ആഗോളതലത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ വാട്‌സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് വാട്‌സ്ആപ്പ് പുറത്തിറക്കിയ അഡ്വാന്‍സ്ഡ് ഫീച്ചറുകളില്‍ ഒന്നാണ് ചാനല്‍. ഓരോ ദിവസം കഴിയുംതോറും ചാനലില്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ വാട്‌സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനല്‍ ഉപഭോക്താക്കള്‍ക്കായി ഓട്ടോമാറ്റിക് ആല്‍ബം ഫീച്ചര്‍ വികസിപ്പിക്കുകയാണ് കമ്പനി. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക് ആല്‍ബം ഫീച്ചര്‍ എത്തിയിട്ടുണ്ട്. ചാനല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലാണ് ഈ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചാനലില്‍ അഡ്മിന്മാര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഓട്ടോമാറ്റിക്കായി ഓര്‍ഗനൈസ് ചെയ്ത് ഒരൊറ്റ ആല്‍ബമാക്കി മാറ്റുന്ന തരത്തിലാണ് പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഇതോടെ, ഓട്ടോമാറ്റിക് ആല്‍ബത്തില്‍ ടാപ്പ് ചെയ്യുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ കളക്ഷനും ഒറ്റയടിക്ക് കാണാനാകും. വാട്‌സ്ആപ്പ് ചാനലുകള്‍ക്ക് കൂടുതല്‍ ദൃശ്യഭംഗി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നല്‍കിയിരിക്കുന്നത്. ഉടന്‍ വൈകാതെ മുഴുവന്‍ ഉപഭോക്താക്കളിലേക്കും ഓട്ടോമാറ്റിക് ആല്‍ബം ഫീച്ചര്‍ എത്തിക്കാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. പുതിയ അപ്‌ഡേറ്റ് എന്ന നിലയിലാണ് മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകുക.