night news hd 25

 

മുസ്ലീംലീഗ് ജമ്മു കാഷ്മീരി (മസ്രത് ആലം)നെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി. ജമ്മു കാഷ്മീരിനെ പാക്കിസ്ഥാനിലേക്കു ലയിപ്പിക്കലാണ് സംഘടനയുടെ അജണ്ടയെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കേന്ദ്രം പറയുന്നു.

എല്‍ഡിഎഫിലുള്ള ജെഡിഎസ് കേരള ഘടകം എച്ച് ഡി ദേവഗൗഡയുമായും സികെ നാണുവുമായും സഹകരിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്നാല്‍ പാര്‍ട്ടി ചിഹ്നവും കൊടിയും എന്തായിരിക്കണമെന്നു തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോശ് വിശ്വം തുടരണമെന്നു സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മറ്റു പേരുകള്‍ ആരും നിര്‍ദ്ദേശിച്ചില്ല. നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്തനംതിട്ടാ ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെ നീക്കം ചെയ്തതമുമൂലം ആക്ടിംഗ് സെക്രട്ടറിയായിരുന്ന മുല്ലക്കര രത്‌നാകരന്‍ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സികെ ശശിധരനാണ് പകരം ചുമതല.

നിയുക്ത ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് ബി. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ അറിയിച്ചു. 29 നാണു സത്യപ്രതിജ്ഞ.

കൊച്ചിയില്‍ 13 വയസുള്ള മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനുമോഹന് ജീവപര്യന്തം തടവുശിക്ഷ. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകല്‍, ലഹരി നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം അഞ്ചു വകുപ്പുകളില്‍ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. 2021 മാര്‍ച്ച് 21 നാണ് മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛന്‍ പുഴയിലെറിഞ്ഞു കൊന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കുടുക്കി ഭയപ്പെടുത്താനാണു പോലീസിന്റെ ശ്രമമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരൊക്കെയാണ് തന്നെ സഹായിക്കുന്നതെന്നാണു പൊലീസ് ചോദിച്ചതെന്നു സ്വപ്‌ന പറഞ്ഞു. എം വി ഗോവിന്ദനെ ഒരു പരിചയവുമില്ല. ഗോവിന്ദനെതിരെ നേരിട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങളാണ് ഫേസ്ബുക്കില്‍ പറഞ്ഞത്. സ്വപ്‌ന പറഞ്ഞു.

തിരുവനന്തപുരത്ത് ഡിജിപിയുടെ ഓഫീസില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത ജനം ടിവി, ജന്മഭൂമി എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തിരുവനന്തപുരം മ്യൂസിയം പൊലിസ് നോട്ടീസ് നല്‍കി.

ശബരിമലയിലെ വരുമാനം കഴിഞ്ഞ തവണത്തെക്കാള്‍ 18 കോടിയിലേറെ രൂപ കൂടുതലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കില്‍ കുത്തക ലേല തുക കൂടി കൂട്ടിയപ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ വരുമാനം കൂടുതലാണ്. നാണയങ്ങള്‍ കൂടി എണ്ണുമ്പോള്‍ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വിവരിച്ചു.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോര്‍ട്ട് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍. ഷെഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു. കേസ് വിശദമായി അന്വേഷിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതോടെയാണു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഷഹാനയെ ആശുപത്രിയില്‍ പോലും ഭര്‍തൃമാതാവ് മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ക്രിസ്മസ് അടക്കമുള്ള ക്രിസ്ത്യന്‍ ആഘോഷങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്നു പ്രസംഗിച്ച സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസിക്കെതിരെ മന്ത്രി വി. അബ്ദുറഹ്‌മാന്‍. മതസൗഹാര്‍ദ്ദത്തിനെതിരേ പ്രസംഗിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്നും ന്യൂനപക്ഷ മന്ത്രികൂടിയായ വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

നാടക കലാകാരന്‍ ആലപ്പി ബെന്നി എന്ന ബെന്നി ഫെര്‍ണാണ്ടസ് അന്തരിച്ചു. 72 വയസായിരുന്നു. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായിരുന്നു.

പത്തനംതിട്ട പുത്തന്‍പീടികയില്‍ ആംബുലന്‍സ് കാറില്‍ ഇടിച്ച് കാറിലുണ്ടായിരുന്ന നാലു കന്യാസ്ത്രീകള്‍ക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനു തൊട്ട് മുമ്പ് മറ്റൊരു കാറിലും ആംബുലന്‍സ് ഇടിച്ചിരുന്നു.

തൃശൂര്‍ അരിയങ്ങാടിയിലെ കടയില്‍നിന്നു പട്ടാപ്പകല്‍ രണ്ടു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. കുമളി സ്വദേശി അലന്‍ തോമസ്, ഈരാറ്റുപേട്ട സ്വദേശികളായ അശ്വിന്‍, അമല്‍ ജോര്‍ജ് എന്നിവരാണ് പിടിയിലായത്. അരിയങ്ങാടിയിലെ പ്രിന്റിംഗ് സ്ഥാപനത്തിലെ ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തി ചായ കുടിക്കാന്‍ പോയപ്പോഴാണ് അകത്തുകയറി മോഷ്ടിച്ചത്.

ഗുസ്തി ഫെഡഫേഷനു താത്കാലിക ഭരണസമിതി. ഭൂപീന്ദര്‍ സിംഗ് ബജ്വയാണ് താത്കാലിക സമിതിയുടെ അധ്യക്ഷന്‍. ം.എം. സോമയ, മഞ്ജുഷ കന്‍വര്‍ എന്നിവരാണ് അംഗങ്ങള്‍. ഒളിമ്പിക് അസോസിയേഷനാണ് നിയമനം നടത്തിയത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *