളിലോ പ്രകൃതിയില്‍ പലയിടത്തും രൂപപ്പെട്ടു വരികയാണുണ്ടായതെന്ന് മെഡിക്കല്‍ ഡോക്ടറായ ഗ്രന്ഥകാരന് ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു. ‘മനുഷ്യന്റെ ഉത്ഭവം’. ഡോ. എന്‍.കെ മുഹമ്മദ് ബഷീര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 1,169 രൂപ.
◾കേള്‍വി തകരാര്‍ ഉള്ളവര്‍ ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നത് അവരുടെ അകാല മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം. ശ്രവണ സഹായികളുടെ ഉപയോഗം സാമൂഹിക ഒറ്റപ്പെടലിനും വിഷാദരോഗത്തിനും മറവിരോഗത്തിനുമൊക്കെയുള്ള സാധ്യത കുറയ്ക്കുമെന്നും ഇതാകാം ഇത് ഉപയോഗിക്കുന്നവരെ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാന്‍ സഹായിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ വൈദ്യശാസ്ത്ര, ഗവേഷണ സ്ഥാപനമായ കെക് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. കേള്‍വി പ്രശ്നമുള്ള മുതിര്‍ന്നവരില്‍ ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് ഒരിക്കലും ഉപയോഗിക്കാത്ത രോഗികളെ അപേക്ഷിച്ച് അകാല മരണ സാധ്യത 24 ശതമാനം കുറവാണെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേള്‍വി തകരാര്‍ ചികിത്സിക്കാതിരിക്കുന്നത് കുറഞ്ഞ ജീവിത ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന് സര്‍വേയിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കെക് മെഡിസിനിലെ ഒടോലാരിങ്കോളജിസ്റ്റ് ജാനെറ്റ് ചോയിയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘം പഠനം നടത്തിയത്. കൂടുതല്‍ പേരെ ശ്രവണ സഹായികള്‍ ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകള്‍. എന്നാല്‍ ഇതിന്റെ ചെലവ്, അപമാനം, കൃത്യമായി ഫിറ്റാകുന്നതും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുമായ ഉപകരണങ്ങള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവ ശ്രവണ സഹായികള്‍ ഉപയോഗത്തിനുള്ള തടസ്സങ്ങളാണെന്നും പഠനം അടിവരയിടുന്നു. ലാന്‍സെറ്റ് ഹെല്‍ത്തി ലോന്‍ജിവിറ്റി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.19, പൗണ്ട് – 105.86, യൂറോ – 91.16, സ്വിസ് ഫ്രാങ്ക് – 97.90, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.88, ബഹറിന്‍ ദിനാര്‍ – 221.82, കുവൈത്ത് ദിനാര്‍ -271.94, ഒമാനി റിയാല്‍ – 217.20, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.65, ഖത്തര്‍ റിയാല്‍ – 22.85, കനേഡിയന്‍ ഡോളര്‍ – 62.19.