കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ റെജിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. റെജി താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകളുണ്ടെന്ന് ആറു വയസുകാരി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റേയും രേഖാചിത്രം തയാറാക്കി പുറത്തുവിട്ടു. ആശുപത്രി വിട്ട പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ച് മൊഴിയെടുക്കും. പൊലീസ് കാവലോടെയാണ് കുടുംബത്തിന്റെ യാത്ര.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ നാളെ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കും. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചതാണിക്കാര്യം. കോളേജുകളിലെ അദ്ധ്യയനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളില്‍നിന്നു വിട്ടു നില്‍ക്കും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടരും. ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്നു മാസത്തേക്ക് അവധി വേണമെന്ന അപേക്ഷയില്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തില്ല. തീരുമാനം ദേശീയ നേതൃത്വത്തിനു വിടാന്‍ യോഗം തീരുമാനിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിയമലംഘനവും സ്വജനപക്ഷപാതവും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അവിഹിത നിയമനത്തിന് ചുക്കാന്‍പിടിച്ച മുഖ്യമന്ത്രിക്കു തുടരാന്‍ ധാര്‍മികാവകാശമില്ല. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ ഗവര്‍ണറും ഗുരുതരമായ വീഴ്ച വരുത്തി. സുധാകരന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലുണ്ടായതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരവും സമ്മര്‍ദ്ദപ്രകാരവും കൈക്കൊണ്ട നടപടിക്കാണ് തിരിച്ചടി. അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോയെന്ന് സിപിഎം തീരുമാനിക്കട്ടെ. അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന കേസില്‍ നിയമനം നല്‍കിയ ഗവര്‍ണര്‍ തന്നെയാണ് നിയമനത്തിനെതിരെ തെളിവും സാക്ഷി മൊഴിയും നല്‍കിയതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണര്‍ നല്‍കിയത് കള്ളമൊഴിയാണ്. ബാഹ്യ സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. ജയരാജന്‍ പറഞ്ഞു.
നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാര്‍. ഇലക്ഷന്‍ വരുമ്പോള്‍ എല്ലാ പാര്‍ട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും. ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നപ്പോള്‍ പതിനായിരങ്ങള്‍ വന്നിരുന്നു. ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി.
സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ നീക്കി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനമെടുത്തത്. മുല്ലക്കര രത്‌നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ നാലംഗ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.
കെഎസ്ആര്‍ടിസിയില്‍ നാല് ജനറല്‍ മാനേജര്‍ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസര്‍മാരെ നിയമിച്ചു. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശയനുസരിച്ചാണ് എന്‍ജിനീയറിംഗ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസര്‍മാരെ നിയമിച്ചത്. മലപ്പുറം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ്. സരിന്‍, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷോ ബെനെറ്റ് ജോണ്‍, ജിഎസ്ടി ഇടുക്കി ഓഫീസിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. രാരാരാജ്, കണ്ണൂര്‍ ഇറിഗേഷന്‍ പ്രോജക്ടിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് റോഷ്‌ന അലിക്കുഞ്ഞ് എന്നിവരെയാണ് നിയമിച്ചത്.
തന്റെ കണ്ണില്‍ അബദ്ധത്തില്‍ കൈ തട്ടിയ എന്‍സിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വര്‍ എംഎല്‍എയുടെ വസതിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ എന്‍സിസി കേഡറ്റ് ജിന്റോ കണ്ടത്. ‘അബദ്ധത്തില്‍ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ എന്നു പറഞ്ഞ് പേന സമ്മാനിച്ചാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയാക്കിയത്. മഞ്ചേരി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിന്റോ.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് 13 കോടി രൂപ ശനിയാഴ്ച മുതല്‍ നല്‍കും. അഞ്ചു ലക്ഷത്തിലേറെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് ഡിസംബര്‍ 11 മുതല്‍ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നല്‍കും. അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാം. ചെറുകിട സ്ഥിര നിക്ഷേപകര്‍ക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിന്‍വലിക്കാമെന്നും കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു.
തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം ലത്തീന്‍ രൂപത മെത്രാനായി റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി മെയ് ഒന്നിന് വിരമിച്ച ഒഴിവിലേക്കാണു നിയമനം.
ഇസ്രയേല്‍ സ്വദേശിനിയെ കഴുത്തറുത്തു കൊന്ന് സുഹൃത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) കൊല്ലപ്പെട്ടത്. സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ആത്മഹത്യക്കു ശ്രമിച്ച സുഹൃത്ത് കൃഷ്ണചന്ദ്രനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉരുക്കിയ 244 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട്ടേക്കു പോകുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായി.
എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ ബിനോയ് (52), മിഥുന്‍ മോഹന്‍ (33), തൃശൂര്‍ ചേറൂര്‍ സ്വദേശി വിനീഷ് കുമാര്‍ (45) എന്നിവരെയാണ് പിടികൂടിയത്.
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും വലതു തോളിനും ക്ഷതമേറ്റിരുന്നു.
മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ച നഴ്‌സിംഗ് ഓഫീസര്‍ പി ബി അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം. സ്ഥലം മാറ്റിയത് തന്നോടുള്ള ക്രൂരതയാണെന്നും നടപടിക്കെതിരെ പോരാടുമെന്നും അതിജീവിത പ്രതികരിച്ചു.
ഓട്ടിസം രോഗബാധിതനായ മകനെ അമ്മ കൊലപ്പെടുത്തിയതാണെന്നു റിപ്പോര്‍ട്ട്. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടിലെ ശോഭയാണ് മകന്‍ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ബെഡ് റൂമില്‍ തീയിട്ട ശോഭ (63) യുടെ ആരോഗ്യനില ഗുരുതരമാണ്. ശോഭയുടെ ഭര്‍ത്താവ് നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു.
തെക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിനെ കൂടുതല്‍ ശക്തമായി കെട്ടിപ്പടുക്കാന്‍ നീക്കം. ഇതിനായി ഡിസംബര്‍ 12 ന് ബ്രിഡ്ജിംഗ് സൗത്ത് എന്ന പേരില്‍ ഡല്‍ഹിയില്‍ കോണ്‍ക്ലേവ് നടത്തും. കേന്ദ്ര മന്ത്രിമാരും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരിപാടിയില്‍ പങ്കെടുക്കും.
വ്യാജ നോട്ട് കേസിലും മണിചെയിന്‍ മോഡല്‍ തട്ടിപ്പ് കേസിലും സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി അതീജ് മൗര്യ (41)ആണ് സരോജിനി നഗര്‍ പൊലീസിന്റെ പിടിയിലായത്. പുതുവത്സരം ആഘോഷിക്കാനായി രണ്ടാം ഭാര്യയുമൊത്ത് വിദേശത്തേക്ക് പറക്കാനിരിക്കെയാണ് പിടിയിലായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക്കിസ്ഥാനി നസറുല്ലയെ വിവാഹം ചെയ്തശേഷം കഴിഞ്ഞ ദിവസം അഞ്ജു എന്ന മുപ്പത്തഞ്ചുകാരി തിരിച്ചെത്തിയത് വിവാഹ മോചനത്തിനും 15 കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാനുമാണെന്ന് അന്വേഷണ ഏജന്‍സികള്‍. വാഗ- അട്ടാരി അതിര്‍ത്തി വഴി എത്തിയ അഞ്ജുവിനെ വിശദമായി അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിരുന്നു.
നേപ്പാളില്‍ ആദ്യത്തെ സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്തു. സൗത്ത് ഏഷ്യയിലെ ആദ്യ സ്വവര്‍ഗവിവാഹമാണിത്. പടിഞ്ഞാറന്‍ ലുംജംഗ് ജില്ലയിലാണ് മായ ഗുരുങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവര്‍ തമ്മില്‍ വിവാഹിതരായത്.
റഷ്യന്‍ മോഡലും 15കാരിയായ മകളും വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍. തുര്‍ക്കിയിലെ ബോഡ്രമിലെ റിസോര്‍ട്ടിനു സമീപം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് 42 കാരിയായ ഐറിന ഡ്വിസോവയുടെയും 15 കാരിയായ മകള്‍ ഡയാനയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.