◾ഗണേഷ്‌കുമാറിനു സിനിമയില്ല. കെ.ബി ഗണേഷ് കുമാറിനു സിനിമ വകുപ്പ് വിട്ടുകൊടുക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗണേഷ്‌കുമാറിനെ അറിയിച്ചു. ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നു വൈകുന്നേരം നാലിനു രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരാകും. ഗണേഷ് കുമാറിനു ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.
◾നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചു മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നേരത്തെ നല്‍കിയ ഹര്‍ജിയില്‍ മാറ്റംവരുത്തുകയാണു ചെയ്തത്. ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കുന്ന ബില്ലുകളില്‍ അടിയന്തിരമായി തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾മുതലപ്പൊഴിയിലെ അപകട പരമ്പരയ്ക്കു കാരണം പുലിമുട്ട് നിര്‍മ്മാണങ്ങളിലെ വീഴ്ചകളാണെന്ന് വിദഗ്ധ സമിതി. തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും പൂനെ സിഡബ്ല്യുപിആര്‍എസ് ശുപാര്‍ശ ചെയ്തു. മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
◾സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കിയ ചെറുകിട വിതരണക്കാര്‍ക്കുള്ള 400 കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ട് ചെറുകിട ഉത്പാദകരും വിതരണക്കാരും എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഇരുനൂറ്റമ്പതോളം ചെറുകിട ഉത്പാദകരും വിതരണക്കാരുമാണ് സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കി പ്രതിസന്ധിയിലായത്. ഓരോരുത്തര്‍ക്കും രണ്ടു കോടി വരെ രൂപ കിട്ടാനുണ്ടെന്നും ജൂണ്‍ മാസം മുതല്‍ ഏഴു മാസമായി പണം തരുന്നില്ലെന്നുമാണു പരാതി.
◾കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടു വര്‍ഷത്തില്‍ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേര്‍ക്കാണ് ചികിത്സ നല്‍കിയത്.
◾കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നു കെബി ഗണേഷ് കുമാര്‍. സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫിനു കത്തു നല്‍കിയിരുന്നെങ്കിലും അങ്ങനെയൊരു കത്തു നല്‍കിയിട്ടില്ലെന്നാണ് ഗണേഷ്‌കുമാര്‍ ഇന്നു പ്രതികരിച്ചത്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇന്നു വൈകുന്നേരം ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ചു. ഏഴരയ്ക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പങ്കെടുക്കും. തൃശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന് തറവാടക ഭീമമായി ഉയര്‍ത്തിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം മൂന്നാം തീയതി തൃശൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
◾മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.
◾അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ബാബറി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസിന്റെ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ചെറുക്കാന്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കഴിയണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
◾അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു പോകേണ്ടതുണ്ടോയെന്നു ക്ഷണം ലഭിച്ചവര്‍ തീരുമാനം അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ക്കു ക്ഷണം ലഭിച്ചിട്ടില്ല. ചെന്നിത്തല പറഞ്ഞു.
◾
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന ഇടതു വലത് കക്ഷികളുടെ നിലപാട് ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അയോധ്യ പ്രശ്നം രമ്യമായാണ് പരിഹരിച്ചതെന്നും മുസ്ലീം സമുദായം സൗഹാര്‍ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
◾കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍. നവംബര്‍ 13 ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയില്‍ പതിച്ച പോസ്റ്ററില്‍ മാവോയിസ്റ്റുകള്‍ പറയുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്.
◾ആലുവ എടത്തല ചൂണ്ടിയില്‍ ഭാരത് മാതാ ലോകോളജില്‍ മഹാത്മാഗാന്ധി പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വച്ച എസ്എഫ്ഐ നേതാവ് അദീന്‍ നാസറിനെ അറസ്റ്റു ചെയ്തു. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
◾കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ മോഷണം. മഖ്ബറയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപ മോഷണം പോവുകയായിരുന്നു. ഹബീബ് ഇബ്നു മാലിക്കിന്റെയും ഖുമരിയ്യ ബീവിയുടെയും ഖബറിടമുള്ള മഖ്ബറയിലാണ് മോഷണം നടന്നത്.
◾മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിച്ച തടവുകാരന്‍ ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചു. പൂജപ്പുര ജയിലിലെ തടവുകാരന്‍ ജോയി റോക്കിയുടെ മര്‍ദനമേറ്റ വാര്‍ഡന്‍ രജനീഷ് ജോസഫിനും ആശുപത്രിയില്‍ ചികില്‍സ നല്‍കി. മറ്റുള്ളവരോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടതു തടഞ്ഞതിനാണ് വാര്‍ഡനെ ആക്രമിച്ചത്.
◾കോട്ടയം കാണക്കാരയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.
◾മഞ്ചേരി നെല്ലിപ്പറമ്പില്‍ റോഡിലെ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടര്‍ ലോറിയിടിച്ചു മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ജംഷീര്‍ (39) ആണ് മരിച്ചത്.
◾കൊല്ലം പട്ടാഴിയില്‍ മധ്യവസ്‌കനെ വെട്ടിക്കൊന്നു. മൈലാടുംപാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചിന് പാല്‍ കറക്കാന്‍ പോയിട്ടും പശു ഫാമില്‍നിന്ന് തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് മകന്‍ അടക്കം ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
◾നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി.കെ കോളനി പരിസരത്തു കരടിയുടെ പരാക്രമം. പരിയങ്ങാട് വാഹനങ്ങള്‍ക്കു മുന്നില്‍ എത്തിയ കരടിയെ നാട്ടുകാര്‍ വളരെ പ്രയാസപ്പെട്ടാണു തുരത്തിയോടിച്ചത്. രണ്ടാഴ്ചയിലധികമായി പ്രദേശത്തെ തേനീച്ച കര്‍ഷകരുടെ തേന്‍പെട്ടികള്‍ നശിപ്പിച്ചു തേന്‍കുടിക്കുകയാണ് ഈ കരടി.
◾മൂന്നാറില്‍ വീണ്ടും ജനവാസകേന്ദ്രങ്ങളില്‍ ഒറ്റയാന്‍ പടയപ്പ. ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ റേഷന്‍ കട പടയപ്പ ഭാഗികമായി തകര്‍ത്തു. പുലര്‍ച്ചെ ആന കടയിലെ അരിയും മറ്റും അകത്താക്കിയാണ് മടങ്ങിയത്.
◾വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 77 കിലോ കഞ്ചാവുമായി മുതലമട സ്വദേശി ഇര്‍ഷാദ്, അഗളി സ്വദേശി സുരേഷ് കുമാര്‍ എന്നിവരെ അറസ്റ്റു ചെയ്തു.
◾തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസുകാരന്‍ പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചല്‍ സ്വദേശി ഷൈജുവാണ് 40 കിലോ കഞ്ചാവുമായി പിടിയിലായത്.
◾തൃശൂര്‍ പുലക്കാട്ടുക്കരയില്‍ പുഴക്കടവില്‍ ഇരുന്നു പരസ്യമായി മദ്യപിച്ചതു ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ആറു യുവാക്കള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ കോനിക്കര, തലോര്‍ സ്വദേശികളായ ആഷിഖ്, ജിത്തു, അമല്‍, ഗോകുല്‍, അതുല്‍, സൂരജ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
◾അരിക്കു വില വര്‍ധിച്ചുകൊണ്ടിരിക്കേ 30 രൂപയ്ക്ക് അരി ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. എഫ്സിഐ ഭാരത് റൈസ് എന്ന പേരില്‍ വില കുറച്ചു വില്‍ക്കാനാണു പരിപാടി. ലോക്സഭ തെരഞ്ഞെടുപ്പിനു ജനങ്ങളെ കൈയിലെടുക്കാനാണ് വില കുറച്ചുള്ള അരി വിപണിയില്‍ ഇറക്കുന്നത്.
◾അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല. സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന നടത്തരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചിരുന്നു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
◾അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. യെച്ചൂരി പറഞ്ഞു.
◾ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന ലല്ലന്‍ സിങ് രാജിവച്ചാണ് നിതീഷിനെ പാര്‍ട്ടി അധ്യക്ഷനാക്കിയത്. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തണമെന്ന രാഷ്ട്രീയ പ്രമേയം യോഗം പാസാക്കി.
◾പലസ്തീനിലെ ജനവാസ മേഖലകളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയ, ഖാന്‍ യൂനിസ്, അല്‍ മഗാസി പ്രദേശങ്ങളില്‍ മാത്രം അമ്പതു പലസ്തീനികള്‍ വധിക്കപ്പെട്ടു.
◾ലോകത്തെ ഏറ്റവും വലിയ എണ്ണ സമ്പന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യക്ക് പുത്തന്‍ ലോട്ടറിയായി വമ്പന്‍ സ്വര്‍ണഖനി കണ്ടെത്തി. സൗദിയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി ആണ് 125 കിലോമീറ്ററോളം നീളംവരുന്ന ഖനി കണ്ടെത്തിയത്. സൗദി അറേബ്യയുടെ മധ്യപ്രവിശ്യയില്‍ നിലവിലെ ഖനിയായ മന്‍ശൂറാ മസാറയ്ക്ക് സമീപമാണ് പുതിയ ഖനിയുള്ളത്. 2022ല്‍ തുടക്കമിട്ട സ്വര്‍ണ പര്യവേക്ഷണ പദ്ധതിക്കാണ് ഫലം കണ്ടതെന്ന് മആദെന്‍ വ്യക്തമാക്കി. മന്‍ശൂറ മസാറയ്ക്കടുത്ത് ദക്ഷിണ ഉറൂഖ് പ്രവിശ്യയിലാണ് പുത്തന്‍ ഖനി കണ്ടെത്തിയത്. സമീപത്തെ ജബല്‍ ഖദാറ, ബിര്‍ തവീല എന്നിവിടങ്ങളില്‍ 25 കിലോമീറ്റര്‍ ചുറ്റളവിലും പര്യവേഷണം നടക്കും. മൊത്തം 125 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്വര്‍ണഖനിയുള്ളത്. മന്‍ശൂറാ മസാറയില്‍ 2023ലെ കണക്കനുസരിച്ച് 70 ലക്ഷം ഔണ്‍സ് സ്വര്‍ണശേഖരമുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെനിന്ന് വര്‍ഷം 2.5 ലക്ഷം സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുമാകും. പുത്തന്‍ സ്വര്‍ണഖനിയില്‍ സാമ്പിള്‍ പരിശോധന നടത്തിയപ്പോള്‍ ഒരിടത്ത് നിന്ന് ടണ്ണിന് 10.4 ഗ്രാമും മറ്റൊരിടത്ത് നിന്ന് 20.6 ഗ്രാമും സ്വര്‍ണം വേര്‍തിരിച്ചെടുത്തിരുന്നു. അതായത്, വന്‍ സ്വര്‍ണശേഖരം തന്നെ ഇവിടങ്ങളിലുണ്ടെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.
◾ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ വെബ് വേര്‍ഷനിലും, മൊബൈല്‍ വേര്‍ഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. മൊബൈല്‍ വേര്‍ഷനെ അപേക്ഷിച്ച്, വെബ് വേര്‍ഷനില്‍ താരതമ്യേന ഫീച്ചറുകള്‍ കുറവാണ്. എന്നാല്‍, ഇത്തവണ വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വെബ് വേര്‍ഷനില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നല്‍കിയിരിക്കുന്നത്. ഫോട്ടോ, വീഡിയോ എന്നിവ അപ്ഡേറ്റായി ഷെയര്‍ ചെയ്ത് കഴിഞ്ഞാല്‍ പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റും പച്ച വളയം പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ടാപ്പ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുകള്‍ കാണാന്‍ സാധിക്കും. ഡെസ്‌ക്ടോപ്പുകളില്‍ വാട്സ്ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറാണിത്. സ്‌ക്രീനിന്റെ ഇടത് വശത്ത് മുകളിലായി കമ്മ്യൂണിറ്റിക്കും, ചാനലിനും ഇടയിലായാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാറ്റസ് പ്ലസ് ഐക്കണില്‍ ക്ലിക്ക് ചെയ്തും, പ്രൊഫൈല്‍ ചിത്രത്തിന് സമീപമുള്ള പ്ലസ് ഐക്കണില്‍ തന്നെ ടാപ്പ് ചെയ്തും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭിക്കുന്നതാണ്.
◾വേ ടു ഫിലിംസ് എന്റര്‍ടൈന്‍മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളില്‍ കെ.ഷെമീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മാസ് ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ ഷാറൂഖ് ഷമീര്‍, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്‍, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹരീഷ് എ.വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിന്‍ രാജുമാണ് നിര്‍വഹിക്കുന്നത്. യൂനസിയോ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സ് സ്വന്തമാക്കിയിരുന്നു. സുഹൈല്‍ സുല്‍ത്താന്റെ മനോഹരമായ വരികള്‍ സിത്താര കൃഷ്ണകുമാര്‍, ശ്രീജിഷ്, ശ്യാംഗോപാല്‍, ആനന്ദ് നാരായണന്‍, പി ജയലക്ഷ്മി തുടങ്ങിയവരും ആലപിച്ചിരിക്കുന്നു.
◾ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘രാസ്ത’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. വാര്‍മിന്നല്‍ എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അവിന്‍ മോഹന്‍ സിത്താരയാണ്. വിനീത് ശ്രീനിവാസനും മൃദുല വാര്യരുമാണ് പാടിയിരിക്കുന്നത്. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്‌റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റ് നിരവധി താരങ്ങളും ഈ ഇന്തോ- ഒമാന്‍ സംരംഭത്തില്‍ ഭാഗമാകുന്നുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാസ്ത. ഷാഹുല്‍, ഫായിസ് മടക്കര എന്നിവരാണ് രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ബി കെ ഹരിനാരായണന്‍, വേണുഗോപാല്‍ ആര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകര്‍. മസ്‌കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ രാസ്താ മലയാളത്തിന് പുറമെ അറബിയിലും അവതരിപ്പിക്കുന്നു. ജനുവരി അഞ്ചിന് ഡ്രീം ബിഗ് ചിത്രം തിയ്യറ്ററുകളിലെത്തിക്കും.
◾ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650നെ 2024 ജനുവരിയില്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തും. ഷീറ്റ് മെറ്റല്‍ ഗ്രേ, ഗ്രീന്‍ ഡ്രില്‍, സ്റ്റെന്‍സില്‍ വൈറ്റ്, പ്ലാസ്മ ബ്ലൂ എന്നീ നാല് വ്യത്യസ്ത നിറങ്ങളില്‍ ഷോട്ട്ഗണ്‍ 650 ലഭ്യമാകും. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650-നൊപ്പം പ്ലാറ്റ്‌ഫോം, എഞ്ചിന്‍, ഘടകങ്ങള്‍ എന്നിവ ഇത് പങ്കിടുന്നു. ബൈക്കിന്റെ ഹൃദയഭാഗത്ത് 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ ഉണ്ട്. ഇത് 47ബിഎച്പി കരുത്തും 52.3എന്‍എം ടോര്‍ക്കും നല്‍കുന്നു. സൂപ്പര്‍ മെറ്റിയര്‍ 650-ല്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഷോട്ട്ഗണിന് കൂടുതല്‍ നേരായ ഇരിപ്പിടം ഉണ്ട്. മറ്റൊരു മോഡലായ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450 അടുത്ത വര്‍ഷം ലോഞ്ച് ചെയ്യും. 17 ഇഞ്ച് ഫ്രണ്ട് ആന്‍ഡ് റിയര്‍ വീലുകളും ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനും ഉള്ള ഹണ്ടര്‍ 450 വേഗതയേറിയതും ചടുലവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, മിനിമല്‍ സൈഡ് പാനലുകള്‍, ആധുനിക എല്‍ഇഡി ഹെഡ്‌ലാമ്പും ടെയില്‍ലൈറ്റും ഉള്‍പ്പെടെയുള്ള ഒരു വ്യതിരിക്തമായ രൂപകല്‍പ്പനയെക്കുറിച്ച് സ്പൈ ചിത്രങ്ങള്‍ സൂചന നല്‍കുന്നു. 2024-ല്‍ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ 650ഉം നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റര്‍സെപ്റ്ററിന്റെ തെളിയിക്കപ്പെട്ട 650 സിസി എഞ്ചിനും പ്ലാറ്റ്‌ഫോമും ഉപയോഗിച്ച്, സ്‌ക്രാംബ്ലര്‍ 650-ല്‍ വയര്‍-സ്‌പോക്ക് റിമ്മുകളും പിറെല്ലി സ്‌കോര്‍പിയോണ്‍ റാലി എസ്ടിആര്‍ ഡ്യുവല്‍ പര്‍പ്പസ് ട്യൂബ് ടയറുകളും ഉള്‍പ്പെടുന്നു.
◾മീന്‍പിടുത്തക്കാരുടെ കടല്‍ ശരിക്കും വ്യത്യസ്തമാണ്. അവരുടെ കടലറിവുകള്‍ വായിച്ചറിവുകളല്ല – ജൈവമാണ്. കടല്‍ തങ്ങളുടെ ലോകബോധത്തെത്തന്നെ മാറ്റുന്ന ഒന്നാണ്. അവരുടെ ജീവിതദര്‍ശനത്തില്‍ തന്നെ കടലുണ്ട്. മലയാളത്തില്‍ ഈ ജൈവഗുണമുള്ള കടല്‍ഫിക്ഷന്‍ കാര്യമായിട്ടില്ലല്ലോ. ഇവിടെ അറുനൂറിലേറെ കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. പക്ഷേ, കടല്‍ ആ നിലയില്‍ സാഹിത്യത്തില്‍ ഇരമ്പുന്നില്ല. മലയുടെ അത്ര കടല്‍ മലയാളത്തില്‍ ഇല്ല ഈ വിള്ളലിലേക്ക് ഊക്കോടെ കയറിവന്നിരിക്കുന്ന കൃതിയാണ് സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍’. കടലിനെ, മീന്‍പിടുത്തത്തെ, മീന്‍പിടുത്തക്കാരുടെ വാഴ്വിനെ ഒളില്‍നിന്നുള്ള ഉറപ്പോടെ വീണ്ടും കണ്ടെത്താന്‍ ജന്മനാ കര്‍മ്മണാ സജ്ജനാണ് ഈ എഴുത്തുകാരന്‍. ആ മികവിന്റെ അരങ്ങാണ് ഈ ആഖ്യായിക. ‘പുള്ളിയന്‍’. ഡോ. സോമന്‍ കടലൂര്‍. ഡിസി ബുക്സ്. വില 275 രൂപ.
◾പുകവലിക്കാത്തവരിലും ശ്വാസകോശ അര്‍ബുദം വരാമെന്ന് ആരോഗ്യ വിദഗ്ധര്‍. പുകവലിക്കു പുറമേ റാഡോണ്‍ എന്ന റേഡിയോ ആക്ടീവ് ഗ്യാസുമായുള്ള സമ്പര്‍ക്കം, ശ്വാസകോശ അര്‍ബുദത്തിന്റെ കുടുംബചരിത്രം, ജനിതക വ്യതിയാനങ്ങള്‍, റേഡിയേഷന്‍, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസജീവിതശൈലി എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പുകവലിക്കുന്നവരുടെ സമീപത്തിരിക്കുന്നവരുടെ ഉള്ളിലേക്ക് വിഷപുക കടക്കുന്നത് മൂലം വരുന്ന സെക്കന്‍ഡറി ഹാന്‍ഡ് സ്‌മോക്കും ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ശ്വാസംമുട്ടല്‍, നിരന്തരമായ ചുമ, ചുമച്ച് കഫമോ രക്തമോ തുപ്പല്‍, ചിരിക്കുമ്പോഴോ, ആഴത്തില്‍ ശ്വാസം വലിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വരുന്ന നെഞ്ച് വേദന, വലിവ്, ക്ഷീണം, വിശപ്പില്ലായ്മ, ഭാരനഷ്ടം, വിട്ടുമാറാത്ത ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അര്‍ബുദം പടരുന്നതോടു കൂടി കഴുത്തിലും തോളെല്ലിലും മുഴകള്‍, എല്ലുകള്‍ക്കു വേദന, തലവേദന, തലകറക്കം, കൈകാല്‍ മരവിപ്പ്, മഞ്ഞപിത്തം, തോള്‍ വേദന, മുഖത്തിന്റെ ഒരു വശത്ത് വിയര്‍പ്പിന്റെ അഭാവം, തൂങ്ങിയ കണ്‍പോളകള്‍, ചുരുങ്ങിയ കൃഷ്ണമണികള്‍ എന്നിവ പോലുള്ള ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന പ്രമേഹം, ചുഴലി പോലുള്ള പ്രശ്‌നങ്ങളും രോഗി പ്രകടിപ്പിക്കാം. മുഴകള്‍ നീക്കാനുള്ള ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സ. ടാര്‍ജറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയും ചില രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം ഏത് ഘട്ടത്തിലാണെന്നതിനെയും രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും അടിസ്ഥാനമാക്കി ചികിത്സയില്‍ മാറ്റങ്ങള്‍ വരാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.16, പൗണ്ട് – 106.05, യൂറോ – 92.10, സ്വിസ് ഫ്രാങ്ക് – 98.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.82, ബഹറിന്‍ ദിനാര്‍ – 220.62, കുവൈത്ത് ദിനാര്‍ -270.59, ഒമാനി റിയാല്‍ – 215.98, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 62.80.