◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ രണ്ടാം പതിപ്പ് ‘ഭാരത് ന്യായ് യാത്ര’ ജനുവരി 14 ന് ആരംഭിക്കും. മണിപ്പൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാര്‍ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാണു യാത്ര. ചില സ്ഥലങ്ങളില്‍ കാല്‍നടയായും സഞ്ചരിക്കും. 85 ജില്ലകളിലൂടെ 6200 കിലോമീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കളെ യാത്രയില്‍ പങ്കെടുപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
◾കൊച്ചിയില്‍ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധിയില്‍ വാദം ഉച്ചകഴിഞ്ഞു നടക്കും. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. 2021 മാര്‍ച്ച് 21 നാണ് പത്തുവയസുളള പെണ്‍കുട്ടിയെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയശേഷം അച്ഛന്‍ പുഴയിലെറിഞ്ഞു കൊന്നത്.
◾പാലക്കാട് നടുപ്പുണിയില്‍ അതിഥി തൊഴിലാളിയുടെ മൂന്നു വയസുള്ള കുഞ്ഞിനുനേരെ ലൈംഗികാതിക്രമം. വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അതിക്രമം. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലിനെയാണ് അറസ്റ്റു ചെയ്തത്. സ്വന്തമായി കാര്‍ ഉണ്ടായിട്ടും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചതിനു മൂന്നു ലക്ഷം രൂപ പിഴ ചുമത്തുന്നത് ഒഴിവാക്കാമെന്നു പറഞ്ഞാണു കൈക്കൂലി വാങ്ങിയത്. കൈക്കൂലിയായി ആവശ്യപ്പെട്ട 25,000 രൂപയില്‍ ആദ്യ ഗഡു നല്‍കുന്നതിനിടെയാണു പിടിയിലായത്.
◾തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രോഗിയായ കുഞ്ഞിനെ വളര്‍ത്താന്‍ പണമില്ലാത്തതിനാലാണു കൊന്നതെന്ന് സുരിത പറഞ്ഞെന്നു പോലീസ്.
◾ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഉച്ചയോടെ മണ്ഡലപൂജ പൂര്‍ത്തിയാക്കി. 451 പവന്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന കാണാന്‍ ഭക്തജനങ്ങള്‍ തിക്കിത്തിരക്കി. ഇന്നു രാത്രി 11 ന് നടയടയ്ക്കും. മകരവിളക്ക് ഉല്‍സവത്തിനായി 30 നു വീണ്ടും നട തുറക്കും. ജനുവരി 15 നാണു മകരവിളക്ക്.
◾
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾വനിതാ പോലീസ് ഉദ്യോഗസ്ഥയെ ദ്രോഹിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു സസ്പെന്‍ഷന്‍. കാക്കൂര്‍ പോലീസ് സ്റ്റേഷനിലെ സിഐ എം. സനല്‍രാജിനെയാണു സസ്പെന്‍ഡു ചെയ്തത്.
◾കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രീയ രീതിയിലാണെന്ന പരാതിയില്‍ വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍. കേന്ദ്ര- കേരള, കര്‍ണാടക സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്കാണു നോട്ടീസ് നല്‍കിയത്. കേന്ദ്ര സംഘം നാളെ കാസര്‍കോട് എത്തും. കര്‍ണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗ് നല്‍കിയ പരാതിയിലാണ് നടപടി.
◾തിരുവനന്തപുരം തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് 23 കാരി ഷഹന ആത്മഹത്യ ചെയ്തത് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടു പോയതിനു പിറകേയാണെന്നു പോലീസ്. വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍ വീട് ഷഹ്ന മന്‍സിലില്‍ ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകള്‍ ഷഹ്ന ഭര്‍തൃവീട്ടില്‍നിന്ന് പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.
◾
◾ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ പതിനയ്യായിരം സാന്താക്ലോസ് വേഷധാരികള്‍ നിരക്കുന്ന ബോണ്‍ നതാലെ കരോള്‍ ഘോഷയാത്ര ഇന്ന്. വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം.
◾രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും തിരുത്തിയില്ലെങ്കില്‍ 2024 ലും ബിജെപി അധികാരത്തിലെത്തുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
◾നടനും കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു. 53 വയസായിരുന്നു. ഇന്നലെ വൈകിട്ട് നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
◾ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ്പ്രസിഡന്റും മുസ്ലിയാം വീട്ടില്‍ ഡോ. എം.കെ ഹംസ സാഹിബ് നിര്യാതനായി. 78 വയസായിരുന്നു.
◾ക്രിസ്മസ് ആഘോഷത്തിനെന്ന പേരില്‍ റോഡിലിറങ്ങി ഗൂണ്ടാപിരിവു നടത്തുകയും പണം നല്‍കാതിരുന്ന യുവാവിനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മാന്നാര്‍ കുരട്ടിശേരി സ്വദേശികളായ പാലപ്പറമ്പില്‍ അര്‍ജുന്‍ (19), ചോറ്റാളപറമ്പില്‍ വിജയകിരണ്‍ (ശരവണന്‍ 19), വള്ളിവേലില്‍ അശ്വിന്‍ (18) എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കുളം മഴുപാവിളയില്‍ റെജി (33)യെ ആണ് മര്‍ദിച്ചത്.
◾റെയില്‍വേ ഗേറ്റ് കീപ്പറെ മര്‍ദ്ദിച്ച മൂന്നു പേര്‍ പിടിയില്‍. ചെങ്ങന്നൂര്‍ മഠത്തുംപടി റെയില്‍വേ ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂര്‍ അരുണാലയം വീട്ടില്‍ അഖില്‍ രാജിനെ മര്‍ദിച്ചതിനാണ് അറസ്റ്റു ചെയ്തത്. കവിയൂര്‍ മുറിയില്‍ സിനോ (21), ചെറുകുല്ലത്ത് വീട്ടില്‍ അക്ഷയ് (23), മാന്നാര്‍ തെക്കതില്‍ വീട്ടില്‍ അഭിജിത് (19) എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
◾ജല്‍ ജീവന്‍ മിഷനില്‍ പൈപ്പിടാന്‍ കണ്ണൂര്‍ കേളകത്ത് ആദിവാസി കോളനിയിലെ കുഴിമാടങ്ങള്‍ പൊളിച്ചുമാറ്റി. വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങള്‍ മാന്തി ജല അതോറിറ്റി കരാറുകാര്‍ പൈപ്പിട്ടത്.
◾കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ പള്ളിയില്‍ വിശ്വാസികള്‍ ഏറ്റുമുട്ടി. സിനഡ് കുര്‍ബാന നടത്താന്‍ ശ്രമിച്ച വൈദികനെ ഒരു കൂട്ടം വിശ്വാസികള്‍ എതിര്‍ത്തതോടെ മറുഭാഗവും രംഗത്തെത്തി. ഇതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.
◾10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് അഞ്ചുവര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ മനക്കൊടി പാടംവീട്ടില്‍ സന്ദീപ് എന്ന കണ്ണന്‍ (36) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ശിക്ഷിക്കപ്പെട്ടത്.
◾ഏഴുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 43 വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന വാടാനപ്പള്ളി ഇത്തിക്കാട്ട് വിനോദ് എന്ന ഉണ്ണിമോനെയാ (50 ) ണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.
◾പാറശ്ശാല പരശുവയ്ക്കല്‍ കുണ്ടുവിളയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന സംഘട്ടനത്തില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരെ പാറശ്ശാല പൊലീസ് അറസ്റ്റു ചെയ്തു. പരശുവയ്ക്കല്‍ തെക്കേ ആലംമ്പാറ കൊല്ലിയോട് വീട്ടില്‍ രാജേഷ് (39), മരംചുറ്റു കോളനിയില്‍ അക്ഷയ് (21), പഏറാത്ത് വീട്ടില്‍ സ്വരൂപ് (23) എന്നിവരാണു പിടിയിലായത്.
◾നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ ഹാജറായി ജാമ്യം എടുത്തു. 6.2 കോടി രൂപ വഞ്ചിച്ചെന്ന് ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയ കേസിലാണ് ലത ഹാജരായത്. രജനികാന്ത് നായകനായ ‘കൊച്ചടിയാന്‍’ നിര്‍മ്മിച്ച മീഡിയ വണ്‍ എന്റര്‍ടെയ്ന്‍മെന്റിലെ മുരളിക്ക് നല്‍കിയ വായ്പയ്ക്കു ജാമ്യക്കാരിയായത് ലത രജനികാന്ത് ആയിരുന്നു.
◾ചെന്നൈ എണ്ണൂരില്‍ അമോണിയം ചോര്‍ച്ച. കൊറോമന്‍ഡല്‍ എന്ന വളം നിര്‍മ്മാണ കമ്പനിയുടെ പൈപ്പുകളില്‍ നിന്നാണ് വാതകം ചോര്‍ന്നത്. അമോണിയ ശ്വസിച്ച മുപ്പതിലധികം പ്രദേശവാസികള്‍ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമോണിയം ചോര്‍ച്ച നിയന്ത്രിച്ചിട്ടുണ്ട്.
◾അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കരുതെന്നു കോണ്‍ഗ്രസിനോട് ഇന്ത്യ മുന്നണിയിലെ ഇതര പാര്‍ട്ടികള്‍. സിപിഎമ്മിനു പുറമേ, തൃണമൂല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ജെഡിയുവും ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സോണിയാഗാന്ധിയേയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയേയും രാമക്ഷേത്രം ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.
◾തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആറു മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.
◾അഞ്ചു ദിവസമായി ഭീകരാക്രമണം നടന്ന ജമ്മു കാഷ്മീരില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിരോധ മന്ത്രി സുരക്ഷ വിലയിരുത്തും. കരസേന മേധാവി മനോജ് പാണ്ഡെയും ഒപ്പമുണ്ട്.
◾ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ ബജ്രംഗ് പൂനിയയുടെ വസതിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി താരങ്ങളുമായി ഗുസ്തി കളിക്കുകയും ചെയ്തു. നീതിക്കുവേണ്ടി ഗുസ്തി താരങ്ങള്‍ ഗോദയില്‍നിന്നും തെരുവിലിറങ്ങേണ്ടി വന്നത് സമൂഹത്തിന് എന്തു സന്ദേശമാണു നല്‍കുന്നതെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു.
◾ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന പാകിസ്ഥാന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു യുവതി സ്ഥാനാര്‍ത്ഥിയാകുന്നു. ഡോ. സവീര പര്‍കാശ് ആണ് സ്ഥാനാര്‍ത്ഥി. തലസ്ഥാനമായ ഇസ്ലാമാബാദിനു സമീപത്തെ ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബുനര്‍ ജില്ലക്കാരിയായ ഡോ സവീര പര്‍കാശ് നാമനിര്‍ദ്ദേശം പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.
◾ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യ 245 ന് പുറത്ത്. 208 ന് 8 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 37 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ സാധിച്ചുള്ളൂ. 70 റണ്‍സെടുത്ത് ക്രീസില്‍ നിന്നിരുന്ന രാഹുല്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്ത് 101 റണ്‍സെടുത്ത് പുറത്തായതോടെയാണ് ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിന് തിരശ്ശീല വീണത്.
◾കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ പേയ്മെന്റ് ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. പരമാവധി 8 ലക്ഷം രൂപയാണ് ഗൂഗിള്‍ പേ ഇന്‍സ്റ്റന്റ് വായ്പ നല്‍കുന്നത്. എന്നാല്‍, ഈ വായ്പ എല്ലാവര്‍ക്കും ലഭിക്കുകയില്ല. വായ്പകള്‍ ലഭിക്കണമെങ്കില്‍ ഗൂഗിള്‍ പേ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് ഡിഎംഐ ഫിനാന്‍സുമായി സഹകരിച്ച് ഗൂഗിള്‍ പേ വായ്പ ലഭ്യമാക്കാന്‍ തുടങ്ങിയത്. ആപ്പ് മുഖാന്തരം മിനിറ്റുകള്‍ക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ നേടാവുന്നതാണ്. പാന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് വായ്പയ്ക്ക് അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്ന് ഡിഎംഐ ഫിനാന്‍സ് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറും, ക്രെഡിറ്റ് ഹിസ്റ്ററിയും പരിശോധിച്ച് വായ്പ അനുവദിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് 8 ലക്ഷം രൂപ വരെ വായ്പ നല്‍കുക. വിവിധ തിരിച്ചടവ് കാലാവധികളില്‍ വായ്പ ലഭിക്കും. അതുകൊണ്ടുതന്നെ, തിരിച്ചടവ് കാലാവധി അനുസരിച്ച് പലിശ നിരക്കിലും വ്യത്യാസം ഉണ്ടാകും. 18 മാസം, 12 മാസം, 6 മാസം എന്നിങ്ങനെയാണ് തിരിച്ചടവ് കാലാവധി. തുടക്കക്കാര്‍ക്ക് 10,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് പരമാവധി അപ്രൂവ്ഡ് വായ്പയായി ലഭിക്കുക. 40,000 രൂപ 18 മാസത്തെ ഇഎംഐ എടുക്കുകയാണെങ്കില്‍ 2,929 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക. മൊത്തം 52,722 രൂപ തിരിച്ചടക്കണം. അതായത്, 12,722 രൂപ പലിശയായി മാത്രം തിരിച്ചടയ്ക്കേണ്ടി വരും. കുറഞ്ഞ കാലാവധി തിരഞ്ഞെടുത്താല്‍ പ്രതിമാസ തിരിച്ചടവ് കൂടുന്നതാണ്. അതിനാല്‍, ഉയര്‍ന്ന കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
◾ക്രോം ബ്രൗസറില്‍ പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേഷന്‍. ഉപയോക്താവിന്റെ പാസ് വേര്‍ഡ് മറ്റെവിടെയെങ്കിലും ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടന്നാല്‍ ഉടന്‍ തന്നെ അലര്‍ട്ട് നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. സേഫ്റ്റി ചെക്ക് എന്ന പേരിലാണ് അപ്‌ഡേഷന്‍. സുരക്ഷാ പരിശോധന നടപടികള്‍ ഓട്ടോമാറ്റിക്കായി നിര്‍വഹിക്കുന്ന തരത്തിലാണ് അപ്‌ഡേഷന്‍. ഉപയോക്താവ് മാന്യുവല്‍ ആയി ചെയ്യുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ മറികടക്കുന്ന തരത്തിലാണ് ഫീച്ചര്‍. പാസ് വേര്‍ഡ് ആരെങ്കിലും നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ ഉപയോക്താവിനെ അറിയിക്കുന്ന തരത്തിലാണ് ഫീച്ചര്‍. സുരക്ഷാ ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലാണ് ക്രമീകരണം. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കുകയും ചെയ്യും. വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട ഡേറ്റകള്‍ ഓട്ടോമാറ്റിക്കായി നീക്കം ചെയ്ത് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
◾മോഹന്‍ലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. സംഘടനത്തിന് ഒരുങ്ങുന്ന രീതിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം. മലൈക്കോട്ടൈ വാലിബന്‍ റിലീസ് ജനുവരി 25നാണ്. വന്‍ ക്യാന്‍വസിലാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമ എത്തുക എന്ന് വ്യക്തമാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകര്‍ മലൈക്കോട്ടൈ വാലിബന് വന്‍ ഹൈപ്പ് നല്‍കുന്നത്. മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണ്. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയത് ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ആണ്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയില്ല. ‘നായകന്‍’, ‘ആമേന്‍’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ ലിജോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.
◾666 പ്രൊഡക്ഷന്‍സ്’ന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘സൂപ്പര്‍ സിന്ദഗി’യുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ഒരുക്കിയ കളര്‍ഫുള്‍ പോസ്റ്റര്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നു. വിന്റേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വിന്റേഷും പ്രജിത്ത് രാജ് ഈകെആര്‍ ഉം ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷങ്ങള്‍ ഒരുക്കിയത്. കണ്ണൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ചിത്രത്തില്‍ പാര്‍വതി നായര്‍, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റര്‍ മഹേന്ദ്രന്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നു. എല്‍ദൊ ഐസകാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം ലിജോ പോള്‍ നിര്‍വ്വഹിക്കും. സൂരജ് എസ് കുറുപ്പിന്റെതാണ് സംഗീതം. ‘ലാല്‍ ജോസ്’ എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പര്‍ സിന്ദഗി’.
◾ആഘോഷങ്ങള്‍ കളറാക്കാന്‍ പാര്‍ട്ടി ഓണ്‍ വീല്‍സ് കണ്‍സെപ്റ്റുമായി ബസ്. രാജസ്ഥാനിലാണ് ഈ പാര്‍ട്ടി ബസ് പുറത്തിറങ്ങിയത്. പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ബസില്‍ 23 ആളുകള്‍ക്ക് സഞ്ചരിക്കാം. ഒരു സ്ഥലത്ത് നിര്‍ത്തിയിട്ടോ അല്ലെങ്കില്‍ സഞ്ചരിച്ചുകൊണ്ടോ പാര്‍ട്ടി നടത്താന്‍ സാധിക്കുമെന്നാണ് ബസിന്റെ ഉടമ പറയുന്നത്. ലോഞ്ചു പോലുള്ള സോഫാ സീറ്റുകള്‍, ബെഡ് കൗച്ച്, ഡാന്‍സ് ഫ്ലോര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, കസ്റ്റം ലൈറ്റിങ്, മ്യൂസിക് സിസ്റ്റം, എല്‍ഇഡി ടിവി, ഡ്രസിങ് റൂ, ചെറിയ അടുക്കള, വാഷ് റൂം എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. ബര്‍ത്ത്ഡേ പാര്‍ട്ടികള്‍, ബാച്ചിലര്‍ പാര്‍ട്ടികള്‍, വെഡ്ഡിങ് പാര്‍ട്ടികള്‍, മൂവി സ്‌ക്രീനിങ്, ഔട്ട് സ്റ്റേഷന്‍ ടൂറിങ് തുടങ്ങി എന്തു തരം ആഘോഷങ്ങള്‍ക്കും ചേരുന്നതാണ് ബസ് എന്നാണ് പാര്‍ട്ടി ഓണ്‍ വീല്‍സ് കമ്പനി പറയുന്നത്.
◾മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത തെലുഗുനാട്ടിലെ ചെറുകഥകള്‍. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെഴുതപ്പെട്ട ഈ കഥകള്‍ സമകാലികാവസ്ഥയിലും പ്രാധാന്യമര്‍ഹിക്കുന്നു. മദ്ധ്യവര്‍ഗ്ഗജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കുന്ന ഒരുതുള്ളി വെളിച്ചം നമ്മുടെ ഉള്‍ക്കാഴ്ചയ്ക്ക് മിഴിവേകുന്നു. ഗോരന്തദീപമു എന്ന ചെറുകഥാസമാഹാരത്തിന്റെ പരിഭാഷ. ‘ഒരുതുള്ളി വെളിച്ചം’. മല്ലാപ്രഗഡ രാമറാവു. പരിഭാഷ – ഡോ. എല്‍.ആര്‍ സ്വാമി. മാതൃഭൂമി. വില 204 രൂപ.
◾കുതിര്‍ത്ത ബദാം കഴിക്കുന്നതു കൊണ്ടുള്ള 10 ഗുണങ്ങളറിയാം. ശരീരത്തിലെ ദഹനപ്രക്രിയ എളുപ്പമാക്കും. കുതിര്‍ക്കുമ്പോള്‍ ഫൈറ്റിക് ആസിഡ് നഷ്ടപ്പെടുകയും ബദാമിലെ പോഷകങ്ങളുടെ ജൈവ ലഭ്യത കൂടുകയും ചെയ്യും. ഫൈബര്‍, പ്രോട്ടീന്‍ എന്നയുടെ കലവറയാണ് ബദാം. കഴിച്ചാല്‍ ശേഷം വയറു നിറഞ്ഞ പോലെ തോന്നലുണ്ടാകും. ബദാമില്‍ അടങ്ങിയ ‘വിറ്റാമിന്‍ ഇ’ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കുതിര്‍ക്കുമ്പോള്‍ ബദാമിലെ വിറ്റാമിന്‍ ഇയുടെ ജൈവ ലഭ്യത കൂടുന്നു. ഇത് ശരീരം കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ മഗ്നീഷ്യം, രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. ദിവസവും കുതിര്‍ത്ത ബദാം കഴിക്കുന്നത് ചര്‍മ്മത്തെ ചെറുപ്പവും കൂടുതല്‍ തിളക്കവുമുള്ളതാക്കാന്‍ സഹായിക്കും. കുതിര്‍ത്ത ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. ചര്‍മ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ബദാമില്‍ അടങ്ങിയിട്ടുണ്ട്. കുതിര്‍ത്ത ബദാം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിന്റെ മികച്ച ഉറവിടമാണ്, ഇത് പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിനും സഹായിക്കുന്നു. കുതിര്‍ത്ത ബദാം ബി വിറ്റാമിനുകള്‍, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ ഊര്‍ജ്ജം വര്‍ധിപ്പിക്കുന്ന പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. ശരീരത്തിന് ഊര്‍ജം ഉല്‍പാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കുതിര്‍ത്ത ബദാം ദഹിക്കാന്‍ എളുപ്പമാണ്. ഇത് ഊര്‍ജ ഉല്‍പാദനത്തിന് കൂടുതല്‍ സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.33, പൗണ്ട് – 106.01, യൂറോ – 92.10, സ്വിസ് ഫ്രാങ്ക് – 97.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.94, ബഹറിന്‍ ദിനാര്‍ – 221.04, കുവൈത്ത് ദിനാര്‍ -271.10, ഒമാനി റിയാല്‍ – 216.46, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 63.14.