ഡിജിപി ഓഫീസിലേക്കു കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം. കെപിസിസിയുടെ ആഹ്വാനമനുസരിച്ചാണ് വൈകുന്നേരം പന്തംകൊളുത്തി പ്രകടനം നടത്തിയത്.
കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കണമെന്ന് കോടതി. മര്‍ദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആലപ്പുഴ സൗത്ത് പൊലീസിനോട് കേസെടുക്കാന്‍ ഉത്തരവിട്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം.
ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലനെ തൃശൂരിലെ ഒല്ലൂരില്‍നിന്നു പിടികൂടി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനു കഴിഞ്ഞ ദിവസം പിഴ ഈടാക്കിയതിന്റെ വൈരാഗ്യത്തോടെയാണ് പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തതെന്നു പോലീസ് പറഞ്ഞു.
അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിനകത്തു കരിങ്കൊടി പ്രതിഷേധവുമായി ആര്‍വൈഎഫ് സംസ്ഥാന ഭാരവാഹികള്‍. നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മുഖ്യമന്ത്രി നവകേരള സദസ് ബസില്‍ കടന്നു പോകുന്ന വഴിയില്‍ തന്റെ വീടായ പുതുപ്പള്ളി ഹൗസിനു സമീപം കസേരയിലിരുന്നാണു പ്രതിഷേധിച്ചത്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും എത്തിയെങ്കിലും ചാണ്ടി ഉമ്മന്‍ വഴങ്ങിയില്ല. പോലീസ് അതിക്രമത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട ചാണ്ടി ഉമ്മന്‍ ആശുപത്രിയില്‍ ചികില്‍സതേടിയശേഷമാണ് ഒറ്റയാള്‍ പ്രതിഷേധവുമായി എത്തിയത്.
കോണ്‍ഗ്രസിന്റെ സമര വേദിയിലേക്ക് ഒരു പ്രകോപനവുമില്ലാതെ മനപൂര്‍വമാണു പോലീസ് കണ്ണീര്‍വാതക ഗ്രനേഡ് എറിയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തതെന്ന് രമേശ് ചെന്നിത്തല. വേദിയില്‍ പ്രസംഗിക്കാന്‍ ഊഴം കാത്തി ഇരുന്നിരുന്ന കെ. മുരളീധരന്‍ എംപിയും താനും താഴെ വീണു. കണ്ണു കാണാനാവാത്ത അവസ്ഥയായിരുന്നെന്നും ചെന്നിത്തല.
സംസ്ഥാനത്തിനു തടസമുണ്ടാക്കുന്ന കേന്ദ്ര നയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ പറയാനാണു നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവ കേരള സദസ്. പക്ഷെ ബിജെപിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതല്‍ ഏറ്റെടുത്തത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. നേമത്ത് നവകേരള സദസില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
നേമത്തും ശ്രീകാര്യത്തും നവകേരള സദസ് വേദിയിലേക്കു ബിജെപി, യുവമോര്‍ച്ച മാര്‍ച്ച്. കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞു. നേമത്ത് ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും കാടത്തവുമാണെന്ന് ശശി തരൂര്‍ എംപി. രാഷ്ട്രീയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണതെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. സമാധാനപരമായ റാലിക്കിടെ പോലീസ് നടത്തിയ ടിയര്‍ ഗ്യാസ് പ്രയോഗത്തിലും ജലപീരങ്കി പ്രയോഗത്തിലും പരിക്കേറ്റ നൂറില്‍പരം ആളുകളില്‍ ഒരാളാണു താനെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് പോലീസിനെക്കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ച സ്ഥിതിയാണിത്. വേദിയിലുണ്ടായിരുന്ന നേതാക്കള്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കമാണ്. പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സുഖമില്ലാത്ത സുധാകരന്‍ കല്ലേറിനും അടിപിടിക്കും വരണോ? കമ്പിവടികളും വാളുകളും കയ്യിലേന്തിയാണു കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയതെന്ന് ജയരാജന്‍ ആരോപിച്ചു.
വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ടു ദിവസത്തിനകം മെഡിക്കല്‍ കോളേജ് പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം നല്‍കും. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം പ്രഖ്യാപിച്ചിരിക്കെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.
ചാലക്കുടി എസ്‌ഐ അഫ്‌സലിനെ തെരുവു പട്ടിയെ പോലെ തല്ലി കൈകാലുകള്‍ ഒടിക്കുമെന്ന് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസന്‍ മുബാറകിന്റെ ഭീഷണി. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ പുല്ലാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ ചാലക്കുടിയില്‍ പ്രകടനം നടത്തി.
65 എല്‍എസ്ഡി സ്റ്റാമ്പുകളുമായി രണ്ടു യുവാക്കളെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വലിയകത്തു വീട്ടില്‍ നസറുദീന്‍ (28), എടവിലങ്ങ് കള്ളിക്കാട്ടു വീട്ടില്‍ നിബിന്‍ (28) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.
കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ കൂടി നല്‍കി. ഈ മാസം ഇതുവരെ 121 കോടി രൂപ അനുവദിച്ചെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
തിരുവനന്തപുരത്തെ കെഎസ്‌യു പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്കു നേരെ എറിഞ്ഞ ചീമുട്ടയും മുളകുപൊടിയും വിറ്റ വ്യാപാരികളെ പിടികൂടാന്‍ പൊലീസ്. കെഎസ്‌യു പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.
അട്ടപ്പാടിയിലെ വട്ടലക്കിയില്‍ കിണറില്‍ കാട്ടാന വീണു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് 15 വയസുള്ള കൊമ്പനെ രക്ഷപ്പെടുത്തി.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് മുതല്‍ സിനഡ് അംഗീകരിച്ച കുര്‍ബാന ചൊല്ലണമെന്ന് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്റെ കത്ത്. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ക്രിസ്മസിന് ഏകീകൃത കുര്‍ബാന ചൊല്ലുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും ഒരു വിഭാഗം വിമതര്‍ പറഞ്ഞു.
ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവനുസരിച്ച് എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് പേ ഓര്‍ഡര്‍ കൊടുത്തുതുടങ്ങി. ഏറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നടപടി.
ഗുജറാത്ത് തീരത്തിനടുത്ത് സൗദി അറേബ്യയില്‍നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന ഇസ്രയേലിന്റെ ചരക്കു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. കപ്പലില്‍ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായി. ആളപായത്തെക്കുറിച്ചു വിവരമില്ല.
ജമ്മു കാഷ്മീരില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്ന മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.