റിപ്പോര്‍ട്ട് അനുസരിച്ച്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 2024 എല്‍സിയുടെ ആദ്യഭാഗം ജര്‍മ്മനിയില്‍ വെറും അരമണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. ഈ ലോട്ടില്‍ ആകെ 1000 യൂണിറ്റ് കാറുകള്‍ ഉണ്ടായിരുന്നു. അവയെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ജര്‍മ്മനിയില്‍ നടന്ന 20-ാമത് ബുഷ് ടാക്സി മീറ്റിംഗില്‍ ടൊയോട്ട പുതിയ തലമുറ ലാന്‍ഡ് ക്രൂയിസര്‍ അനാച്ഛാദനം ചെയ്തത്. ടൊയോട്ടയുടെ പുതിയ തലമുറ ലാന്‍ഡ് ക്രൂയിസറിന്റെ ഔദ്യോഗിക ബുക്കിംഗ് ഡിസംബര്‍ 21ന് രാവിലെ എട്ടുമണിക്കാണ് ആരംഭിച്ചത്. ആദ്യഭാഗം മുഴുവന്‍ വിറ്റുതീര്‍ന്നതിനാല്‍ അരമണിക്കൂറിനകം കമ്പനിക്ക് ബുക്കിംഗ് അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ഈ കാര്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വെയിറ്റിംഗ് ലിസ്റ്റില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാം. ടൊയോട്ടയുടെ ഏറ്റവും പുതിയ ലാന്‍ഡ് ക്രൂയിസര്‍ ടിഎന്‍ജിഎ-എഫ് ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് പഴയ മോഡലിനെ അപേക്ഷിച്ച് 50 ശതമാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പില്‍, പുതിയ തലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 2.8 എല്‍ ടര്‍ബോ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ ലഭ്യമാണ്, അത് പരമാവധി 204 പിഎസ് പവര്‍ സൃഷ്ടിക്കുന്നു. ജര്‍മ്മന്‍ വിപണിയില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എക്സിക്യുട്ടീവ്, ടെക്, ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വില്‍ക്കുന്നത്.