ഗള്‍ഫ് മേഖലയും ആഫ്രിക്കയും ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക മേഖലയില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇസ്രായേലില്‍. 100 കോടി ഡോളറിനുമേല്‍ (8,300 കോടി രൂപ) ആസ്തിയുള്ള 26 പേരാണ് ഇസ്രായേലിലുള്ളത്. 17 പേരുമായി യു.എ.ഇയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള സൗദി അറേബ്യയില്‍ 6 പേരുണ്ട്. യു.ബി.എസ് ബില്യണയര്‍ അംബീഷ്യസ് റിപ്പോര്‍ട്ട്-2023ലേതാണ് ഈ കണക്കുകള്‍. ദക്ഷിണാഫ്രിക്കയാണ് 5 പേരുമായി നാലാംസ്ഥാനത്ത്. ഈജിപ്റ്റ് (4), നൈജീരിയ (3), ലെബനന് (2) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ആകെ 63 ശതകോടീശ്വരന്മാരാണ് എം.ഇ.എ മേഖലയിലുള്ളതെന്നും ഈ വര്‍ഷം 9 പേര് പുതുതായി ഇടംപിടിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം മറ്റ് രാജ്യങ്ങളില്‍ നിന്ന് 5 ശതകോടീശ്വരന്മാര് യു.എ.ഇയിലേക്ക് ചുവടുമാറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, റീറ്റെയ്ല്‍ മേഖലകളുടെ മികച്ച വളര്‍ച്ചയുടെ കരുത്തില്‍ നിരവധി അതിസമ്പന്ന വ്യക്തികളുടെ ആസ്തി വര്‍ധിച്ചു. ഇതുവഴി രണ്ടുപേര്‍ പുതുതായി ശതകോടീശ്വരപ്പട്ടികയിലും ഇടംപിടിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യു.കെയില്‍ നിന്ന് മാത്രം 1,500 ഡോളര്‍ ലക്ഷാധിപതികളാണ് യു.എ.ഇയിലേക്ക് താമസം മാറ്റിയത്.