s9 yt cover

തലസ്ഥാനം യുദ്ധക്കളം. ഡിജിപി ഓഫീസിലേക്കു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്താനിരുന്ന മാര്‍ച്ചിലേക്കു പോലീസിന്റെ ടിയര്‍ഗ്യാസ് ഷെല്‍ ആക്രമണവും ജലപീരങ്കിയും പ്രയോഗവും. കെപിസിസി ആസ്ഥാനത്തു മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ വേദിയിലേക്ക് അടക്കമാണ് പോലീസ് ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചത്. പോലീസിനുനേരെ കല്ലേറുണ്ടായി. ദേഹാസ്വാസ്ഥ്യം മൂലം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി, ജെബി മേത്തര്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കൊടി കാണിച്ചവരെ പോലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മര്‍ദിച്ചതിലുള്ള പ്രതിഷേധമാണു പോലീസ് ഇങ്ങനെ തകര്‍ത്തത്. അക്രമങ്ങള്‍ നടത്താതെ പിരിഞ്ഞു പോകണമെന്ന് പ്രവര്‍ത്തരോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കെ.മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും ഇരുന്ന വേദിയിലേക്ക് പോലീസീനെക്കൊണ്ടു ഗ്രനേഡ് ആക്രമണം നടത്തിച്ചത് പിണറായി വിജയന്റെ വധശ്രമമാണെന്ന് കെപിസിസി. പിണറായി വീണ്ടും അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വേദിയിലേക്ക് ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ശക്തമായ സമരം തുടരുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിയമവാഴ്ച തകര്‍ത്തതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പൊലീസിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്നു ഡല്‍ഹിയില്‍ അദ്ദേഹം പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചു പോലീസ് വധശ്രമവുമായി താനടക്കമുള്ള എംപിമാര്‍ക്കെതിരേ അതിക്രമം നടത്തിയെന്ന് കെ. സുധാകരന്‍ എംപി ലോക്സഭാ സ്പീക്കര്‍ക്കു പരാതി നല്‍കി. എംപിമാരുടെ അവകാശലംഘനം ഉയര്‍ത്തിക്കാട്ടിയാണ് പരാതി. പൊലീസിലെ ഗുണ്ടകള്‍ അക്രമത്തിനു നേതൃത്വം നല്‍കിയത് മുകളില്‍നിന്നു നിര്‍ദേശമുള്ളതുകൊണ്ടാണ്. സുധാകരന്‍ പറഞ്ഞു.

കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും അടുത്തയാഴ്ചയോടെ മന്ത്രിമാരായി ചുമതലയേല്‍ക്കും. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ അന്തിമതീരുമാനവും പ്രഖ്യാപനവും നാളെ ഉണ്ടായേക്കും. 29 നു സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത്. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് നല്‍കുക. മുന്‍ ധാരണയനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് തേവര്‍കോവിലും മന്ത്രിസ്ഥാനം രാജിവയ്ക്കും.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതു ഗൂഡാലോചനയുണ്ടെന്നു പോലീസിനു ബോധ്യമായതുകൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഡാലോചന, ഗൂഡാലോചന തന്നെയാണ്. പൊലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്കു തെളിയിക്കാം. ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ട. ഡിജിപിയുടെ വസതിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സമരവും കുറുപ്പംപടിയില്‍ നവകരേള ബസിനുനേരെ ഷൂ എറിഞ്ഞതും റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പിണറായി വിജയന്‍ ഹിറ്റ്ലറുടെ പുനര്‍ജന്മമാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാന്‍ നോക്കുന്നു. ജനാധിപത്യത്തോട് ബാധ്യതയില്ല. പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ക്രമസമാധാനം തകര്‍ന്നുപോയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ക്രിസ്മസിന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോഴിക്കോട്ടേക്കു സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. പുലര്‍ച്ചെ 4:30ന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചകഴിഞ്ഞ് 3.20 ന് കോഴിക്കോട്ടെത്തും. സ്പെഷ്യല്‍ വന്ദേഭാരത് ടെയിന് പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പുകള്‍ ഉണ്ട്.

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയില്‍നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 26 ന് ശബരിമലയിലെത്തും. 27 നാണ് മണ്ഡലപൂജ.

ഡിജിപിയുടെ വീട്ടില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ മുരളീധരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗേറ്റ് തുറന്ന് സമരക്കാരെ അകത്തേക്കു കടത്തിവിട്ടതിനാണ് നടപടി. അകത്തു പ്രവേശിച്ച ഉടനേ അഞ്ചു വനിതകള്‍ മുദ്രാവാക്യം മുഴക്കി സമരം തുടങ്ങുകയായിരുന്നു. വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ സമരക്കാരെ നീക്കം ചെയ്യാന്‍ വൈകി.

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍നിന്ന് മറച്ചുവച്ചെന്ന് കേസ്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പത്തനാപുരം കോടതി ഫയലില്‍ സ്വീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാഴ്ചശേഷിയില്ലാത്ത ആളെ തടഞ്ഞതിനു പ്രത്യേക നടപടികളും ഉണ്ടാകും. ഗവര്‍ണര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറവൂരിനു പുറത്തുള്ള ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണെന്നു പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സതീശന്‍ താന്‍പ്രമാണിത്തത്തിന്റെ ആള്‍രൂപമാണെന്നും റിയാസ് പറഞ്ഞു.

ആറന്മുള പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോളേജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സ്റ്റേഷനില്‍ പ്രതിഷേധിച്ചത്.

സംസ്ഥാനത്ത് 266 പേര്‍ക്കുകൂടി കൊവിഡ്. രണ്ടു പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2872 ആയി.

സെറിബ്രല്‍ പാള്‍സി രോഗിയായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴി ആംബുലന്‍സ് കടന്നു പോകുന്നത്രയും വീതി കൂട്ടണമെന്ന ഹര്‍ജിയില്‍ പരിസരവാസികളുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനി എ എസ് സിനു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ക്രിസ്മസിനു പാതിരാ കുര്‍ബാനയുടെ സമയം നേരത്തെയാക്കി മാനന്തവാടി രൂപത. വന്യമൃഗ ശല്യം രൂക്ഷമായതിനാല്‍ രാത്രി പത്തിനു തീര്‍ക്കാവുന്ന വിധത്തില്‍ നാളെ രാത്രി എട്ടിനോ എട്ടരയ്ക്കോ കുര്‍ബാന നടത്തണമെന്നാണു നിര്‍ദേശം. മനുഷ്യനാണ് ആദ്യ പരിഗണനയെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. ക്രിസ്മസ് കരോള്‍ ഇന്ന് വൈകീട്ടായിരിക്കും നടത്തുക.

കറുകുറ്റിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലെ തീപിടുത്തതില്‍ കുടുങ്ങിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്.

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഭര്‍തൃ പീഡന പരാതിയുമായി യുവതിയും മകളും. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭര്‍തൃ വീട്ടിലെത്തി പ്രതിഷേധിച്ചു. ഭര്‍ത്താവ് മര്‍ദിച്ചെന്ന് ആരോപിച്ച് ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളും ആശുപത്രിയില്‍ ചികിത്സ തേടി. നായ്ക്കട്ടി സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഗുജറാത്തില്‍ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷംമുതല്‍ ഭഗവദ്ഗീത പാഠപുസ്തകമാക്കുന്നു. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറാക്കി പുറത്തിറക്കി.

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ചെയര്‍മാന്‍ എമിരറ്റസുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലെ 128.7 കോടി രൂപ മൂല്യമുള്ള 45 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചു. ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ടാണ് ഇതില്‍ 35 ലക്ഷം ഓഹരികളും സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 286 രൂപ വീതമാണ് ഇടപാട്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന തുക വിനിയോഗിക്കുക. ഇതിനു മുന്‍പ് 2021 ഫെബ്രുവരിയില്‍ 40 ലക്ഷം ഓഹരികളും ആ വര്‍ഷം ജൂണില്‍ 50 ലക്ഷം ഓഹരികളും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിറ്റഴിച്ചിരുന്നു. പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായം, ഭവനരഹിതര്‍ക്ക് വീട് വെക്കാന്‍ സഹായം, പാവപ്പെട്ട വനിതകള്‍ക്കുള്ള സഹായം എന്നീ രംഗങ്ങളിലാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. സംരംഭകത്വം പരിശീലന പരിപാടികളും ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ കീഴില്‍ കൊച്ചിയില്‍ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്ന പേരില്‍ അത്യാധുനിക പൊതുപാര്‍ക്കും ആരംഭിച്ചിട്ടുണ്ട്. നടപ്പു പാദത്തിന്റെ തുടക്കത്തില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ പ്രമോട്ടര്‍മാര്‍ക്ക് 55.62 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. വി-ഗാര്‍ഡ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് 4.54 കോടി ഓഹരികളുണ്ടായിരുന്നു. അതായത് മൊത്തം ഓഹരിയുടെ 10.47 ശതമാനം. പുതിയ ഓഹരി വില്‍പ്പനയ്ക്കു ശേഷം അദ്ദേഹത്തിന്റെ ഓഹരികളുടെ എണ്ണം 4.09 കോടിയായി. പ്രമോട്ടര്‍മാരുടെ മൊത്തം ഓഹരി വിഹിതം 54.8 ശതമാനമായും കുറഞ്ഞു.

ഹോണറിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ ഹോണര്‍ 90 ജിടി വിപണിയിലെത്തി. ചൈനീസ് വിപണിയിലാണ് ഹോണര്‍ 90 ജിടി ആദ്യമായി ലോഞ്ച് ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച ഹോണര്‍ 90 ജിടി ബഡ്ജറ്റില്‍ ഒതുങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്നതാണ്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി പാനലാണ് ഫോണിലുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക്ഒസ് 7.2 ആണ് പ്രധാന ആകര്‍ഷണം. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ ഒരുക്കിയിട്ടുള്ളത്. 50 മെഗാപിക്സല്‍ ഐഎംഎക്സ്800 സെന്‍സറാണ് മറ്റൊരു സവിശേഷത. 12 മെഗാപിക്സല്‍ എല്‍ഇഡി ഫ്ലാഷ് യൂണിറ്റുമുണ്ട്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 4 സ്റ്റോറേജ് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ സാധിക്കും. 12 ജിബി റാം പ്ലസ് 256 ജിബി, 12 ജിബി റാം പ്ലസ് 512 ജിബി, 16 ജിബി റാം പ്ലസ് 256 ജിബി, 24 ജിബി റാം പ്ലസ് 1 ടിബി എന്നിങ്ങനെയാണ് 4 വേരിയന്റുകള്‍. ഏകദേശം 2,599 യുവാന്‍ മുതലാണ് വില ആരംഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോഴേക്കും 30,000 രൂപ മുതല്‍ വില പ്രതീക്ഷിക്കാവുന്നതാണ്. ചൈനയില്‍ ഡിസംബര്‍ 26 മുതലാണ് ഹോണര്‍ 90 ജിടി സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന ആരംഭിക്കുക.

രാഹുല്‍ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാളയം’. പി സി. ചിരകരോട്ട് മൂവിസിന്റെ ബാനറില്‍ ഡോ. സൂരജ് ജോണ്‍ വര്‍ക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാലാ പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം സത്യചന്ദ്രന്‍ പൊയില്‍കാവ്, വിജിലേഷ് കുറുവാലൂര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ. സൂരജ് ജോണ്‍ വര്‍ക്കി എന്നിവരുടെ വരികള്‍ക്ക് സാദ്ദിഖ് പന്തലൂര്‍ സംഗീതം പകരുന്നു. ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍, നജിം അര്‍ഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ് ഗായകര്‍. ഫാമിലി ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായ പാളയം പി സി ജനുവരി 5 ന് വൈ സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

ശ്രീ മൂകാംബിക കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കുറിഞ്ഞി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. പ്രകാശ് വാടിക്കല്‍, ഡോ. ഷിബു ജയരാജ്, പ്രകാശ് ചെങ്ങല്‍, ശ്യാം കോഴിക്കോട്, അശ്വിന്‍ വാസുദേവ്, കെ കെ ചന്ദ്രന്‍ പുല്‍പ്പള്ളി, എല്‍ദോ, ലൗജേഷ്, സുരേഷ്, മനോജ്, രചന രവി, കുള്ളിയമ്മ, ആവണി ആവൂസ്, വിനീതാ ദാസ്, ലേഖ നായര്‍, ലിസി ബത്തേരി, രാഖി അനു, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വേര് ശില്‍പം നിര്‍മ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചുപോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവര്‍ ബന്ധം പുലര്‍ത്തുന്ന മറ്റ് പൊതുവിഭാഗങ്ങളുടെയും ജീവിത മുഹൂര്‍ത്തങ്ങള്‍, ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ നല്ലൊരു കാടകത്തിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് കുറിഞ്ഞി. സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങള്‍ ഗോത്ര സമൂഹത്തില്‍ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഗോത്ര ഗായിക അനിഷിത വാസു ഇതില്‍ ഗായികയായും കഥാപാത്രമായുമെത്തുന്നു. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.

ഭാരത് ക്രാഷ് ടെസ്റ്റില്‍ ടാറ്റ വാഹനങ്ങള്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കിയ വിവരം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 32 ല്‍ 30.08 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.54 പോയിന്റും ഇരുവാഹനങ്ങളും കരസ്ഥമാക്കി. സൈഡ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 16 പോയിന്റും ഫ്രണ്ടല്‍ ഓഫ് സെറ്റ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 14.08 പോയിന്റ് ടാറ്റ വാഹനങ്ങള്‍ കരസ്ഥമാക്കി. ഡിസംബര്‍ 2023 ല്‍ നിര്‍മിച്ച ആറ് എയര്‍ബാഗുകളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഹാരിയര്‍ മാനുവല്‍, ഓട്ടമാറ്റിക് മോഡലുകള്‍ക്കും സഫാരി മാനുവല്‍, ഓട്ടമാറ്റിക് വകഭേദങ്ങള്‍ക്കും റേറ്റിങ് ബാധകമാണെന്നാണ് ബിഎന്‍സിഎപി അറിയിക്കുന്നത്. ടെസ്റ്റില്‍ 2 വാഹനങ്ങളും ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണമാണ് നല്‍കിയത്. ചെസ്റ്റിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വാഹനം സൈഡ് ഇംപാക്ടില്‍ കര്‍ട്ടന്‍ എയര്‍ബാഗുകളുടെ സുരക്ഷ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ടാറ്റ ഹാരിയറിന്റെ വില 15.49 ലക്ഷം രൂപ മുതലും സഫാരിയുടെ വില 16.19 ലക്ഷം രൂപ മുതലും ആരംഭിക്കുന്നത്. ബിഎസ് 6.2 എന്‍ജിനാണ് ഇരു വാഹനങ്ങളിലും. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കുന്ന 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. ഇക്കോ, സിറ്റി, സ്പോര്‍ട്സ് ഡ്രൈവ് മോഡുകളും നോര്‍മല്‍, വെറ്റ്, റഫ് ടെറൈന്‍ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സുകള്‍.

കഴിഞ്ഞ അമ്പതു വര്‍ഷത്തുനുള്ളില്‍ മലയാളത്തില്‍ എഴുത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ജാഗ്രത പാലിച്ച ചില പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖമാണ് ടി എം രാമചന്ദ്രന്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ‘സാഹിത്യം ഉടലുരുയുന്നു’. ടി.എം രാമചന്ദ്രന്‍. ഐ ബുക്സ്. വില 503 രൂപ.

ശരീരത്തിന്റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിര്‍വീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാന്‍ക്രിയാസ് ആണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ലിപിഡുകള്‍ തുടങ്ങിയവ ദഹിപ്പിക്കാനും പാന്‍ക്രിയാസ് സഹായിക്കുന്നു. പാന്‍ക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും. മഞ്ഞള്‍, വെളുത്തുള്ളി, ചീര, ബ്രക്കോളി, ചുവന്ന മുന്തിരി, മധുരക്കിഴങ്ങ്, പനിക്കൂര്‍ക്ക എന്നിവയാണ് ഈ ഏഴ് സുപ്രധാന വിഭവങ്ങള്‍. പാന്‍ക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉല്‍പാദനം ഊര്‍ജ്ജിതപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. പ്രകൃതിദത്ത ആന്റിബയോട്ടിക്കായ വെളുത്തുള്ളി തേന്‍, ഉള്ളി, ഉലുവ പോലുള്ള മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം ഉപയോഗിച്ചാല്‍ ഇതിന്റെ ഗുണം അധികരിക്കുന്നു. പാന്‍ക്രിയാസ് ഉള്‍പ്പെടെയുള്ള അവയവങ്ങളിലെ കോശങ്ങളെ റിപ്പയര്‍ ചെയ്യുക വഴി പ്രതിരോധ ശക്തിയും വെളുത്തുള്ളി വര്‍ധിപ്പിക്കുന്നു. വൈറ്റമിന്‍ ബിയും അയണും അടങ്ങിയ ചീര പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയണ്‍ പാന്‍ക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്പോള്‍ ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു. ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, കേയ്ല്‍ പോലുള്ള പച്ചക്കറികളിലും അര്‍ബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ഇത് പാന്‍ക്രിയാസ് അര്‍ബുദത്തെ തടഞ്ഞ് ഗ്രന്ഥിയെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ് വെരാറ്റോള്‍ അതിശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണ്. ഇവയും പാന്‍ക്രിയാസിന്റെ നീര്‍ക്കെട്ടിനെയും അണുബാധയെയും തടയുകയും അര്‍ബുദസാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പനികൂര്‍ക്ക, അയമോദകം തുടങ്ങിയവയും പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.34, പൗണ്ട് – 105.80, യൂറോ – 91.90, സ്വിസ് ഫ്രാങ്ക് – 97.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.68, ബഹറിന്‍ ദിനാര്‍ – 221.10, കുവൈത്ത് ദിനാര്‍ -271.32, ഒമാനി റിയാല്‍ – 216.48, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 62.67.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *