ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതില്‍ രക്തത്തിലെയും കോശങ്ങളിലെയും വിവിധ ലവണങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. അവയിലെ അളവില്‍ വരുന്ന ഏതുതരം വ്യത്യാസങ്ങളും തലച്ചോറുള്‍പ്പെടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിലെ ലവണങ്ങളില്‍ ഏറ്റവും പ്രധാനം സോഡിയമാണ്, വ്യതിയാനങ്ങള്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായും ഉണ്ടാകാറുള്ളതും ഇതുമൂലമാണ്. രക്തസമ്മര്‍ദം ശരിയായി ക്രമീകരിക്കുന്നതിലും തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സോഡിയത്തിന്റെ അളവ് ഒരു നിശ്ചിത നിലയില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍, പ്രത്യേകിച്ചും സോഡിയം കുറയുന്നത്, കോശങ്ങളില്‍ കൂടുതലായി ജലാംശം വര്‍ധിച്ച് വീര്‍ക്കുന്നതിനും അതുമൂലം അവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നു. തലച്ചോറിലെ കോശങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഓക്കാനം, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, പേശിേവദന, പേശികള്‍ കോച്ചിപ്പിടിക്കുക, ബോധനിലയിലുള്ള വ്യത്യാസം, പരസ്പരബന്ധമില്ലാത്ത സംസാരം, അപസ്മാരം, ബോധക്ഷയം, പൂര്‍ണമായ അബോധാവസ്ഥ, ഓര്‍മക്കുറവും നടക്കുന്നതിനുള്ള ബുദ്ധിമുട്ടും ലക്ഷണങ്ങളായി കാണാറുണ്ട്. സാധാരണയായി വളരെ സാവധാനമാണ് സോഡിയത്തിന്റെ അളവ് കുറയാറുള്ളത്. എന്നാല്‍, അപൂര്‍വമായി, ഗുരുതരമായ രോഗബാധയോടൊപ്പം വളരെ വേഗത്തില്‍ സോഡിയം കുറയുന്നത് മറ്റു ലക്ഷണങ്ങളില്ലാതെ അപസ്മാരവും ബോധക്ഷയവും ഉണ്ടാകുന്നതിനും മരണത്തിനും ഇടയാക്കും. പ്രായമായവരിലാണ് സോഡിയം കുറയുന്നതിനുള്ള സാധ്യത കൂടുതല്‍.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan